

ട്രംപ് അവിശ്വസ്തൻ; പാക്കിസ്ഥാനിൽ പ്രതിഷേധം: കാരണം ഇന്ത്യ
social media
അമെരിക്കൻ പ്രസിഡന്‍റായ ഡോണൾഡ് ട്രംപിനെ വിശ്വസിക്കാനാകില്ലെന്ന രൂക്ഷ വിമർനവുമായി പാക്കിസ്ഥാനിൽ വ്യാപക പ്രതിഷേധം. ഇന്ത്യയും അമെരിക്കയും തമ്മിലുള്ള പുതിയ വ്യാപാര കരാറിന്‍റെ പശ്ചാത്തലത്തിൽ ആണ് പാക്കിസ്ഥാനിൽ ട്രംപ് വിരുദ്ധ പ്രതിഷേധം കനക്കുന്നത്. ട്രംപിനെ സമാധാന നോബൽ പുരസ്കാരത്തിന് പാക് ഭരണകൂടം നാമനിർദേശം ചെയ്തതടക്കം ചൂണ്ടിക്കാട്ടിയാണ് പ്രതിഷേധം.
അമെരിക്കയുടെ പുതിയ നീക്കങ്ങൾ ദക്ഷിണേഷ്യയിലെ ശക്തി സമവാക്യങ്ങളെ തകിടം മറിക്കുമെന്നും ഇന്ത്യയ്ക്കു നൽകുന്ന അമിത പ്രാധാന്യം തങ്ങളുടെ താൽപര്യങ്ങൾക്ക് വിരുദ്ധമാണെന്നും പാക് പ്രതിപക്ഷവും മാധ്യമങ്ങളും ഒരേ പോലെ ആരോപിക്കുന്നു. അമെരിക്കൻ പ്രസിഡന്‍റായി ചുമതലയേറ്റ ശേഷം പാക്കിസ്ഥാനോട് വലിയ അടുപ്പം കാട്ടിയ ട്രംപ് ഇപ്പോൾ ഇന്ത്യയുമായി കൂടുതൽ അടുക്കുന്നതിലെ നിലപാട് മാറ്റം ആണ് പാക്കിസ്ഥാനികൾ ചോദ്യമാക്കുന്നത്.
പാക്കിസ്ഥാൻ വൻ ആശങ്കയോടെയാണ് അമെരിക്കയുടെ പുത്തൻ നയത്തെ കാണുന്നത്. തങ്ങളെ അവഗണിച്ച് ഇന്ത്യയുമായി വൻകിട പ്രതിരോധ-വ്യാപാര കരാറുകളിൽ ഏർപ്പെടുന്നത് മേഖലയിലെ സുരക്ഷാ ഭീഷണിയാകുമെന്ന് അവർ ചൂണ്ടിക്കാട്ടുന്നു. ഇതിനിടെ ട്രംപിനെ നോബൽ പുരസ്കാരത്തിനു നിർദേശിച്ചത് ചൂണ്ടിക്കാട്ടി പ്രധാനമന്ത്രി ഷെഹബാസ് ഷെരീഫിനും സൈനിക മേധാവി അസിം മുനീറിനും എതിരേ വിമർശനവും കനത്തിരിക്കുകയാണ്.
ട്രംപിന്‍റെ നയങ്ങൾ അസ്ഥിരമാണെന്നും ഏതു നിമിഷവും നിലപാടുകൾ മാറാൻ സാധ്യതയുള്ള അദ്ദേഹത്തെ വിശ്വസിക്കുന്നത് അപകടമാണെന്നും പാക് വിദഗ്ധർ മുന്നറിയിപ്പ് നൽകുന്നു. മുൻപ് പലതവണ പാക്കിസ്ഥാനെ സഹായിക്കാമെന്ന് ഏറ്റ ട്രംപ് പിന്നീട് കടുത്ത നടപടികളിലേയ്ക്ക് നീങ്ങിയ ചരിത്രം അവർ ഓർമിപ്പിക്കുന്നു. അമെരിക്കയുടെ ഈ ഇന്ത്യ പ്രീണനം അവസാനിപ്പിക്കണമെന്ന ആവശ്യവുമായി ആഗോള വേദികളിൽ പ്രതിഷേധം ശക്തമാക്കാനാണ് പാക്കിസ്ഥാന്‍റെ തീരുമാനം.