അമെരിക്കൻ ഇടക്കാല തെരഞ്ഞെടുപ്പിൽ ഡെമോക്രാറ്റുകൾക്ക് ആദ്യ മുന്നേറ്റം; ട്രംപിന് തിരിച്ചടി, ഇന്ത്യൻ വംശജരായ സ്ഥാനാർഥികൾക്കും വിജയം

ഡെമോക്രാറ്റുകൾ കോൺഗ്രസിന്‍റെ നിയന്ത്രണം ഏറ്റെടുത്താൽ ട്രംപ് ഭരണകൂടത്തിന്‍റെ നടപടികളിൽ കൂടുതൽ പരിശോധനയും നിയന്ത്രണവും ഏർപ്പെടുത്താൻ കഴിയും
Democrats make initial gains in US midterm elections; a setback for Trump.

അമെരിക്കൻ ഇടക്കാല തെരഞ്ഞെടുപ്പിൽ ഡെമോക്രാറ്റുകൾക്ക് ആദ്യ മുന്നേറ്റം; ട്രംപിന് തിരിച്ചടി

Updated on: 

വാഷിങ്ടൺ: 2026-ലെ അമെരിക്കൻ ഇടക്കാല തെരഞ്ഞെടുപ്പിന്‍റെ ആദ്യ ഫലങ്ങൾ പുറത്തുവന്നുതുടങ്ങിയപ്പോൾ ഡെമോക്രാറ്റുകൾക്ക് മുന്നേറ്റം. ഇന്ത്യൻ വംശജരായ ഡെമോക്രാറ്റിക് സ്ഥാനാർഥികളായ സുഹാസ് സുബ്രഹ്മണ്യം, അരുണ മില്ലർ, പിയ ദണ്ഡിയ എന്നിവർ വിജയിച്ചു.

വിർജീനിയയിൽ നിന്നുള്ള യുഎസ് കോൺഗ്രസ് അംഗമായി 40-കാരനായ സുഹാസ് സുബ്രഹ്മണ്യം വീണ്ടും തെരഞ്ഞെടുക്കപ്പെട്ടു. 61-കാരിയായ അരുണ മില്ലർ മേരിലാൻഡ് ലെഫ്റ്റനന്‍റ് ഗവർണർ സ്ഥാനവും നിലനിർത്തി. ഫ്ലോറിഡയിലെ 22-ാം കോൺഗ്രസ് മണ്ഡലത്തിൽ നിന്നാണ് 39-കാരിയായ പിയ ദണ്ഡിയ വിജയിച്ചത്. അതേസമയം, ഒഹായോ ഗവർണർ തെരഞ്ഞെടുപ്പിൽ റിപ്പബ്ലിക്കൻ സ്ഥാനാർഥി വിവേക് രാമസ്വാമി പിന്നിലാണ്. മറ്റ് ഇന്ത്യൻ വംശജരായ സ്ഥാനാർഥികളുടെ ഫലങ്ങൾ പുറത്തുവരാനിരിക്കെ വോട്ടെണ്ണൽ തുടരുകയാണ്.

വെസ്റ്റ് വിർജീനിയയിൽ നിന്നുള്ള റിപ്പബ്ലിക്കൻ സ്ഥാനാർഥി ഷെല്ലി കാപ്പിറ്റോയും മിസൗറിയിലെ ഒന്നാം കോൺഗ്രസ് മണ്ഡലത്തിൽനിന്നുള്ള ഡെമോക്രാറ്റ് വെസ്ലി ബെല്ലും വീണ്ടും വിജയിച്ചു. നോർത്ത് കരോലിനയിൽ ഒരു സെനറ്റ് സീറ്റ് ഡെമോക്രാറ്റുകൾ തിരിച്ചുപിടിച്ചു. ജോർജിയയിലും ന്യൂഹാംഷെയറിലും ഡെമോക്രാറ്റുകൾ വിജയം നേടി. നോർത്ത് കരോലിന മുൻ ഗവർണർ റോയ് കൂപ്പർ റിപ്പബ്ലിക്കൻ സ്ഥാനാർഥി മൈക്കൽ വാട്ട്‌ലിയെ പരാജയപ്പെടുത്തി.

അമെരിക്കയുടെ രാഷ്ട്രീയ ഭാവിയിൽ നിർണായകമായേക്കാവുന്ന തെരഞ്ഞെടുപ്പിൽ 21 കോടിയിലധികം വോട്ടർമാർക്കാണ് വോട്ടവകാശമുണ്ടായിരുന്നത്. ചൊവ്വാഴ്ച രാവിലെ ആറിന് (പ്രാദേശിക സമയം) ആരംഭിച്ച വോട്ടെടുപ്പിൽ ജനപ്രതിനിധിസഭയിലെ 435 സീറ്റുകളിലേക്കും സെനറ്റിലെ 37 സീറ്റുകളിലേക്കും 36 സംസ്ഥാന ഗവർണർ സ്ഥാനങ്ങളിലേക്കുമാണ് മത്സരം നടന്നത്. കൂടാതെ നിരവധി പ്രാദേശിക ഭരണസ്ഥാനങ്ങളിലേക്കും തെരഞ്ഞെടുപ്പ് നടന്നു. പ്രസിഡന്‍റ് ഡോണാൾഡ് ട്രംപിന്‍റെ റിപ്പബ്ലിക്കൻ പാർട്ടി ജനപ്രതിനിധിസഭയിലും സെനറ്റിലും ഭൂരിപക്ഷം നിലനിർത്തുമോ അതോ ഡെമോക്രാറ്റുകൾക്ക് അധികാരം തിരിച്ചുപിടിക്കാനാകുമോ എന്നതാണ് പ്രധാന ചോദ്യം.

