
ഇസ്രയേൽ പ്രധാനമന്ത്രി ബഞ്ചമിൻ നെതന്യാഹു, ഇറാൻ പരമോന്നത നേതാവ് ആയത്തുള്ള അലി ഖമീനി
ജനീവ: പശ്ചിമേഷ്യൻ സംഘർഷം കൂടുതൽ രൂക്ഷമാകുന്നതിനിടെ യൂറോപ്യൻ ശക്തികളുമായി ജനീവയിൽ ചർച്ച തുടങ്ങി ഇറാൻ. യുകെ, ഫ്രാൻസ്, ജർമനി വിദേശകാര്യമന്ത്രിമാർ, യൂറോപ്യൻ യൂണിയന്‍റെ വിദേശ നയ മേധാവി എന്നിവരുമായാണ് ഇറാന്‍റെ വിദേശകാര്യ മന്ത്രി അബ്ബാസ് അരഗ്ചി ചർച്ചയാരംഭിച്ചത്. സംഘർഷം അവസാനിപ്പിക്കുന്നതിനു യുഎസ് പ്രസിഡന്‍റ് ഡോണൾഡ് ട്രംപിന്‍റെ ഇടപെടലിനു വഴിയൊരുക്കാൻ യൂറോപ്യൻ ശക്തികൾക്കു കഴിയുമെന്ന പ്രതീക്ഷയിലാണ് ഇറാന്‍റെ നീക്കമെന്ന് അന്താരാഷ്‌ട്ര മാധ്യമങ്ങൾ. ആണവപദ്ധതി നിർത്തിവയ്ക്കുന്നതുൾപ്പെടെ തീരുമാനങ്ങൾക്കും ഇറാൻ തയാറായേക്കുമെന്ന് റിപ്പോർട്ടുണ്ട്. യുദ്ധം തുടങ്ങിയശേഷം ഇതാദ്യമാണ് ഇറാൻ യൂറോപ്യൻ രാജ്യങ്ങളുമായി ചർച്ചയ്ക്ക് തയാറാകുന്നത്.
എന്നാൽ, ആക്രമണം തുടരുന്നിടത്തോളം ഇസ്രയേലിനോടോ യുഎസിനോടോ ഒരു ചർച്ചയ്ക്കുമില്ലെന്ന് യൂറോപ്യൻ ശക്തികളുമായുള്ള കൂടിക്കാഴ്ചയ്ക്കു മുൻപ് അരഗ്ചി പറഞ്ഞു. മറ്റുള്ളവരുമായി സംസാരിക്കാൻ തയാറാണെന്നും അരഗ്ചി. യുഎൻ മനുഷ്യാവകാശ കൗൺസിലിൽ വിശദീകരണം നൽകിയശേഷമായിരുന്നു അരഗ്ചി ചർച്ചയ്ക്കെത്തിയത്. തങ്ങളുടെ ആണവപദ്ധതി തികച്ചും സമാധാനപരമായ ആവശ്യത്തിനുള്ളതാണെന്നായിരുന്നു കൗൺസിലിൽ അദ്ദേഹത്തിന്‍റെ പ്രഖ്യാപനം.
ചർച്ചയ്ക്കുള്ള ഒരു സാധ്യത തുറന്നിരിക്കുകയാണെന്നും അടുത്ത രണ്ടാഴ്ചയ്ക്കുള്ളിൽ നയതന്ത്ര പരിഹാരമുണ്ടാക്കാൻ കഴിയുമെന്നും ബ്രിട്ടിഷ് വിദേശകാര്യ സെക്രട്ടറി ഡേവിഡ് ലാമി പറഞ്ഞു. വാഷിങ്ടണിൽ യുഎസ് സ്റ്റേറ്റ് സെക്രട്ടറി മാർക്കോ റുബിയോ, പ്രസിഡന്‍റ് ഡോണൾഡ് ട്രംപിന്‍റെ മധ്യേഷ്യാ പ്രതിനിധി സ്റ്റീവ് വിറ്റ്കോഫ് എന്നിവരുമായി കൂടിക്കാഴ്ച നടത്തിയശേഷമാണ് ലാമി ജനീവയിൽ ഇറേനിയൻ വിദേശകാര്യ മന്ത്രിയെ കണ്ടത്. വേണ്ടിവന്നാൽ ഇറാന്‍റെ ആണവ കേന്ദ്രങ്ങൾ ആക്രമിക്കുമെന്നു ട്രംപ് കഴിഞ്ഞ ദിവസം പ്രഖ്യാപിച്ചിരുന്നു.
