ഇറാന് ട്രംപിന്‍റെ താക്കീത്

പശ്ചിമേഷ്യയിലേയ്ക്ക് യുഎസ്എസ് തിയോഡോർ റൂസ് വെൽറ്റ് വിമാനവാഹിനിയും സ്ട്രൈക്ക് ഗ്രൂപ്പും
USS Theodore Roosevelt aircraft carrier and strike group to Middle East

പശ്ചിമേഷ്യയിലേയ്ക്ക് യുഎസ്എസ് തിയോഡോർ റൂസ് വെൽറ്റ് വിമാനവാഹിനിയും സ്ട്രൈക്ക് ഗ്രൂപ്പും

Updated on: 

വാഷിങ്ടൺ : പശ്ചിമേഷ്യയിൽ വീണ്ടും സാന്നിധ്യം ശക്തമാക്കി യുഎസ്. യുഎസ് എസ് തിയോഡോർ റൂസ് വെൽറ്റ് വിമാന വാഹിനിയും സ്ട്രൈക്ക് ഗ്രൂപ്പും ഉൾപ്പടെ പതിനായിരത്തോളം അധിക സൈനികരെയാണ് ട്രംപ് ഭരണകൂടം മേഖലയിലേയ്ക്ക് അയയ്ക്കുന്നത്. അടുത്ത മാസം മൂന്നിനു നടക്കുന്ന ഇടക്കാല തെരഞ്ഞെടുപ്പിനു ശേഷം ഇറാനെതിരേ പുതിയ ആക്രമണങ്ങൾക്ക് സാധ്യതയുണ്ടെന്ന പ്രസിഡന്‍റ് ഡോണൾഡ് ട്രംപിന്‍റെ മുന്നറിയിപ്പിനു പിന്നാലെയാണ് നീക്കം.

യുഎസ് എസ് തിയോഡോർ റൂസ് വെൽറ്റും സൈന്യവും നവംബർ അവസാനത്തോടെ പശ്ചിമേഷ്യയിൽ എത്തിച്ചേരും. നിലവിൽ യുഎസ്എസ് ജോർജ് എച്ച്.ഡബ്ല്യു. ബുഷ്, യുഎസ്എസ് ജോർജ് വാഷിങ്ടൺ എന്നീ രണ്ടു വിമാനവാഹിനിക്കപ്പലുകൾ പശ്ചിമേഷ്യയിൽ നിലയുറപ്പിച്ചിട്ടുണ്ട്. പുതിയ വിന്യാസത്തോടെ മേഖലയിലെ അമെരിക്കൻ നാവിക സാന്നിധ്യം ഇരുപതിനായിരത്തിലധികമായി ഉയരും.

എന്നാൽ ഇറാൻ മുന്നോട്ടു വച്ച സമാധാന നിർദേശം ട്രംപ് തള്ളി. കഴിഞ്ഞയാഴ്ച ന്യൂയോര്‍ക്കില്‍ നടന്ന യുഎന്‍ പൊതുസഭാ സമ്മേളനത്തിനിടെ ഇറാന്‍ നിര്‍ദേശം അവതരിപ്പിച്ചിരുന്നു. ഖത്തരി മധ്യസ്ഥരിലൂടെയാണ് നിര്‍ദേശം അമേരിക്കയ്ക്ക് കൈമാറിയതെന്നാണ് ഇറാന്‍ വ്യക്തമാക്കിയത്. ഹോര്‍മുസ് കടലിടുക്ക് ഉടന്‍ തുറക്കുന്നതിനുള്ള കരാറാണ് ഇറാന്‍ ലക്ഷ്യമിടുന്നതെന്നും ട്രംപ് ആരോപിച്ചു.

ഇതിനിടെ, ഇസ്രയേലിലേക്ക് പോയ ഫ്‌ളൈ ദുബായ് വിമാനത്തിലെ സഹപൈലറ്റ് ക്യാപ്റ്റനെ ആക്രമിക്കുകയും വിമാനം തകര്‍ക്കാന്‍ ശ്രമിക്കുകയും ചെയ്ത സംഭവത്തില്‍ ഇറാന് പങ്കുണ്ടാകാമെന്നും ട്രംപ് സൂചിപ്പിച്ചു. സംഭവത്തില്‍ ഇറാനുമായി ബന്ധമുണ്ടോയെന്ന ചോദ്യത്തിന്, തനിക്ക് ലഭിക്കുന്ന വിവരങ്ങളുടെ അടിസ്ഥാനത്തില്‍ ഉണ്ടാവാം എന്നാണ് തോന്നുന്നതെന്നും അന്വേഷണം തുടരുകയാണെന്നും ട്രംപ് പറഞ്ഞു. ആക്രമണത്തിന് ഇറാന്‍ ഉത്തരവാദിയാണെന്ന് തെളിഞ്ഞാല്‍ ശക്തമായ തിരിച്ചടി ഉണ്ടാകുമെന്നും അദ്ദേഹം മുന്നറിയിപ്പ് നല്‍കി.

എന്നാല്‍ ഫ്ലൈ ദുബായ് വിമാനത്തിലെ സംഭവത്തില്‍ ഇറാന്‍റെ പങ്കാളിത്തം തെളിയിക്കുന്ന ഔദ്യോഗിക തെളിവുകളൊന്നും ഇതുവരെ പുറത്തുവന്നിട്ടില്ല. ആക്രമണത്തിന് പിന്നില്‍ ഇറാന്‍ റെവല്യൂഷനറി ഗാര്‍ഡ് കോര്‍പ്‌സ് നേരിട്ട് ഇടപെട്ടിട്ടുണ്ടോയെന്നും മറ്റേതെങ്കിലും രീതിയില്‍ പ്രതി തീവ്രവാദ ആശയങ്ങളിലേക്ക് എത്തിച്ചേര്‍ന്നതാണോയെന്നും ഉള്‍പ്പെടെയുള്ള കാര്യങ്ങള്‍ അന്വേഷണത്തിലാണ്. അതിനാല്‍ ഇറാനുമായുള്ള ബന്ധത്തെക്കുറിച്ചുള്ള ട്രംപിന്‍റെ പരാമര്‍ശം നിലവില്‍ സ്ഥിരീകരിക്കാത്ത ആരോപണമായാണ് കാണുന്നത്.

logo
Metro Vaartha
www.metrovaartha.com