

യുഎസ് കമ്പനികൾക്ക് ഉപരോധവുമായി ചൈന
file photo
തായ് വാന് ആയുധങ്ങൾ നൽകാനുള്ള അമെരിക്കൻ തീരുമാനത്തിനു തിരിച്ചടിയായി യുഎസ് പ്രതിരോധ കമ്പനികൾക്ക് ഉപരോധം ഏർപ്പെടുത്തി ചൈന. ഇരുപതോളം പ്രമുഖ അമെരിക്കൻ കമ്പനികൾക്കും പത്തു മുതിർന്ന ഉദ്യോഗസ്ഥർക്കുമാണ് ചൈനീസ് വിദേശകാര്യ മന്ത്രാലയം വിലക്കേർപ്പെടുത്തിയത്. തായ് വാന്‍റെ സുരക്ഷയ്ക്കും പരമാധികാരത്തിനും ഭീഷണിയാകുന്ന നടപടികൾക്ക് കനത്ത വില നൽകേണ്ടി വരുമെന്ന് ബീജിങ് മുന്നറിയിപ്പു നൽകി.
തായ് വാനുമായി ഏകദേശം ആയിരം കോടി ഡോളറിന്‍റെ വൻ ഇടപാടിനാണ് അമെരിക്കൻ ഭരണകൂടം അടുത്തിടെ അംഗീകാരം നൽകിയത്. മിസൈലുകൾ, അത്യാധുനിക പീരങ്കികൾ, ഡ്രോണുകൾ, ടാങ്ക് വിരുദ്ധ മിസൈലുകൾ എന്നിവ ഇതിൽ ഉൾപ്പെടുന്നു. തായ് വാൻ സ്വന്തം പ്രതിരോധത്തിനായി ബജറ്റിൽ തുക വകയിരുത്തിയതിനു പിന്നാലെയാണ് അമെരിക്കയുടെ ഈ നീക്കം. ഇതിനെ ആഭ്യന്തര കാര്യങ്ങളിലുള്ള ഇടപെടലായാണ് ചൈന കാണുന്നത്.
ഉപരോധം പ്രാബല്യത്തിൽ വരുന്നതോടെ ലിസ്റ്റിലുള്ള കമ്പനികൾക്ക് ചൈനയിലുള്ള ആസ്തികൾ മരവിപ്പിക്കപ്പെടും. കൂടാതെ ഈ കമ്പനികളുമായി ചൈനീസ് സ്ഥാപനങ്ങൾ സഹകരിക്കുന്നതിനും വിലക്കുണ്ട്. തായ് വാൻ വിഷയത്തിൽ അമെരിക്ക നടത്തുന്ന പ്രകോപനങ്ങൾക്ക് കൃത്യമായ മറുപടി നൽകുമെന്ന ചൈനയുടെ ഉറച്ച നിലപാടാണ് പുതിയ നടപടികളിലൂടെ വ്യക്തമാകുന്നത്.