

ഖമനേയിയുടെ നിര്യാണത്തിൽ അനുശോചനം രേഖപ്പെടുത്തി
ന്യൂഡൽഹി: അമെരിക്കയുടെയും ഇസ്രയേലിന്‍റെയും സംയുക്ത ആക്രമണത്തിൽ കൊല്ലപ്പെട്ട ഇറാൻ പരമോന്നത നേതാവ് ആയത്തുള്ള അലി ഖമനേയിയുടെ നിര്യാണത്തിൽ ഇന്ത്യ ഔദ്യോഗികമായി അനുശോചനം രേഖപ്പെടുത്തി. ഇന്ത്യൻ വിദേശകാര്യ സെക്രട്ടറി വിക്രം മിസ്രി ഇന്ത്യയിലെ ഇറാൻ എംബസി സന്ദർശിക്കുകയും അവിടെയുള്ള അനുശോചന പുസ്തകത്തിൽ ഒപ്പിട്ട് ഖമനേയിയോടുള്ള ആദരവും ദുഃഖവും അറിയിക്കയും ചെയ്തു.
ഇറാന്‍റെ യുദ്ധക്കപ്പൽ തകർത്തതുമായി ബന്ധപ്പെട്ട് ഇന്ത്യ പ്രതികരിക്കാത്തതിൽ വിമർശനം ശക്തമാകുന്നതിനിടയിലാണ് ഇന്ത്യയുടെ വിദേശകാര്യ സെക്രട്ടറി നേരിട്ടെത്തി അനുശോചനം അറിയിച്ചത്.
ഖമനേയിയുടെ നിര്യാണത്തിൽ മോദി സർക്കാർ അനുശോചനം രേഖപ്പെടുത്താതിനെതിരേ ലോക്സഭ പ്രതിപക്ഷനേതാവ് രാഹുൽ ഗാന്ധി വിമർശനം ഉന്നയിച്ചിരുന്നു. കേന്ദ്രസർക്കാരിന്‍റെ മൗനത്തിൽ ദുരൂഹതയുണ്ടെന്ന് സോണിയഗാന്ധിയും പറഞ്ഞിരുന്നു.