
റഷ്യയിൽ സാത്താൻ ആരാധകർക്ക് നിരോധനം
credit: Robin Martyr
അന്താരാഷ്ട്ര സാത്താനിസ്റ്റ് പ്രസ്ഥാനത്തെ തീവ്രവാദ-ഭീകര സംഘടനയായി ഔദ്യോഗികമായി പ്രഖ്യാപിച്ച് റഷ്യൻ സർക്കാർ. അട്ടിമറി പ്രത്യയശാസ്ത്രമാക്കി മാറ്റിയതായി സർക്കാർ കണ്ടെത്തിയ ഇത്തരത്തിലുള്ള എല്ലാ ഗ്രൂപ്പുകൾക്കും എതിരെ ഉള്ള നടപടികൾ റഷ്യ ഊർജിതമാക്കി. റഷ്യൻ ഫെഡറേഷന്‍റെ കീഴിലുള്ള ഫെഡറൽ ഫിനാൻഷ്യൽ മോണിറ്ററിങ് സർവീസ് (റോസ്ഫിൻ മോണിറ്ററിങ്) ഗ്രൂപ്പിനെ ദേശീയ തീവ്രവാദികളുടെയും ഭീകരരുടെയും പട്ടികയിൽ ചേർത്തതായി ഏജൻസിയുടെ ഔദ്യോഗിക ഡേറ്റാ ബേസിൽ പ്രസിദ്ധീകരിച്ച ഒരു അപ്ഡേറ്റിൽ പറയുന്നു.
തീവ്രവാദി പട്ടികയിൽ ചേർക്കപ്പെട്ടതിനാൽ എല്ലാ റഷ്യൻ ധനകാര്യ സ്ഥാപനങ്ങളും ഈ സാത്താനിസ്റ്റ് പ്രസ്ഥാനവുമായി ബന്ധപ്പെട്ട വ്യക്തികളുടെയും സ്ഥാപനങ്ങളുടെയും ആസ്തികൾ മരവിപ്പിക്കാനും അവർക്കു വന്നു ചേരുന്ന സകല സാമ്പത്തിക സേവനങ്ങളും താൽക്കാലികമായി നിർത്തി വയ്ക്കാൻ നിയമപരമായി ബാധ്യസ്ഥരാണ്.
റഷ്യയിലെ ഭീകരവിരുദ്ധ, തീവ്രവാദ വിരുദ്ധ ശ്രമങ്ങളെ നിയന്ത്രിക്കുന്ന ഫെഡറൽ നിയമങ്ങൾക്ക് അനുസൃതമായാണ് ഈ നടപടികൾ. കഴിഞ്ഞ ജൂലൈയിൽ റഷ്യയിലെ സുപ്രീം കോടതി അന്താരാഷ്ട്ര സാത്താനിസ്റ്റ് പ്രസ്ഥാനത്തെ തീവ്രവാദ സംഘടനയായി തരം താഴ്ത്തുകയും രാജ്യത്ത് ഉടനീളം അതിന്‍റെ പ്രവർത്തനങ്ങൾ നിരോധിക്കുകയും ചെയ്ത തീരുമാനത്തെ തുടർന്നാണ് ഈ നീക്കം. റോസ്ഫിൻമോണിറ്ററിങിന്‍റെ സാമ്പത്തിക ഉപരോധങ്ങളാൽ ഇപ്പോൾ ശക്തിപ്പെടുത്തിയ ഈ വിധി റഷ്യൻ മണ്ണിൽ സാത്താനിക് പ്രസ്ഥാനങ്ങൾ വളരുന്നതോ ഇവയെ പിന്തുണയ്ക്കുന്നതോ ഗുരുതരമായ കുറ്റമായി കണക്കാക്കുന്നു.