വെടിനിർത്തൽ: ഉത്സവ പ്രതീതിയിൽ ഗാസയും ഇസ്രയേലും | Gaza ceasefire

ഗാസയിൽ വെടിനിർത്തൽ കരാർ യാഥാർഥ്യമായത് ആഘോഷിക്കുന്ന പലസ്തീൻകാർ.

വെടിനിർത്തൽ: ഉത്സവ പ്രതീതിയിൽ ഗാസയും ഇസ്രയേലും

വെടിനിര്‍ത്തല്‍ കരാറിലെത്തിയതായുള്ള വാര്‍ത്ത പുറത്തുവന്നതോടെ ഗാസയിലും ഇസ്രയേലിലും ഉത്സവപ്രതീതി

വാഷിങ്ടണ്‍: വെടിനിര്‍ത്തല്‍ കരാറിലെത്തിയതായുള്ള വാര്‍ത്ത പുറത്തുവന്നതോടെ ഗാസയിലും ഇസ്രയേലിലും ഉത്സവപ്രതീതിയാണ്. ടെല്‍അവീവിലെ ഹോസ്റ്റേജ് സ്‌ക്വയറില്‍ കരാര്‍ ആഘോഷിക്കാന്‍ ആഹ്ലാദഭരിതരായ ജനക്കൂട്ടം ഒത്തുകൂടി. ഗാസയില്‍ ഖാന്‍ യൂനിസിലെ നാസര്‍ ആശുപത്രിക്കു സമീപം പുലര്‍ച്ചെ തന്നെ ആഘോഷിക്കാന്‍ ജനക്കൂട്ടം തടിച്ചു കൂടി. അവര്‍ കൈയ്യടിച്ചും ആര്‍പ്പുവിളിച്ചുമാണു സന്തോഷം പങ്കിട്ടത്.

പതിനായിരക്കണക്കിന് ആളുകളുടെ മരണത്തിനു കാരണമായ ഒരു യുദ്ധം അവസാനിപ്പിക്കുന്നതിനുള്ള ഒരു സുപ്രധാന ചുവടുവയ്പ്പാണ് ഈ കരാര്‍. ഏകദേശം 2000 പലസ്തീന്‍ തടവുകാരെ വിട്ടയക്കുന്നതിനു പകരമായി 20 ബന്ദികളെ ഹമാസ് മോചിപ്പിക്കുന്നതാണ് കരാറിന്‍റെ ആദ്യ ഘട്ടം. കരാര്‍ ഒപ്പുവച്ച് 72 മണിക്കൂറിനുള്ളില്‍ കൈമാറ്റം നടക്കും. ബന്ദികളുടെ കൈമാറ്റം തിങ്കളാഴ്ച നടക്കുമെന്നാണ് അറിയിച്ചിരിക്കുന്നത്.

ഗാസയില്‍ ഇസ്രയേല്‍ നടത്തിയ ആക്രമണം വംശഹത്യയ്ക്കു തുല്യമാണെന്നു ഐക്യരാഷ്ട്രസഭ നിയോഗിച്ച വിദഗ്ധര്‍ ഉള്‍പ്പെടെയുള്ളവര്‍ അഭിപ്രായപ്പെട്ടിട്ടുണ്ട്. ഗാസയിലെ ആരോഗ്യ മന്ത്രാലയത്തിന്‍റെ കണക്കനുസരിച്ച് സ്ത്രീകളും കുട്ടികളും ഉള്‍പ്പെടെ 67,000ത്തിലധികം പലസ്തീനികള്‍ ഗാസയില്‍ കൊല്ലപ്പെടുകയും 170,000ത്തോളം പേര്‍ക്ക് പരിക്കേല്‍ക്കുകയും ചെയ്തിട്ടുണ്ട്. ഐക്യരാഷ്ട്രസഭയുടെ കണക്കനുസരിച്ച് ഗാസയിലെ 90%ത്തിലധികം വീടുകള്‍ക്കും യുദ്ധത്തില്‍ കേടുപാടുകള്‍ സംഭവിച്ചിട്ടുണ്ടെന്നാണ്.

