

വിവേക് രാമസ്വാമി
വാഷിങ്ടൺ: അമെരിക്കൻ പ്രസിഡന്റ് ഡോണൾഡ് ട്രംപിന്റെ പിന്തുണയോടെ ഒഹായോ ഗവർണർ സ്ഥാനത്തേക്ക് മത്സരിച്ച ഇന്ത്യൻ വംശജനായ വിവേക് രാമസ്വാമിക്ക് തോൽവി. ഡെമോക്രാറ്റിക് സ്ഥാനാർഥിയായ 60കാരിയായ ആമി ആക്ടണാണ് 41കാരനായ വിവേകിനെ പരാജയപ്പെടുത്തിയത്. 2024ലെ റിപ്പബ്ലിക്കൻ പ്രസിഡന്റ് സ്ഥാനാർഥിത്വത്തിനായുള്ള മത്സരത്തിൽ പങ്കെടുത്തതോടെയാണ് വിവേക് ശ്രദ്ധിക്കപ്പെട്ടത്. പ്രസിഡന്റ് സ്ഥാനാർഥിയാവാൻ ട്രംപിനെതിരേ മത്സരിച്ചെങ്കിലും പരാജയപ്പെട്ടു.
ആമി 51 ശതമാനത്തിലധികം വോട്ടുകൾ നേടിയപ്പോൾ വിവേകിന്റെ വോട്ടുവിഹിതം 45 ശതമാനത്തിൽ ഒതുങ്ങി. കടുത്ത മത്സരമായിരുന്നു നടന്നതെന്നും ചില ഘട്ടങ്ങളിൽ ഇരുപക്ഷത്തും കയ്പേറിയ അനുഭവങ്ങൾ ഉണ്ടായിരുന്നുവെന്നും ഫലം പുറത്തുവന്നതിനുശേഷം വിവേക് പ്രതികരിച്ചു.
തന്റെ രാഷ്ട്രീയ സംഘത്തിനും വൈസ് പ്രസിഡന്റ് ജെ.ഡി. വാൻസിന്റെ രാഷ്ട്രീയ സംഘത്തിനും കീഴിലുള്ള പ്രമുഖ തെരഞ്ഞെടുപ്പ് തന്ത്രജ്ഞരുടെ ഉപദേശമുണ്ടായിട്ടും വിവേകിന് വിജയിക്കാനായില്ല. ശതകോടീശ്വരനായ വിവേക് ഒഹായോ ഗവർണർ തെരഞ്ഞെടുപ്പിൽ സ്വന്തം സമ്പത്തിൽ നിന്ന് 36 മില്യൺ ഡോളറിലധികം ചെലവാക്കിയിരുന്നു. കൂടാതെ ശതകോടീശ്വരന്മാരായ ഇലോൺ മസ്കിൽ നിന്നും ജെഫ്രി യാസിൽ നിന്നും ദശലക്ഷക്കണക്കിന് ഡോളറിന്റെ സംഭാവനകളും ലഭിച്ചു.
ട്രംപ് ഭരണകൂടത്തിന്റെ ഫെഡറൽ സർക്കാർ പുനഃസംഘടനാ പദ്ധതിയായ ഡിപ്പാർട്ട്മെന്റ് ഓഫ് ഗവൺമെന്റ് എഫിഷ്യൻസി (DOGE) ആസൂത്രണം ചെയ്യുന്നതിൽ ഇലോൺ മസ്കിനൊപ്പം വിവേകും പങ്കാളിയായിരുന്നു. പിന്നീട് ഈ സ്ഥാനത്ത് നിന്ന് പിൻമാറിയെങ്കിലും വിവേകിന് പിന്തുണ പ്രഖ്യാപിച്ച ട്രംപ് അദ്ദേഹത്തിന്റെ തെരഞ്ഞെടുപ്പ് പ്രചാരണത്തിനായി ഒഹായോയിൽ എത്തുകയും ചെയ്തിരുന്നു.