

മലേഷ്യൻ പ്രധാനമന്ത്രി അൻവർ ഇബ്രാഹിം
ന്യൂഡൽഹി: കാന്തപുരം എപി അബൂബക്കർ മുസ്‌ലിയാരുടെ എല്ലാ കാഴ്ചപ്പാടുകളോടും തനിക്ക് യോജിപ്പില്ലെന്നു മലേഷ്യൻ പ്രധാനമന്ത്രി അൻവർ ഇബ്രാഹിം. മലേഷ്യയിൽ സ്ത്രീകൾക്കു തുല്യാവകാശങ്ങളുണ്ടെന്ന് അദ്ദേഹത്തോടു മുഖത്തു നോക്കി പറയുമെന്നും അൻവർ ഇബ്രാഹിം പറഞ്ഞു. ബ്രിക്സ് ഉച്ചകോടിക്കു ശേഷം ഇന്നു കോഴിക്കോട്ട് കാന്തപുരവുമായി കൂടിക്കാഴ്ച നടത്താനിരിക്കെയാണ് അൻവർ ഇബ്രാഹിം നിലപാട് വ്യക്തമാക്കിയത്.
കാന്തപുരം പരമ്പരാഗത മതപണ്ഡിതനാണ്. ഖുറാനും ആചാരങ്ങളും പ്രവാചകചര്യകളും മനസിലാക്കുന്നതിൽ മികച്ച സംഭാവന നൽകിയിട്ടുള്ള അദ്ദേഹം മികച്ച അധ്യാപകനാണ്. എന്നാൽ, അദ്ദേഹം പറയുന്ന എല്ലാ കാര്യങ്ങളോടും യോജിക്കാൻ നമുക്കു കഴിയണമെന്നില്ല.
നഴ്സിങ് കോളെജ് ഉൾപ്പെടെ കാന്തപുരം നടത്തുന്ന സ്ഥാപനങ്ങളിൽ വിദ്യാർഥിനികളുണ്ട്. അവർ ആശുപത്രിയിൽ ജോലി ചെയ്യില്ലേ. മലേഷ്യയിൽ സ്ത്രീകൾക്ക് തുല്യാവകാശമുണ്ട്. ഞങ്ങളുടെ സർവകലാശാലകളിൽ ആൺകുട്ടികളെക്കാൾ കൂടുതൽ പെൺകുട്ടികളാണുള്ളത്. എന്‍റെ ഭാര്യ ഡോക്റ്ററാണ്. മക്കളെല്ലാവരും നല്ല വിദ്യാഭ്യാസം നേടി- അദ്ദേഹം പറഞ്ഞു. അഞ്ച് ദിവസത്തെ ഇന്ത്യാ പര്യടനത്തിന്‍റെ ഭാഗമായി എത്തിയ അന്‍വര്‍ ഇബ്രാഹിം കോഴിക്കോട്ടെത്തും.
മര്‍ക്കസ് സെന്‍ട്രല്‍ ക്യാംപസിലാവും കാന്തപുരവുമായി മലേഷ്യന്‍ പ്രധാനമന്ത്രിയുടെ കൂടിക്കാഴ്ച നടക്കുക. മര്‍ക്കസ് കണ്‍വെന്‍ഷന്‍ സെന്‍ററില്‍ നടക്കുന്ന പ്രത്യേക പ്രാര്‍ഥനാ സംഗമത്തിലും വിരുന്നിലും പ്രധാനമന്ത്രി പങ്കെടുക്കും.