

ഹോർമൂസ് കടലിടുക്കിൽ നാവികാഭ്യാസത്തിന് ഇറാന്‍
file photo
വാഷിങ്ടൺ: ഇറാനും അമെരിക്കയും തമ്മിലുള്ള സംഘർഷാവസ്ഥ രൂക്ഷമാകുന്നതിനിടെ ഹോർമൂസ് കടലിടുക്കിൽ ഇറാൻ നാവികസേന നാവികാഭ്യാസം നടത്താനുള്ള നീക്കത്തിന് താക്കീതുമായി അമെരിക്ക രംഗത്തെത്തി. ഇറാന്‍റെ ഇസ്ലാമിക് റെവല്യൂഷണറി ഗാർഡ് കോർപ്സ് നടത്തുമെന്നു പ്രഖ്യാപിച്ച നാവികാഭ്യാസത്തിനെതിരേയാണ് അമെരിക്കയുടെ താക്കീത്. അനാവശ്യമായ സംഘർഷം ഒഴിവാക്കണമെന്ന് യുഎസ് സെൻട്രൽ കമാന്‍ഡ് ഇറാനോട് ആവശ്യപ്പെട്ടിരിക്കുകയാണ്.
യുഎസിന്‍റെ സൈനിക താവളങ്ങൾക്കു നേരെയോ കപ്പലുകൾക്കു നേരെയോ വിമാനങ്ങൾക്കു നേരെയോ എന്തെങ്കിലും പ്രകോപനപരമായ പെരുമാറ്റം അനുവദിക്കില്ലെന്ന് യുഎസ് സെൻട്രൽ കമാൻഡ് പ്രസ്താവനയിൽ പറഞ്ഞു. കടലിലെ ഏതൊരു പ്രകോപനപരമായ പ്രവർത്തനവും സംഘർഷത്തിലേയ്ക്ക് നയിക്കുമെന്ന് കമാൻഡ് വ്യക്തമാക്കി.
ഞായറാഴ്ച മുതൽ രണ്ടു ദിവസത്തെ നാവികാഭ്യാസം നടത്തുമെന്ന് ഇറാൻ കഴിഞ്ഞ ദിവസം പ്രഖ്യാപിച്ചിരുന്നു. ഇതിനു മറുപടിയായാണ് അമെരിക്കൻ പ്രതികരണം. ഹോർമുസ് കടലിടുക്ക് അന്താരാഷ്ട്ര സമുദ്ര പാതയാണെന്നും ആഗോള വ്യാപാരത്തിന് അത്യന്താപേക്ഷിതമാണെന്നും അമെരിക്ക പ്രസ്താവിച്ചു. 100 അന്താരാഷ്ട്ര വ്യാപാര കപ്പലുകൾ ഈ ഇടുങ്ങിയ പാതയിലൂടെ ദിവസവും കടന്നു പോകുന്നു. ഇത് പ്രാദേശിക സാമ്പത്തിക സ്ഥിരതയ്ക്ക് അത്യാവശ്യമാണെന്നാണ് അമെരിക്കയുടെ വാദം.
യുഎസിന്‍റെയോ സഖ്യസേനയുടെയോ വ്യാപാര കപ്പലുകൾക്കും സമീപമുള്ള സുരക്ഷിതമല്ലാത്തതോ നിരുത്തരവാദപരമോ ആയ പ്രവർത്തനങ്ങൾ സംഘർഷത്തിനും പിരിമുറുക്കത്തിനും അസ്ഥിരതയ്ക്കും കാരണമാകുമെന്നും വ്യക്തമാക്കി.