
ജൂത പുരോഹിതന്‍റെ കൊലപാതകം: 3 പ്രതികൾക്ക് വധശിക്ഷ വിധിച്ച് അബൂദബി ഫെഡറൽ കോടതി
അബുദാബി: ജൂത പുരോഹിതനെ തട്ടികൊണ്ടുപോയി കൊലപ്പെടുത്തിയ കേസിൽ മൂന്ന് പ്രതികൾക്ക് അബുദാബി ഫെഡറൽ കോടതി വധശിക്ഷ വിധിച്ചു. നാലാം പ്രതിക്ക് ജീവപര്യന്തം തടവ് ശിക്ഷയും വിധിച്ചിട്ടുണ്ട്.
കഴിഞ്ഞ നവംബറിൽ മാൾദോവൻ-ഇസ്രായേൽ പൗരത്വമുള്ള ജൂത റബ്ബി സാവി കോഗൻ കൊല്ലപ്പെട്ട കേസിലാണ് അബുദാബി ഫെഡറൽ കോടതിയുടെ രാജ്യസുരക്ഷാ വിഭാഗം ശിക്ഷ വിധിച്ചത്. പ്രധാനപ്രതികളിൽ മൂന്ന് പേരും ഉസ്ബെക് പൗരൻമാരാണ്. കൊലപാതകത്തിന് ശേഷം രാജ്യംവിട്ട ഇവരെ തുർക്കിയിൽ നിന്നാണ് പിടികൂടി യു.എ.ഇയിലെത്തിച്ചത്.
കൊലപാതകത്തിന് സഹായം ചെയ്തു എന്ന കുറ്റത്തിനാണ് നാലാം പ്രതിക്ക് കോടതി ജീവപര്യന്തം തടവ് വിധിച്ചത്. കൊലപാതകം ഭീകരവാദ പ്രവർത്തനങ്ങളുടെ ഭാഗമാണെന്ന് വിലയിരുത്തിയാണ് കോടതി വിധി പ്രഖ്യാപിച്ചത്. വിധിക്കെതിരെ പ്രതികൾക്ക് ഫെഡറൽ സുപ്രീംകോടതിയിൽ അപ്പീൽ നൽകാൻ അവസരം നൽകിയിട്ടുണ്ട്.