കേരളത്തിൽ ജനിച്ച ഡെമോക്രാറ്റിക് സ്ഥാനാർഥി നിത്യ രാമൻ ലോസ് ആഞ്ചലസ് മേയർ സ്ഥാനത്തേക്ക് മുൻ മേയർ കാരെൻ ബാസുമായി കടുത്ത മത്സരത്തിലാണ്. അമെരിക്കയിലെ രണ്ടാമത്തെ വലിയ നഗരമാണ് ലോസ് ആഞ്ചലസ്. ഇന്ത്യൻ വംശജരായ റോ ഖന്ന, അമി ബേര, പ്രമീള ജയപാൽ എന്നിവർ ജനപ്രതിനിധിസഭയിലേക്ക് വീണ്ടും മത്സരിക്കുന്നുണ്ട്. ഡെമോക്രാറ്റായ അമിഷ് ഷായും കോൺഗ്രസ് അംഗമായി തെരഞ്ഞെടുക്കപ്പെടാനുള്ള മത്സരത്തിലാണ്.

ഡെമോക്രാറ്റുകൾ കോൺഗ്രസിന്‍റെ നിയന്ത്രണം ഏറ്റെടുത്താൽ ട്രംപ് ഭരണകൂടത്തിന്‍റെ നടപടികളിൽ കൂടുതൽ പരിശോധനയും നിയന്ത്രണവും ഏർപ്പെടുത്താൻ കഴിയും. ഇത് അദ്ദേഹത്തിന്റെ ഭരണപരിപാടികൾ നടപ്പാക്കുന്നതിന് തടസമാകുമെന്നാണ് വിലയിരുത്തൽ. എന്നാൽ എക്സിക്യൂട്ടീവ് ഉത്തരവുകളിലൂടെ ഭരണം തുടരാൻ പ്രസിഡന്‍റിന് അധികാരമുണ്ടാകും. അവയ്ക്ക് രണ്ട് വർഷത്തേക്ക് സാധുതയുണ്ടാകും.

100 അംഗ സെനറ്റിൽ ഭൂരിപക്ഷം നേടാൻ മിഷിഗൺ, മെയ്ൻ, ഒഹായോ, കൻസാസ്, ടെക്സസ്, അയോവ, അലാസ്ക എന്നീ ഏഴ് സീറ്റുകൾ തിരിച്ചുപിടിക്കാനാണ് ഡെമോക്രാറ്റുകളുടെ ശ്രമം. അമെരിക്കയിലെ 50 സംസ്ഥാനങ്ങളിൽ നിന്നും രണ്ട് സെനറ്റർമാർ വീതമാണുള്ളത്. ഇവർക്ക് ആറ് വർഷമാണ് കാലാവധി. ഓരോ രണ്ട് വർഷം കൂടുമ്പോഴും മൂന്നിലൊന്ന് സീറ്റുകളിലേക്കാണ് തെരഞ്ഞെടുപ്പ് നടക്കുന്നത്.

ജനപ്രതിനിധിസഭാംഗങ്ങളുടെ കാലാവധി രണ്ട് വർഷമാണ്. നിലവിൽ ഇരുസഭകളിലും റിപ്പബ്ലിക്കൻ പാർട്ടിക്ക് നേരിയ ഭൂരിപക്ഷമുണ്ട്. ജനപ്രതിനിധിസഭയിൽ സ്പീക്കർ മൈക്ക് ജോൺസന്‍റെ നേതൃത്വത്തിൽ 218 റിപ്പബ്ലിക്കൻ അംഗങ്ങളും ഒരു സ്വതന്ത്ര അംഗവുമാണുള്ളത്. ഡെമോക്രാറ്റുകൾക്ക് 214 അംഗങ്ങളുണ്ട്. രണ്ട് സീറ്റുകൾ ഒഴിഞ്ഞുകിടക്കുകയാണ്. സെനറ്റിൽ റിപ്പബ്ലിക്കൻ പാർട്ടിക്ക് 53-47 എന്ന നിലയിലാണ് ഭൂരിപക്ഷം. സെനറ്റിന്‍റെ നിയന്ത്രണം നേടാൻ ഡെമോക്രാറ്റുകൾക്ക് നാല് സീറ്റുകൾ ആവശ്യമാണ്.