

ഫിഫയിലെ ഉന്നത ഉദ്യോഗസ്ഥന്‍ രാജിവച്ചു
സൂറിച്ച്: ലോകകപ്പ് വരുമാനം സ്വകാര്യ ഇക്വിറ്റി ഫണ്ടുകള്‍ക്ക് കൈമാറാനുള്ള ഫിഫ പ്രസിഡന്‍റ് ജിയാനി ഇന്‍ഫന്‍റിനോയുടെ പദ്ധതിയെ വിമര്‍ശിച്ചതിനു പിന്നാലെ ഫിഫയുടെ ചീഫ് ഓപ്പറേറ്റിങ് ഓഫീസര്‍ കെവിന്‍ ലാമൂര്‍ സ്ഥാനമൊഴിഞ്ഞതായി റിപ്പോര്‍ട്ട്. സ്വിറ്റ്സർലാൻഡിലെ സൂറിച്ചില്‍ ഫിഫയുടെ ആസ്ഥാനത്തായിരുന്നു ലാമൂർ പ്രവർത്തിച്ചിരുന്നത്.
പദ്ധതി തയ്യാറാക്കുന്നതില്‍ ഇന്‍ഫന്‍റിനോ വേണ്ടത്ര തുറന്ന സമീപനം സ്വീകരിച്ചില്ലെന്നും ജീവനക്കാരെ അദ്ദേഹം വഞ്ചിച്ചെന്നും ലാമൂര്‍ ആരോപിച്ചിരുന്നു. 20 ബില്യണ്‍ ഡോളറിന്‍റെ വാണിജ്യ പദ്ധതി ഫുട്‌ബോളിന് ദോഷകരമായ ഇടപാടാണെന്നും അദ്ദേഹം വിശേഷിപ്പിച്ചിരുന്നു. ഫിഫയും കെവിന്‍ ലാമൂറും തമ്മിലുള്ള ചീഫ് ഓപ്പറേറ്റിങ് ഓഫീസര്‍ എന്ന നിലയിലെ ഔദ്യോഗിക ബന്ധം അവസാനിച്ചതായി ഫിഫ വക്താവ് സ്ഥിരീകരിച്ചു. രണ്ട് വര്‍ഷത്തെ സേവനത്തിന് ലാമൂറിന് നന്ദി അറിയിച്ച ഫിഫ അദ്ദേഹത്തിന്‍റെ ഭാവിക്ക് ആശംസകളും നേര്‍ന്നു. വിഷയത്തില്‍ കൂടുതല്‍ പ്രതികരിക്കില്ലെന്നും ഫിഫ അറിയിച്ചു.
ഫിഫ പ്രസിഡന്‍റ് സ്ഥാനത്തേക്ക് വീണ്ടും മത്സരിക്കാന്‍ ഇന്‍ഫന്‍റിനോ ഒരുങ്ങുന്നതിനിടെയാണ് അദ്ദേഹത്തിന് മേല്‍ സമ്മര്‍ദം ശക്തമാകുന്നത്. യൂറോപ്പ്, ഏഷ്യ, വടക്കന്‍-മധ്യ അമെരിക്ക, കരീബിയന്‍ മേഖലകളിലെ കോണ്‍ഫെഡറേഷനുകളുടെ മേധാവികള്‍ കഴിഞ്ഞയാഴ്ച തുറന്ന കത്തിലൂടെ ലോകകപ്പ് പദ്ധതിയെ ''വിശ്വാസത്തിന്‍റെ അടിസ്ഥാന ലംഘനം'' എന്നും ''വഞ്ചന'' എന്നും വിശേഷിപ്പിച്ചിരുന്നു.
ആഗോള ഫുട്‌ബോള്‍ സംഘടനകളില്‍നിന്നും പ്രത്യേകിച്ച് യൂറോപ്യന്‍ ഫുട്‌ബോള്‍ സംഘടനയായ യുവേഫയില്‍നിന്നും കടുത്ത എതിര്‍പ്പ് ഉയര്‍ന്നതിനെ തുടര്‍ന്ന് 20 ബില്യണ്‍ ഡോളറിന്‍റെ പദ്ധതി ഇന്‍ഫന്‍റിനോ പിന്‍വലിച്ചിരുന്നു. ഫിഫയുടെ എല്ലാ മത്സരങ്ങളും പരിപാടികളും ബഹിഷ്‌കരിക്കുമെന്ന് യുവേഫ മുന്നറിയിപ്പ് നല്‍കിയിരുന്നു.
ചില ദേശീയ ഫുട്‌ബോള്‍ ഫെഡറേഷനുകള്‍ ഇന്‍ഫന്‍റിനോയ്ക്കുള്ള പിന്തുണ പിന്‍വലിച്ചിട്ടുണ്ടെങ്കിലും ആറ് അറബ് ഫുട്‌ബോള്‍ ഫെഡറേഷനുകളുടെ മേധാവികള്‍ കഴിഞ്ഞയാഴ്ച അദ്ദേഹത്തിന് ഐക്യാദാർഢ്യം പ്രഖ്യാപിച്ചിരുന്നു.
2016 മുതല്‍ ഇന്‍ഫന്‍റിനോയാണ് ഫിഫ പ്രസിഡന്‍റ്. ഫിഫ ഫോര്‍വേഡ് എന്‍റര്‍പ്രൈസ് എന്ന പേരിലുള്ള പദ്ധതിക്കെതിരായ പ്രതിഷേധം ശക്തമാകുന്നതിന് മുൻപ്, അടുത്ത വര്‍ഷം മൊറോക്കോയില്‍ നടക്കുന്ന തെരഞ്ഞെടുപ്പില്‍ എതിരില്ലാതെ അദ്ദേഹം വീണ്ടും തെരഞ്ഞെടുക്കപ്പെടുമെന്നായിരുന്നു വിലയിരുത്തല്‍. പ്രസിഡന്‍റ് സ്ഥാനത്തേക്ക് മത്സരിക്കാന്‍ ആഗ്രഹിക്കുന്നവര്‍ക്ക് ഫിഫ നവംബര്‍ 18 വരെ സമയം അനുവദിച്ചിട്ടുണ്ട്.