ഇസ്രയേലിനെ നരകത്തിൽ തള്ളുമെന്ന ഭീഷണിയുമായി ഇറാൻ

ഇറാന്‍റെ സുരക്ഷ ഇറാഖിന്‍റെ സുരക്ഷയാണ് എന്ന് ഇറാഖി ദേശീയ സുരക്ഷാ ഉപദേഷ്ടാവ് ഖാസിം അൽ അരാജി
IRGC chief Mohammad Pakpour meets Iraqi National Security Adviser Qasim al‑Araji in Tehran, Oct. 21.

ഒക്ടോബർ 21 ന് ടെഹ്‌റാനിൽ വെച്ച് ഐആർജിസി മേധാവി മുഹമ്മദ് പക്പൂർ ഇറാഖി ദേശീയ സുരക്ഷാ ഉപദേഷ്ടാവ് ഖാസിം അൽ-അരാജിയുമായി നടത്തിയ കൂടിക്കാഴ്ചയിൽ നിന്ന് 

Iranian state television

Updated on

ടെഹ്റാൻ : തങ്ങളുടെ മിസൈൽ ശക്തി കുറഞ്ഞിട്ടില്ലെന്നും ഭാവിയിലെ ഏതൊരു ആക്രമണത്തിനും നിർണായകമായ മറുപടി നൽകാൻ രാജ്യം സുസജ്ജമാണെന്നും ഇറാന്‍റെ ഇസ്ലാമിക് റവല്യൂഷൻ ഗാർഡ് കോർപ്സ് (IRGC) മേധാവി മേജർ ജനറൽ മുഹമ്മദ് പക്പൂർ. ടെഹ്റാനിൽ വച്ച് ഇറാഖിന്‍റെ ദേശീയ സുരക്ഷാ ഉപദേഷ്ടാവ് ഖാസിം അൽ-അരാജിയും അദ്ദേഹത്തിന്‍റെ പ്രതിനിധി സംഘവുമായി നടത്തിയ കൂടിക്കാഴ്ചയിലാണ് പക്പൂർ ഈ പ്രഖ്യാപനം നടത്തിയത്.

"ഇന്ന് നമ്മൾ ഏറ്റവും ഉയർന്ന സന്നദ്ധതയിലാണ്, ആരെങ്കിലും നമ്മുടെ രാജ്യത്തെ ആക്രമിക്കാൻ തുനിഞ്ഞാൽ, നമ്മുടെ പ്രതികരണം തീർച്ചയായും 12 ദിവസത്തെ യുദ്ധത്തേക്കാൾ ശക്തമായിരിക്കും, ഞങ്ങൾ അവരെ അവർക്ക് മറക്കാൻ കഴിയാത്ത ഒരു നരകമാക്കി മാറ്റും." എന്നായിരുന്നു ഇസ്രയേലിനെതിരെ പക്പൂറിന്‍റെ ഭീഷണി.

പ്രാദേശിക സുരക്ഷ, ഉഭയകക്ഷി സഹകരണം, ഇറാൻ-ഇറാഖ് സുരക്ഷാ കരാറുകൾ നടപ്പിലാക്കാനുള്ള ശ്രമങ്ങൾ എന്നിവ ചർച്ച ചെയ്യുകയായിരുന്നു ഇരുപക്ഷവും. ഇറാന്‍റെ സുരക്ഷ ഇറാഖിന്‍റെ സുരക്ഷയാണ് എന്ന് അൽ അരാജി ഈ ഉഭയകക്ഷി ചർച്ചയിൽ വ്യക്തമാക്കി.

ഇറാൻ-ഇറാഖ് റെയിൽ പദ്ധതി

ടെഹ്റാൻ-ബാഗ്ദാദ് ബന്ധം വികസിപ്പിക്കുന്നത് ഇസ്ലാമിക രാജ്യങ്ങൾക്കിടയിൽ ഐക്യം വളർത്തുകയും ഉഭയകക്ഷി ബന്ധങ്ങൾ ശക്തിപ്പെടുത്തുകയും ചെയ്യുമെന്ന് ഇറാൻ പ്രസിഡന്‍റ് മസൂദ് പെസെഷ്കിയാൻ പറഞ്ഞു. മുസ്ലിം രാജ്യങ്ങൾക്കിടയിൽ ഐക്യദാർഢ്യം നിലനിൽക്കുമ്പോൾ യുഎസിന്‍റെയും സയണിസ്റ്റ് ഭരണകൂടത്തിന്‍റെയും ഗൂഢാലോചനകൾ പരാജയപ്പെടുമെന്നും പെസെഷ്കിയാൻ പറഞ്ഞു.

നിലവിൽ പുരോഗമിക്കുന്ന ഇറാൻ-ഇറാഖ് റെയിൽവേ പദ്ധതി ഈ ഐക്യത്തിന്‍റെ ഒരു പ്രധാന മുൻഗണനയായിട്ടാണ് ഇറാൻ പ്രസിഡന്‍റ് ഉയർത്തിക്കാട്ടിയത്. ടെഹ്റാൻ-ബാഗ്ദാദ് ബന്ധം വർധിപ്പിക്കുന്നതിലും പ്രാദേശിക സമ്പദ് വ്യവസ്ഥകളെ ബന്ധിപ്പിക്കുന്നതിലും ഈ റെയിൽവേ പൂർത്തിയാകുന്നതോടെ സഹായിക്കുമെന്നും അദ്ദേഹം വിലയിരുത്തി. ഈ റെയിൽ പദ്ധതിയെ തന്ത്രപരമായ ഒരു സംരംഭം എന്നാണ് ഖാസിം അൽ-അരാജി വിശേഷിപ്പിച്ചത്.

Also Read

No stories found.

Trending

No stories found.
logo
Metro Vaartha
www.metrovaartha.com