

ട്രംപിന്‍റെ ഇറക്കുമതിത്തീരുവ കേസ്
file photo
വാഷിങ്ടൺ: ലോകരാജ്യങ്ങൾക്ക് യുഎസ് പ്രസിഡന്‍റ് ഡോണൾഡ് ട്രംപ് ഏർപ്പെടുത്തിയ തിരിച്ചടി തീരുവയിൽ വിധി പറയുന്നത് വീണ്ടും മാറ്റി വച്ചു. ഉയർന്ന ഇറക്കുമതിത്തീരുവ വിവിധ രാജ്യങ്ങൾക്കു മേൽ ചുമത്തിയത് നിലനിൽക്കുമോ എന്നതു സംബന്ധിച്ചുള്ള കേസിൽ വിധി പറയുന്നത് സുപ്രീം കോടതി വീണ്ടും മാറ്റി വച്ചു. കേസ് പരിഗണിച്ച കോടതി വിധി പറയുന്നത് എന്നാണെന്ന് വ്യക്തമാക്കിയിട്ടില്ല.
ഇത് മൂന്നാം തവണയാണ് സുപ്രീം കോടതി വിധി പറയാതെ മാറ്റി വയ്ക്കുന്നത്. വിവിധ രാജ്യങ്ങൾക്കെതിരെ ഉയർന്ന തീരുവ ചുമത്താൻ പ്രസിഡന്‍റിന് അവകാശമില്ലെന്നു കാട്ടി വിവിധ കമ്പനികളും 12 സംസ്ഥാനങ്ങളുമാണ് സുപ്രീം കോടതിയെ സമീപിച്ചത്. ഇതിൽ ട്രംപിന് എതിരെ വിധിയുണ്ടായാൽ രാജ്യാന്തര തലത്തിൽ തന്നെ ട്രംപ് ഭരണകൂടത്തിന് കനത്ത ആഘാതമാകും സമ്മാനിക്കുക.