

യുഎൻ രക്ഷാ സമിതിയിൽ യുഎസ്-ഇറാൻ ഏറ്റുമുട്ടൽ
CREDIT: ASIA ONE
വാഷിങ്ടൺ: ആണവ ചർച്ചയെ ചൊല്ലി യുഎൻ രക്ഷാസമിതിയിൽ അമെരിക്കയും ഇറാനും തമ്മിൽ ഏറ്റുമുട്ടി. ആണവ ചർച്ചകൾ പുനരാരംഭിക്കുന്നതു സംബന്ധിച്ച വ്യവസ്ഥകളെ ചൊല്ലിയാണ് യുഎസ്-ഇറാൻ വാക് പോരുണ്ടായത്. യുഎസ് മുൻകൂട്ടി നിശ്ചയിച്ച കാര്യങ്ങൾ അടിച്ചേൽപ്പിക്കാനാണ് ശ്രമിക്കുന്നതെന്ന് ഇറാൻ പറഞ്ഞു. എന്നാൽ നേരിട്ടുള്ള ചർച്ചകൾക്ക് തയാറാണെന്ന് യുഎസ് വ്യക്തമാക്കിയപ്പോൾ നീതിയുക്തമായ ചർച്ചയല്ല യുഎസ് ആഗ്രഹിക്കുന്നതെന്ന് ഇറാൻ തിരിച്ചടിച്ചു.
ഇറാനുമായി ഔദ്യോഗിക ചർച്ചകൾക്ക് യുഎസ് തയാറാണെന്ന് ട്രംപിന്‍റെ ഡെപ്യൂട്ടി മിഡിൽ ഈസ്റ്റ് പ്രതിനിധി മോർഗൻ ഓർട്ടാഗസ് രക്ഷാസമിതിയിൽ പറഞ്ഞു. നേരിട്ടുള്ള അർഥവത്തായ സംഭാഷണത്തിന് ഇറാൻ തയാറായാൽ മാത്രമേ അത് സാധ്യമാകുകയുള്ളു എന്നും കൂട്ടിച്ചേർത്തു. ഇറാനിൽ യുറേനിയം സമ്പുഷ്ടീകരണം പാടില്ല എന്നതാണ് യുഎസ് നിലപാടെന്നും അദ്ദേഹം പറഞ്ഞു.
യുറേനിയം സമ്പുഷ്ടീകരണം പാടില്ല എന്ന നയത്തിൽ ഉറച്ചു നിൽക്കുന്നതിലൂടെ യുഎസ് നീതിയുക്തമായ ഒരു ചർച്ചയല്ല മുന്നോട്ടു വയ്ക്കുന്നതെന്ന് ഇറാൻ യുഎൻ അംബാസിഡർ അമീർ സയിദ് ഇരവാനി പറഞ്ഞു. നീതിയുക്തവും അർഥവത്തായതുമായ ഏതു ചർച്ചയും തങ്ങൾ സ്വാഗതം ചെയ്യുന്നെന്നും എന്നാൽ യുറേനിയം സമ്പുഷ്ടീകരണം പാടില്ല എന്ന നയത്തിൽ ഉറച്ചു നിൽക്കുന്നത് ആണവ നിർവ്യാപന കരാറിന്‍റെ ഭാഗമായുള്ള തങ്ങളുടെ അവകാശങ്ങൾക്ക് വിരുദ്ധമാണെന്നും ഇരവാനി പറഞ്ഞു.