
ഒബാമയും മിഷേലും
(Getty Images)
ഷിക്കാഗോ: കഴിഞ്ഞ കുറച്ചു നാളുകളായി ഒബാമ-മിഷേൽ ദമ്പതികൾ വിവാഹമോചനത്തിനു തയാറെടുക്കുന്നു എന്ന വാർത്തകളായിരുന്നു ലോക മാധ്യമങ്ങളിലെങ്ങും. അതിനു കാരണമായതാകട്ടെ ഏതാനും ചില പൊതു ചടങ്ങുകളിൽ ഒബാമ തനിയെ പങ്കെടുത്തു എന്നതായിരുന്നു. മുൻ അമെരിക്കൻ പ്രസിഡന്‍റ് ജിമ്മി കാർട്ടറിന്‍റെ മൃതസംസ്കാര ശുശ്രൂഷയിലും ഡോണൾഡ് ട്രംപിന്‍റെ രണ്ടാം പ്രസിഡൻഷ്യൽ സ്ഥാനാരോഹണ ചടങ്ങിലുമുൾപ്പെടെ ഒബാമയുടെ ഒപ്പം മിഷേലിന്‍റെ അസാന്നിധ്യം ഏറെ ശ്രദ്ധിക്കപ്പെട്ടിരുന്നു.
പാപ്പരാസികൾ സൃഷ്ടിച്ച വിവാഹ മോചന വാർത്തകൾക്ക് മിഷേൽ മറുപടിയൊന്നും ഇതുവരെ പറഞ്ഞിരുന്നില്ല. എന്നാലിപ്പോൾ തന്‍റെ പുതിയ സ്വാതന്ത്ര്യത്തെ കുറിച്ച് വിശദീകരിച്ചിരിക്കുകയാണ് മിഷേൽ.
ചൊവ്വാഴ്ച പുറത്തിറങ്ങിയ രണ്ടു ഭാഗങ്ങളുള്ള"വർക്ക് ഇൻ പ്രോഗ്രസ്' പോഡ്കാസ്റ്റിൽ മിഷേൽ ഒബാമ ഏകദേശം ഒരുമണിക്കൂർ വിവിധ വിഷയങ്ങളെ കുറിച്ച് സംസാരിച്ചു. ഭർത്താവും കുട്ടികളുമുള്ള താൻ പലപ്പോഴും അതിനാൽ തന്നെ മറ്റുള്ളവർക്കായി ചെയ്യാനാഗ്രഹിക്കുന്ന കാര്യങ്ങൾ മാറ്റി വയ്ക്കാറുണ്ടെന്ന് അവർ പറഞ്ഞു.
വിവാഹമോചനം പോലുള്ള കാര്യങ്ങൾ വർഷങ്ങൾക്കു മുമ്പു തന്നെ തനിക്കു വേണമെങ്കിൽ എടുക്കാമായിരുന്നു എന്നും എന്നാൽ സ്വന്തം കുട്ടികളെ അവരുടെ സ്വന്തം ജീവിതം നയിക്കാൻ അനുവദിച്ചും എനിക്കു ചെയ്യാനാവാതെ പോയ കാര്യങ്ങൾക്ക് പകരം അവരുടെ ജീവിതം ഉപയോഗിച്ചും വിവാഹ മോചന സ്വാതന്ത്ര്യം സ്വയം നൽകാതെയുമാണ് താൻ തന്നെത്തന്നെ നിയന്ത്രിക്കുന്നത് എന്ന് മിഷേൽ വ്യക്തമാക്കുന്നു. സമൂഹം തങ്ങളെ കുറിച്ച് കിംവദന്തികൾ പറഞ്ഞു പരത്തുമ്പോഴും ഈ വരുന്ന ഒക്റ്റോബറിൽ 32ാം വിവാഹ വാർഷികം ആഘോഷിക്കാനുള്ള തയാറെടുപ്പിലാണ് ദമ്പതികൾ.