
അമെരിക്കയുടെ ആകാശത്ത് ചൈനയുടെ ചാരബലൂണ്‍ പറന്നെത്തിയതിന്‍റെയും വെടിവച്ചിട്ടതിന്‍റെയും പ്രശ്‌നങ്ങള്‍ അവസാനിച്ചിട്ടില്ല. അതിനിടയില്‍ കാനഡ-യുഎസ് അതിർത്തിയിൽ സിലിണ്ടറാകൃതിയിലുള്ള വസ്തു പറന്നു നടക്കുന്നതു സുരക്ഷാ ഏജന്‍സികളുടെ ശ്രദ്ധയില്‍പ്പെട്ടു. കൃത്യമായ നിരീക്ഷണത്തിനു ശേഷം ഇരുരാജ്യങ്ങളുടേയും അതിര്‍ത്തി പ്രദേശമായ യുകോണില്‍ വച്ചു വെടിവച്ചിടുകയും ചെയ്തു. യുഎസ്-കാനഡ സംയുക്ത ഓപ്പറേഷനിലാണു ഫൈറ്റര്‍ ജെറ്റില്‍ നിന്നും ഈ വസ്തു വെടിവച്ചു തകര്‍ത്തത്.
നോര്‍ത്ത് അമെരിക്കന്‍ എയറോസ്‌പേസ് ഡിഫന്‍സ് കമാന്‍ഡിന്‍റെ സഹകരണത്തോടെയായിരുന്നു ഓപ്പറേഷന്‍. പറന്നുനടന്ന വസ്തുവിന്‍റെ അവശിഷ്ടങ്ങള്‍ ശേഖരിച്ചു കൂടുതല്‍ പരിശോധനകള്‍ക്ക് വിധേയമാക്കും. ആഴ്ചകള്‍ക്കുള്ളില്‍ ഇതു മൂന്നാംവട്ടമാണു പറന്നു നടക്കുന്ന വസ്തുക്കള്‍ ശ്രദ്ധയില്‍പെടുന്നതും, വെടിവച്ചിടുന്നതും. നാല്‍പതിനായിരം അടി ഉയരത്തിലാണ് സിലിണ്ടറാകൃതിയിലുള്ള വസ്തു പറന്നിരുന്നത്.
വ്യോമാതിര്‍ത്തി ലംഘിച്ചെത്തുന്ന ഇത്തരം വസ്തുക്കളെ ഗൗരവത്തോടെയാണു കാണുന്നതെന്ന് ഇരുരാജ്യങ്ങളുടേയും സുരക്ഷാ ഉദ്യോഗസ്ഥര്‍ വ്യക്തമാക്കുന്നു. ചൈനീസ് ബലൂണ്‍ സംഭവം അമെരിക്കയും ചൈനയും തമ്മിലുള്ള നയതന്ത്രബന്ധങ്ങളെ വരെ ബാധിച്ചിരുന്നു. കാലാവസ്ഥാ നിരീക്ഷണത്തിനുള്ള ബലൂണ്‍ എന്ന വിശദീകരണം ചൈന നല്‍കിയെങ്കിലും, ബലൂണിന്‍റെ അവശിഷ്ടങ്ങളില്‍ കൂടുതല്‍ പരിശോധനകള്‍ നടന്നു വരികയാണ്.