

അപകടത്തിൽ പെട്ട ട്രെയിൻ
ബാങ്കോക്ക്: തായ്‌ലൻഡിൽ ട്രെയിനിന്‍റെ മുകളിലേക്ക് ക്രെയിൻ മറിഞ്ഞുണ്ടായ അപകടത്തിൽ 22 പേർ മരിക്കുകയും 30ഓളം പേർക്ക് പരുക്കേൽക്കുകയും ചെയ്തു. ഓടികൊണ്ടിരുന്ന ട്രെയിനിന്‍റെ മുകളിലേക്ക് ക്രെയിൻ മറിയുകയായിരുന്നു. ബാങ്കോക്കിൽ നിന്നും 230 കിലോമീറ്റർ അകലെ നഖോൺ റാച്ചസിമ പ്രവിശ‍്യയിലെ സിഖിയോ ജില്ലയിലാണ് അപകടമുണ്ടായത്.
അപകടത്തിൽ ട്രെയിനിന്‍റെ ഒരു ബോഗി മുഴുവനായി തകരുകയും ട്രെയിൻ പാളം തെറ്റുകയും ചെയ്തു. ട്രെയിനിന് തീ പിടിച്ചെങ്കിലും ഉടനെ തന്നെ അണയ്ക്കാൻ സാധിച്ചതിനാൽ വൻ ദുരന്തം ഒഴിവായി. സ്ഥലത്ത് രക്ഷാപ്രവർത്തനം പുരോഗമിക്കുകയാണെന്നാണ് ദേശീയ മാധ‍്യമങ്ങൾ റിപ്പോർട്ട് ചെയ്യുന്നത്. 200 ഓളം യാത്രക്കാർ ട്രെയിനിലുണ്ടായിരുന്നതായാണ് വിവരം.