

ട്രംപ് കടുപ്പിച്ചു, ആഗോള എണ്ണ വില കുത്തനെ ഉയർന്നു
file photo
വാഷിങ്ടൺ: ബുധനാഴ്ച ഇറാൻ നടത്തിയ മിസൈൽ ആക്രമണത്തിനു ശക്തമായ തിരിച്ചടി നൽകുമെന്ന് അമെരിക്കൻ പ്രസിഡന്‍റ് ഡോണൾഡ് ട്രംപ് പ്രഖ്യാപിച്ചതോടെ ആഗോള എണ്ണ വില കുത്തനെ ഉയർന്നു. ബുധനാഴ്ച അന്താരാഷ്ട്ര ക്രൂഡ് ഓയിൽ വില എട്ടു ശതമാനം വരെ ഉയർന്ന് ബാരലിന് 90 ഡോളറിനു മുകളിലെത്തി.
എണ്ണ വില കുതിച്ചുയർന്നതിനു പിന്നാലെ ആഗോള ഓഹരി വിപണികളേയും ഇതു പ്രതികൂലമായി ബാധിച്ചു. ഡൗ ജോൺസ് ഇൻഡസ്ട്രിയൽ 1,153 പോയിന്‍റ് (2.1%) ഇടിഞ്ഞ് 2025 ഏപ്രിലിനു ശേഷമുള്ള ഏറ്റവും വലിയ ഇടിവ് രേഖപ്പെടുത്തി. എസ് ആൻഡ് പി 500 സൂചിക 1.5 ശതമാനവും ടെക്നോളജി ഓഹരികൾ കൂടുതലുള്ള നാസ്ഡാക്ക് 1.7 ശതമാനവും നഷ്ടത്തിലായി. അതേ സമയം അമെരിക്കൻ ഫെഡറൽ റിസർവ് പലിശനിരക്കിൽ മാറ്റമില്ലെന്ന് പ്രഖ്യാപിച്ചു.
ബുധനാഴ്ച രാത്രി ഇറാൻ നടത്തിയ മിസൈൽ ആക്രമണത്തിന് അമെരിക്ക ശക്തമായ മറുപടി നൽകുമെന്ന് ട്രംപ് വ്യക്തമാക്കി. പശ്ചിമേഷ്യയിലെ യുഎസ് സൈനിക കേന്ദ്രങ്ങളെ ലക്ഷ്യമിട്ടുള്ള നിരവധി ബാലിസ്റ്റിക് മിസൈലുകൾ അമെരിക്ക വിജയകരമായി തടഞ്ഞതായി യുഎസ് സെൻട്രൽ കമാൻഡ് അറിയിച്ചു. കഴിഞ്ഞ ഏതാനും ആഴ്ചകളായി യുദ്ധ സാഹചര്യങ്ങളിലെ മാറ്റങ്ങൾക്കനുസരിച്ച് എണ്ണ വിലയിൽ വലിയ ചാഞ്ചാട്ടമാണ് സംഭവിക്കുന്നത്. സമാധാന കരാറിന്‍റെ പ്രാഥമിക സൂചനകൾ വന്നപ്പോൾ വില കുറഞ്ഞെങ്കിലും വീണ്ടും സംഘർഷം രൂക്ഷമായതോടെ വില ഉയരാൻ തുടങ്ങി.
യുദ്ധം രൂക്ഷമായതിനെ തുടർന്ന് ഹോർമൂസ് കടലിടുക്കിലൂടെയുള്ള കപ്പൽ ഗതാഗതവും കുറഞ്ഞു. ലോകത്തെ മൊത്തം എണ്ണ വിതരണത്തിന്‍റെ ഏകദേശം അഞ്ചിലൊന്ന് ഈ സമുദ്ര മാർഗത്തിലൂടെയാണ് കടന്നു പോകുന്നത്. ഇതോടെ ആഗോള എണ്ണ വില ബാരലിന് 100 ഡോളറിനു മുകളിലെത്തി. പിന്നീട് അമെരിക്ക ആക്രമണം താൽക്കാലികമായി നിർത്തി വച്ചതോടെ വിലയിൽ നേരിയ ആശ്വാസമുണ്ടായെങ്കിലും വീണ്ടും ഏറ്റുമുട്ടൽ ആരംഭിച്ചതോടെ എണ്ണ വില വീണ്ടും ഉയർന്നു.