
കൊവിഡ് 19 മഹാമാരി ലോകമെമ്പാടുമുള്ള ആളുകൾക്കുണ്ടാക്കിയ നഷ്ടങ്ങൾ ചെറുതല്ല. കൊവിഡ് തരംഗം പൊട്ടിപുറപ്പെട്ട് വർഷങ്ങൾ കഴിഞ്ഞിട്ടും അതിന്‍റെ പ്രത്യാഘാതങ്ങളിൽ നിന്നും രക്ഷപ്പെടാത്തവർ ഇപ്പോഴുമുണ്ടെന്നതാണ് സത്യം. എന്നാൽ തായ്‌ലൻഡിൽ നിന്നും കഴിഞ്ഞ ദിവസം ആശ്ചര്യകരമായ ഒരു സംഭവം റിപ്പോർട്ട് ചെയ്തു. 6 മാസം പ്രായമുള്ള ഒരു ആൺകുട്ടിക്ക് കൊവിഡ് 19ന്‍റെ ചികിത്സയ്ക്ക് ശേഷം അവന്‍റെ കൃഷ്ണമണികളുടെ നിറം തവിട്ട് നിറമായിരുന്നതിൽ നിന്നും നീല നിറമായി മാറിയെന്നാണ് റിപ്പോർട്ട്.
കടുത്ത പനിയും ചുമയും അനുഭവപ്പെട്ടതിനെ തുടർന്നാണ് കുട്ടിയെ ആശുപത്രിയിലേക്ക് കൊണ്ടുപോയതെന്ന് ഫ്രണ്ടിയേഴ്സ് ഇൻ പീഡിയാട്രിക്സ് ജേണലിൽ പറയുന്നു. തുടർന്ന് നടത്തിയ പരിശോധനയിൽ കുഞ്ഞ് കൊവിഡ്-19 പോസിറ്റീവ് ആണെന്ന് കണ്ടെത്തി. ചികിത്സയുടെ ഭാഗമായി അവന് ഫാവിപിരാവിർ (Favipiravir) എന്ന മരുന്ന് നൽകി. തായ്‌ലൻഡിൽ, കൊവിഡ്-19 ബാധിച്ച കുട്ടികൾക്ക് നൽകുന്ന പ്രധാന ആൻറിവൈറലാണ് ഫാവിപിരാവിർ.
എന്നാൽ ആരോഗ്യ വിദഗ്ധരെ പോലും ആശയക്കുഴപ്പത്തിലാക്കി അവന്‍റെ കണ്ണുകളുടെ നിറത്തിൽ മാറ്റം വന്നു. കുഞ്ഞ് മരുന്ന് കഴിച്ച് 18 മണിക്കൂർ കഴിഞ്ഞ്, സൂര്യപ്രകാശമേറ്റതോടെ അവന്‍റെ കോർണിയ നീലനിറത്തിൽ തിളങ്ങുന്നതായി അവന്‍റെ അമ്മ ശ്രദ്ധിച്ചു. തുടർന്ന് കുട്ടിയെ പരിശോധിച്ചപ്പോൾ, രണ്ട് കോർണിയകളിലും നീല പിഗ്മെന്റ് അടിഞ്ഞുകൂടിയതായി ഡോക്ടർമാർ കണ്ടെത്തി. എന്നാൽ കുട്ടിയുടെ കണ്ണുകളിൽ കാണപ്പെട്ട അസാധാരണമായ നിറവിത്യാസം ചർമ്മം, നഖങ്ങൾ എന്നിവയിലേക്ക് പടർന്നില്ലെന്നും ഫ്രണ്ടിയേഴ്സ് ഇൻ പീഡിയാട്രിക്സ് ജേണലിൽ പറയുന്നു.
ഏതായാലും 5 ദിവസങ്ങൾക്ക് ശേഷം കുട്ടിയുടെ കണ്ണുകൾ സാധാരണ നിറത്തിലേക്ക് മടങ്ങി. 3 ദിവസത്തിനു ശേഷം കൊവിഡ് ലക്ഷണങ്ങളും മെച്ചപ്പെട്ടു. എന്നാൽ എന്തുകൊണ്ടാണ് കുഞ്ഞിന്‍റെ കണ്ണിന്‍റെ കോർണിയയിൽ സംഭവിച്ചത് എന്ന് കൃത്യമായി ഉത്തരം മെഡിക്കൽ വിദഗ്ധർക്ക് ഇതുവരെ തരാന്‍ സാധിച്ചിട്ടില്ല.