ഓക്‌ലൻഡ്: ന്യൂസിലൻഡ് തെരഞ്ഞെടുപ്പിൽ ക്രിസ്‍റ്റഫർ ലക്സൺ വിജയമുറപ്പിച്ചു. നിലവിൽ 40 ശതമാനം വോട്ടാണ് ലക്സൺ പ്രതിനിധീകരിക്കുന്ന നാഷണൽ പാർട്ടി നേടിയിരിക്കുന്നത്. അതു കൊണ്ടു തന്നെ ലിബർട്ടേറിയൻ എസിടി പാർട്ടിയുമായുള്ള സഖ്യത്തിലൂടെയോ നാഷണൽ പാർട്ടിക്ക് അധികാരത്തിലേറാൻ സാധിക്കൂ. അതേ സമയം ആറു വർഷമായി ന്യൂസിലൻഡിൽ അധികാരത്തിലിരുന്ന ലേബർ പാർട്ടിക്ക് വെറും 25 ശതമാനം വോട്ടുകൾ മാത്രമേ ലഭിച്ചിട്ടുള്ളൂ. കഴിഞ്ഞ തെരഞ്ഞെടുപ്പിൽ വമ്പിച്ച വിജയമായിരുന്നു ജസീന്തയ്ക്ക് ലഭിച്ചിരുന്നത്. പക്ഷേ കൊറോണ സാഹചര്യത്തിലുള്ള നിയന്ത്രണങ്ങളും രാജ്യത്തെ മുഴുവൻ ഉലച്ച വിലക്കയറ്റവും ജസീന്തയുടെ ജനപ്രീതി വൻതോതിൽ കുറച്ചു.
നിലവിൽ ക്രിസ് ഹിപ്കിൻസ് ആണ് ന്യൂസിലൻഡിലെ പ്രധാനമന്ത്രി. 9 മാസം മുൻപാണ് ക്രിസ് അധികാരമേറ്റത്. അതിനു മുൻപ് ജസീന്ത ആർഡേണായിരുന്നു പ്രധാനമന്ത്രി. അപ്രതീക്ഷിതമായി ജസീന്ത പടിയിറങ്ങിയതോടെയാണ് വിദ്യാഭ്യാസ മന്ത്രിയായിരുന്ന ക്രിസ് പ്രധാനമന്ത്രി പദത്തിലെത്തിയത്. ആറു മാസമായി തുടരുന്ന തെരഞ്ഞെടുപ്പു പ്രചാരണത്തിൽ ക്രിസും ലക്സണും നിരവധി വാഗ്ദാനങ്ങളാണ് മുന്നോട്ടു വച്ചിരുന്നത്. ഇടത്തരം വരുമാനമുള്ളവർക്ക് നികുതിയിളവും കുറ്റകൃത്യങ്ങൾക്കു നേരെയുള്ള കർശനമായ നടപടികളുമാണ് ലക്സൺ വാഗ്ദാനം നൽകിയിരുന്നത്. പഴങ്ങളുടെയും പച്ചക്കറികളുടെയും വിൽപ്പന നികുതി കുറക്കുമെന്നും 30 വയസ്സിൽ താഴെയുള്ളവർക്ക് ദന്തസംരക്ഷണം സൗജന്യമാക്കുമെന്നുമാണ് ഹിപ് കിൻസ് വാഗ്ദാനം ചെയ്തിരുന്നത്.
വിജയമുറപ്പിച്ചതോടെ ലക്സൺ ഭാര്യ അമാൻഡയ്ക്കും മക്കളായ വില്യമിനും ഒലിവിനുമൊപ്പം ഓക്‌ലൻഡിലെ പൊതു വേദിയിലെത്തി. മാറ്റത്തിനു വേണ്ടിയുള്ള പ്രതീക്ഷയോടെയാണ് നിങ്ങൾ വോട്ടു നൽകിയിരിക്കുന്നതെന്നു പറഞ്ഞ ലക്സൺ ജനങ്ങൾക്ക് നന്ദി പറഞ്ഞു.
ഇതായിരുന്നില്ല താൻ പ്രതീക്ഷിച്ചിരുന്ന തെരഞ്ഞെടുപ്പു ഫലമെന്ന് ഹിപ്കിൻസ് പറഞ്ഞു. കഴിഞ്ഞ ആറു വർഷം കൊണ്ടുണ്ടായ നേട്ടങ്ങളിൽ നമുക്ക് അഭിമാനിക്കാമെന്നും ക്രിസ് കൂട്ടിച്ചേർത്തു.