
ന്യൂഡൽഹി: ഡൽഹിയിൽ നടക്കുന്ന ജി 20 ഉച്ചകോടിയിൽ ചൈനീസ് പ്രസിഡന്‍റ് ഷി ജിൻപിങ് പങ്കെടുക്കുന്നില്ലെന്ന് വാർത്ത വന്നതിനു പിന്നാലെ നിരാശ പങ്കുവച്ച് അമെരിക്കൻ പ്രസിഡന്‍റ് ജോ ബൈഡൻ. ഷി വിട്ടു നിൽക്കുന്നതിൽ തനിക്ക് നിരാശയുണ്ടെന്നും, എന്നാൽ താൻ അദ്ദേഹവുമായി കൂടിക്കാഴ്ച നടത്തുമെന്നും ബൈഡൻ.
ഇന്ത്യയിലേക്കുള്ള തന്‍റെ യാത്രയെ പ്രതീക്ഷയോടെയാണ് കാണുന്നതെന്നും, ഉച്ചകോടിയുടെ ഭാഗമായി ഈ മാസം 7 ന് ഇന്ത്യയിലെത്തുമെന്നും അദ്ദേഹം വ്യക്തമാക്കി. എട്ടാം തീയതി പ്രധാനമന്ത്രി നരേന്ദ്ര മോദിയുമായി ബൈഡൻ പ്രത്യേക കൂടിക്കാഴ്ച നടത്തുമെന്ന് വൈറ്റ് ഹൗസ് നേരത്തെ അറിയിച്ചിരുന്നു.
ചൈനീസ് ഭരണകൂടത്തോട് അടുത്ത വൃത്തങ്ങളാണ് ഷി ഇന്ത്യയിലേക്ക് വരാനിടയില്ലെന്ന സൂചന നൽകിയത്. അതിർത്തി സംഘർഷത്തിനു പിന്നാലെ ഇന്ത്യ ചൈന ബന്ധം പഴതുപോലെയാവാത്ത സാഹചര്യത്തിലാണ് ഷി ഉച്ചകോടിയിൽ നിന്നും വിട്ടു നിൽക്കുന്നതെന്നാണ് സൂചന. ഉച്ചകോടിക്ക് ദിവസങ്ങൾ മാത്രം ബാക്കി നിൽക്കെ അരുണാചൽ പ്രദേശും ലഡാക്കും ചേർന്നുള്ള അക്സായ് ചിൻ മേഖലയും ചൈനയുടെ അതിർത്തിക്കുള്ളിലാക്കി ഭൂപടം പിറത്തിറക്കിയതിൽ ഇന്ത്യ കടുത്ത പ്രതിഷേധം ഉയർത്തിയിരുന്നു.
ഉച്ചകോടിക്ക് ഡൽഹിയിലെത്തിയാൽ ഷിയ്ക്ക് പ്രതിഷേധത്തെ നേരിടേണ്ടി വരുമെന്നാണ് ചൈനയുടെ കണക്കുകൂട്ടൽ. ഷിക്കു നേരെ ടിബറ്റൻ പൗരന്മാരുടെ പ്രതിഷേധമുണ്ടാവാനുള്ള സാധ്യതയുണ്ടെന്നുള്ള ഇന്‍റലിജൻസ് മുന്നറിയിപ്പ് ഉണ്ടായിരുന്നു. ഡൽഹിയിൽ 9,10 തീയതികളിലാണ് ജി 20 ഉച്ചകോടി നടക്കുക.