
ഇന്ത്യൻ സൈനികർക്കു നേരെ ചൈന ഇലക്‌ട്രോ മാഗ്നറ്റിക് ആയുധം ഉപയോഗിച്ചു: യുഎസ് സെനറ്റർ ബിൽ ഹാഗെർട്ടി
getty images
വാഷിങ്ടൺ: ഇന്ത്യൻ സൈനികർക്ക് നേരെ ചൈന ഇലക്‌ട്രോ മാഗ്നറ്റിക് ആയുധം ഉപയോഗിച്ചെന്ന പരാമർശവുമായി യുഎസ് സെനറ്റർ ബിൽ ഹാഗെർട്ടി. അഞ്ചു വർഷം മുമ്പ് ഇന്ത്യയുമായുണ്ടായ അതിർത്തി തർക്ക വേളയിലാണ് ചൈന ഈ ആയുധം ഉപയോഗിച്ചതെന്നും അദ്ദേഹം പറഞ്ഞു. ടെന്നെസിയിൽ നിന്നുള്ള റിപ്പബ്ലിക്കൻ പാർട്ടി സെനറ്ററാണ് ഇദ്ദേഹം. യുഎസ്-ഇന്ത്യ ബന്ധത്തെ കുറിച്ചുള്ള ചർച്ചയ്ക്കിടെയായിരുന്നു ബില്ലിന്‍റെ പരാമർശം.
ചൈനയും ഇന്ത്യയും തമ്മിൽ നീരസത്തിന്‍റെയും അവിശ്വാസത്തിന്‍റെയും ഒരു നീണ്ട ചരിത്രമുണ്ട്. കഷ്ടിച്ച് അഞ്ചു വർഷം മുമ്പ് ഒരു അതിർത്തി തർക്കത്തിന്‍റെ പേരിൽ ചൈനയും ഇന്ത്യയും ഏറ്റു മുട്ടുകയും ഇന്ത്യൻ സൈനികരെ അക്ഷരാർഥത്തിൽ ഉരുക്കി കളയാൻ ചൈന ഒരു ഇലക്‌ട്രോ മാഗ്നറ്റിക് ആയുധം പ്രയോഗിക്കുകയും ചെയ്തു. അവർ വെടിയുണ്ടകൾ ഉപയോഗിച്ചില്ല. ഇലക്‌ട്രോ മാഗ്നറ്റിക് ആയുധമാണ് ഉപയോഗിച്ചത്, ബിൽ പറഞ്ഞു.
2020ൽ നടന്ന ഗാൽവൻ സംഘർഷത്തെ കുറിച്ചാകാം ബിൽ പറഞ്ഞതെങ്കിലും സന്ദർഭം അദ്ദേഹം വ്യക്തമാക്കിയില്ല. ഷാങ്ഹായ് സഹകരണ ഉച്ചകോടിക്കിടെ ഇന്ത്യൻ പ്രധാനമന്ത്രി നരേന്ദ്ര മോദിയും ചൈനീസ് പ്രധാനമന്ത്രി ഷി ജിൻപിങ്ങും കൂടിക്കാഴ്ച നടത്തുകയും സൗഹൃദ സംഭാഷണത്തിൽ ഏർപ്പെടുകയും ചെയ്തിരുന്നു. ഇന്ത്യ-ചൈന ബന്ധം ശക്തമാകുന്നെന്ന സൂചനകളായിരുന്നു അത് നൽകിയത്. എന്നാൽ ഇതിൽ യുഎസ് കടുത്ത നീരസം പ്രകടിപ്പിച്ചു. ഇതിനു പിന്നാലെയാണ് യുഎസ് സെനറ്ററുടെ ഭാഗത്തു നിന്ന് ഇത്തരമൊരു പരാമർശം എന്നത് ശ്രദ്ധേയമാണ്.