

നേപ്പാൾ സൈന്യത്തിന്‍റെ നേതൃത്വത്തിൽ നടക്കുന്ന രക്ഷാപ്രവർത്തനം
കാഠ്മണ്ഡു: നേപ്പാളിൽ ഉണ്ടായ മിന്നൽ പ്രളയത്തിൽ മരിച്ചവരുടെ എണ്ണം 734 ആയി ഉയർന്നു. ഞായറാഴ്ച കൂടുതൽ മൃതദേഹങ്ങൾ കണ്ടെത്തിയതോടെയാണ് മരണസംഖ്യ വർധിച്ചത്. 84 ഇന്ത്യക്കാർ അടക്കം 3742 പേരെ രക്ഷപ്പെടുത്തി. 2500 പേരെ ഇനിയും കണ്ടെത്താനായിട്ടില്ല. 14,000ത്തിലധികം സുരക്ഷാ ഉദ്യോഗസ്ഥരെയാണ് തെരച്ചിലിനായി വിന്യസിച്ചിരിക്കുന്നത്.
അതേസമയം, ടിബറ്റിന്‍റെ അതിർത്തിയിൽ ഹിമപാതത്തെ തുടർന്ന് രൂപപ്പെട്ട തടാകത്തിലെ ജലനിരപ്പ് ഉയരുന്നത് വീണ്ടും പ്രളയത്തിന് സാധ്യത വർധിപ്പിച്ചതിനാൽ അതീവ ജാഗ്രതയോടെയാണ് തെരച്ചിലും രക്ഷാപ്രവർത്തനങ്ങളും തുടരുന്നത്.
നേപ്പാൾ പൊലീസിന്‍റെ പ്രസ്താവന പ്രകാരം രാജ്യത്തെ എട്ട് ജില്ലകളിൽ നിന്നാണ് മൃതദേഹങ്ങൾ കണ്ടെത്തിയത്. നവൽപരാസി ഈസ്റ്റിൽനിന്ന് 134 മൃതദേഹങ്ങളും ചിത്വാനിൽനിന്ന് 221 മൃതദേഹങ്ങളും ഗോർഖയിൽനിന്ന് 46 മൃതദേഹങ്ങളും നുവാകോട്ടിൽനിന്ന് 37 മൃതദേഹങ്ങളും കണ്ടെത്തി.
ധാദിങ്ങിൽനിന്ന് 33 മൃതദേഹങ്ങളും തനഹുവിൽനിന്ന് 28 മൃതദേഹങ്ങളും നവൽപരാസി വെസ്റ്റിൽനിന്ന് 27 മൃതദേഹങ്ങളും റസുവയിൽനിന്ന് 12 മൃതദേഹങ്ങളും കണ്ടെത്തിയതായി പൊലീസ് അറിയിച്ചു.
നേപ്പാൾ സൈന്യത്തിലെ 2,391 പേരടക്കം 7,451 സുരക്ഷാ ഉദ്യോഗസ്ഥരെയാണ് രക്ഷാപ്രവർത്തനങ്ങൾക്കായി വിന്യസിച്ചിരിക്കുന്നത്. അതേസമയം, മിന്നൽ പ്രളയമുണ്ടായ പ്രദേശത്തെ ജലനിരപ്പ് ഉയരുന്നത് വീണ്ടും പ്രളയമുണ്ടാകാനുള്ള സാധ്യത വർധിപ്പിച്ചതായി നാഷണൽ ഡിസാസ്റ്റർ റിസ്ക് റിഡക്ഷൻ ആൻഡ് മാനേജ്മെന്‍റ് അതോറിറ്റി മുന്നറിയിപ്പ് നൽകി.