

വിവാദ പ്രസ്താവനയുമായി ഇസ്രയേലി സുരക്ഷാ മന്ത്രി ഇറ്റാമർ ബെൻ ഗ്വിർ
ചെറിയ ഒരു ഇടവേളയ്ക്കു ശേഷം അതിശക്തമായ യുദ്ധമാണ് ഇപ്പോൾ ഇസ്രയേലും ഇറാനും തമ്മിൽ നടക്കുന്നത്. ഇതിനിടെ ഇറാനെ കത്തിക്കണമെന്ന യുദ്ധാഹ്വാനവുമായി രംഗത്തെത്തിയിരിക്കുകയാണ് ഇസ്രേയലി സുരക്ഷാ മന്ത്രി ഇറ്റാമർ ബെൻ ഗ്വിർ. ഇതോടെ സംഘർഷം രൂക്ഷമായി .
ബെയ്റൂട്ടിലെ ഇസ്രയേൽ ആക്രമണത്തിനു മറുപടിയായി ഇറാൻ ഇസ്രയേലിനെതിരെ ശക്തമായ മിസൈൽ ആക്രമണം നടത്തിയ സാഹചര്യത്തിലാണ് ഇത്. കഴിഞ്ഞ ഏപ്രിൽ മാസത്തിൽ ആരംഭിച്ച വെടിനിർത്തൽ തുടരുന്നതിനിടെ കഴിഞ്ഞ ദിവസങ്ങളിൽ നടത്തിയ ചർച്ചകൾ പരാജയപ്പെട്ടതിനെ തുടർന്നാണ് വീണ്ടും ആക്രമണം പൊട്ടിപ്പുറപ്പെട്ടത്.
ഇതോടെ ഇസ്രയേലും ഇറാനും ആക്രമണപ്പെരുമഴയാണ് പെയ്യുന്നത്. ഇതിനിടെയാണ് ഇന്നു രാത്രി ടെഹ്റാൻ കത്തിക്കണം എന്ന വിവാദ പ്രസ്താവനയുമായി ഇസ്രയേലി തീവ്രപക്ഷ പ്രതിനിധിയും സുരക്ഷാ മന്ത്രിയുമായ ഇറ്റാമർ ബെൻ ഗ്വിർ ആഹ്വാനം ചെയ്തത്.
എക്സിലൂടെയാണ് പ്രകോപനപരമായ ഈ പ്രസ്താവന ബെൻ-ഗ്വിർ നടത്തിയത്. പ്രകോപനപരമായ പ്രസ്താവനകൾ നടത്തുന്നതിൽ ഇസ്രയേലിൽ മുൻപന്തിയിലാണ് ദേശീയ സുരക്ഷാ മന്ത്രി കൂടിയായ തീവ്ര വലതുപക്ഷക്കാരൻ ഇറ്റാമിർ ബെൻ ഗ്വിർ. അദ്ദേഹത്തിന്‍റെ അൾട്രാ നാഷണലിസ്റ്റ് ഓട്സ്മ യെഹൂദിത് പാർട്ടിയുടെ കൂടി പിന്തുണയോടെയാണ് നെതന്യാഹു സർക്കാർ ആവശ്യമായ പിന്തുണ പാർലമെന്‍റിൽ നേടിയത്.
തീവ്ര വലതുപക്ഷ നേതാവ്
തീവ്ര വലതുപക്ഷ നിലപാടുകൾ മൂലം ഗ്വിറിന് ഫ്രാൻസ്, അയർലണ്ട് തുടങ്ങിയ രാജ്യങ്ങൾ യാത്രാ വിലക്കും പ്രഖ്യാപിച്ചിട്ടുണ്ട്. ഇസ്രയേലിലെ അറബ് വിരുദ്ധ പ്രത്യയശാസ്ത്രത്തിന്‍റെ ഏറ്റവും വലിയ പ്രയോക്താക്കളിൽ ഒരാളാണ് ഇറ്റാമർ.
ഇസ്രയേൽ-യുഎസ്-ഇറാൻ വെടിനിർത്തൽ കരാറുകളെ ശക്തിയുക്തം എതിർത്ത മന്ത്രിയാണ് ഇറ്റാമർ. യുദ്ധത്തിനിടെ ഇസ്രയേലിനെതിരേ ഇറാന്‍റെ കനത്ത മിസൈൽ ആക്രമണങ്ങൾ ഉണ്ടായപ്പോൾ ആഗോള ഇടപെടലിനായി ഗ്വിർ അഭ്യർഥനകൾ നടത്തി രംഗത്തെത്തി. അതിനിടെയാണ് പുതിയ ആക്രമണത്തിന് കരുത്തു പകർന്ന് ഇന്നു രാത്രി ടെഹ്റാൻ കത്തിക്കണം എന്ന പ്രകോപന പ്രസ്താവനയുമായി ഗ്വിർ രംഗത്തെത്തിയത്.