1. മൂന്ന് ദിവസത്തെ ചര്‍ച്ച

ഈജിപ്റ്റില്‍ തിങ്കളാഴ്ച മുതല്‍ മൂന്ന് ദിവസം തുടര്‍ച്ചയായി നടന്ന ചര്‍ച്ചകള്‍ക്കു ശേഷമാണ് ഇസ്രയേലും ഹമാസും സമാധാന പദ്ധതിയുടെ ആദ്യ ഘട്ടത്തില്‍ ഒപ്പുവച്ചത്. ഇസ്രയേലിന്‍റെയും ഹമാസിന്‍റെയും നേതാക്കള്‍ ചര്‍ച്ചയില്‍ നേരിട്ട് സംസാരിച്ചില്ല. പകരം ട്രംപിന്‍റെ മിഡില്‍ ഈസ്റ്റ് കാര്യങ്ങള്‍ക്കായുള്ള ദൂതന്‍ സ്റ്റീവ് വിറ്റേകാഫ്, ട്രംപിന്‍റെ മരുമകന്‍ ജാരദ് കുഷ്‌നര്‍. ഈജിപ്റ്റ്, ഖത്തര്‍, തുര്‍ക്കി എന്നിവിടങ്ങളില്‍ നിന്നുള്ള മുതിര്‍ന്ന ഉദ്യോഗസ്ഥര്‍ തുടങ്ങിയവരുടെ മധ്യസ്ഥതയിലാണു ചര്‍ച്ചകള്‍ നടന്നത്.

കരാര്‍ പ്രകാരം എല്ലാ ബന്ദികളെയും ഹമാസ് മോചിപ്പിക്കും. ഗാസയില്‍ ഇപ്പോഴും 48 ബന്ദികള്‍ തടവിലുണ്ടെന്നും അതില്‍ 20 പേര്‍ ജീവിച്ചിരിപ്പുണ്ടെന്നുമാണ് ഇസ്രയേല്‍ പറയുന്നത്. ഇസ്രയേല്‍ തങ്ങളുടെ സൈന്യത്തെ ഗാസയില്‍ നിന്ന് പിന്‍വലിക്കുമെന്ന് അറിയിച്ചിട്ടുണ്ട്. ഗാസയിലെ യുദ്ധം അവസാനിപ്പിക്കുമെന്നു ഹമാസ് അറിയിച്ചിട്ടുണ്ട്. ഇസ്രയേല്‍ സേനയെ പൂര്‍ണമായി ഗാസയില്‍ നിന്ന് പിന്‍വലിച്ചെന്ന് ഉറപ്പാക്കും. ഗാസയില്‍ മാനുഷിക സഹായവുമായെത്തുന്ന സംഘത്തെ പ്രവേശിക്കാന്‍ അനുവദിക്കുമെന്നും ഹമാസ് പറഞ്ഞു.

2. അഭിനന്ദിച്ച് പ്രധാനമന്ത്രി

ന്യൂഡല്‍ഹി: ഗാസയിലെ യുദ്ധം താത്കാലികമായി നിര്‍ത്തിവയ്ക്കാന്‍ ഇസ്രയേലും ഹമാസും തീരുമാനിച്ചതിനെ പ്രധാനമന്ത്രി നരേന്ദ്ര മോദി അഭിനന്ദിച്ചു. യുഎസ് പ്രസിഡന്‍റ് ഡോണള്‍ഡ് ട്രംപ് ഗാസയ്ക്കു വേണ്ടി നിര്‍ദേശിച്ച സമാധാന പദ്ധതിയുടെ ആദ്യ ഘട്ടമാണ് ഇപ്പോള്‍ നടപ്പിലാക്കാന്‍ തീരുമാനിച്ചിരിക്കുന്നത്. ഇതിനെ സ്വാഗതം ചെയ്യുന്നതായി നരേന്ദ്ര മോദി അറിയിച്ചു.

Also Read

No stories found.

Trending

No stories found.
logo
Metro Vaartha
www.metrovaartha.com