അതേസമയം, ഇസ്രയേലും ഇറാനും ഇന്നലെയും പരസ്പരം കനത്ത ആക്രമണം തുടരുകയാണ്. വടക്കൻ ഇസ്രയേലിലെ ഹൈഫയ്ക്കു സമീപം ഇന്നലെ ഇറാൻ നടത്തിയ മിസൈലാക്രമണത്തിൽ 23 പേർക്കു പരുക്കേറ്റതായി ഇസ്രയേൽ സ്ഥിരീകരിച്ചു. ഇവിടെ ഒരാൾ ഹൃദയാഘാതത്തെത്തുടർന്നു മരിച്ചു. ആക്രമണം ഭയന്ന് ഇസ്രയേലിൽ നിരവധി പേർ ഭൂഗർഭ റെയ്‌ൽവേ സ്റ്റേഷനുകളിൽ അഭയം തേടി. ഇസ്രയേലിലെ ആശുപത്രിയടക്കമുള്ളവയ്ക്കു നേരേ ഇറാൻ ക്ലസ്റ്റർ ബോംബുകൾ ഉപയോഗിച്ചതായുള്ള വിവരങ്ങളും പുറത്തുവന്നു. 2008ൽ അന്താരാഷ്‌ട്ര തലത്തിൽ നിരോധിച്ച ആയുധമാണിവ.
ഇസ്രയേലിന്‍റെ തിരിച്ചടിയിൽ ഇറാന്‍റെ ഖോണ്ഡബ് ഘനജല ഉത്പാദന പ്ലാന്‍റിന് സാരമായ തകരാറുണ്ടായെന്ന് അന്താരാഷ്‌ട്ര ആണവോർജ ഏജൻസി സ്ഥിരീകരിച്ചു. മുൻപ് അരക് ആണവകേന്ദ്രമെന്ന് അറിയപ്പെട്ടിരുന്ന യൂണിറ്റാണിത്. എന്നാൽ, വികിരണഭീഷണിയില്ലെന്നും അന്താരാഷ്‌ട്ര ഏജൻസി.
ആണവസംവിധാനങ്ങൾ പൂർണമായി തകർക്കും വരെ ഇറാനെതിരേ ആക്രമണം തുടരുമെന്ന് ഇസ്രേലി പ്രധാനമന്ത്രി ബെഞ്ചമിൻ നെതന്യാഹു പറഞ്ഞു. ഇറാനിൽ ആർക്കും ഒഴിവില്ലെന്ന് ആയത്തുള്ള അലി ഖമനേയിയെ ലക്ഷ്യമിട്ട് നെതന്യാഹു വ്യക്തമാക്കി.
ഇന്ത്യക്കാർക്ക് ഇറാന്‍റെ ഇളവ്; വ്യോമപരിധി നിയന്ത്രണം നീക്കി
ന്യൂഡൽഹി: രാജ്യത്ത് കുടുങ്ങിയ ഇന്ത്യൻ പൗരന്മാരെ രക്ഷിക്കാൻ ഇറാൻ വ്യോമപരിധി നിയന്ത്രണങ്ങളിൽ ഇളവുവരുത്തി. ഇറേനിയൻ നഗരമായ മഷാദിൽ കുടുങ്ങിയ 1000ലേറെ ഇന്ത്യക്കാരെ തിരികെക്കൊണ്ടുവരാൻ മൂന്നു ചാർട്ടേഡ് വിമാനങ്ങൾക്കാണ് ഇറാൻ അനുമതി നൽകിയത്. ആവശ്യമെങ്കിൽ വരുംദിവസങ്ങളിൽ കൂടുതൽ ഇന്ത്യൻ വിമാനങ്ങൾക്ക് അനുമതി നൽകുമെന്ന് ഡൽഹിയിലെ ഇറേനിയൻ എംബസി ഡെപ്യൂട്ടി ചീഫ് മുഹമ്മദ് ജാവേദ് ഹുസൈനി അറിയിച്ചു.
ടെഹ്റാനിൽ ഇസ്രയേൽ ആക്രമണം തുടങ്ങിയപ്പോൾ സുരക്ഷയ്ക്കു വേണ്ടി മാഷാദിലേക്കു മാറിയ വിദ്യാർഥികളടങ്ങുന്ന സംഘത്തെയാണ് ഓപ്പറേഷൻ സിന്ധുവിന്‍റെ ഭാഗമായി തിരിച്ചെത്തിക്കുന്നത്. ഇന്ത്യക്കാർ ഞങ്ങളുടെ സ്വന്തം ആളുകളാണ്. അവർക്കു സുരക്ഷിത പാതയൊരുക്കുമെന്നു ഹുസൈനി പറഞ്ഞു.