

ലോകത്ത് ആദ്യം!! യുവതിയുടെ അറ്റുപോയ ചെവി കാൽപാദത്തിൽ തുന്നിച്ചേർത്ത് ഡോക്റ്റർമാർ
ai image
ബിജിങ്: ലോകത്തിലെ ആദ്യ വൈദ്യശാസ്ത്ര ശസ്ത്രക്രിയ വിജയകരമാക്കി ചൈനീസ് ശസ്ത്രക്രിയ വിദഗ്ധർ. ജോലി സ്ഥലത്തുണ്ടായ അപകടത്തിൽ മുറിഞ്ഞ് പോയ ചെവി താത്കാലികമായി യുവതിയുടെ കാലിൽ തുന്നിപ്പിടിപ്പിക്കുകയായിരുന്നു. മാസങ്ങൾക്ക് ശേഷം ചെവി യഥാസ്ഥാനത്ത് തന്നെ വിജയകരമായി തുന്നിച്ചേർക്കുകയും ചെയ്തു. മുറിഞ്ഞുപോയ ചെവി തലയിൽ വീണ്ടും ഘടിപ്പിക്കുന്നതിന് മുമ്പ് താൽക്കാലികമായി കാലിൽ തുന്നിച്ചേർത്ത ലോകത്തിലെ ആദ്യത്തെ വിജയകരമായ ശസ്ത്രക്രിയയാണിത്.
ഏപ്രിൽ മാസത്തിൽ ജിനാനിലെ ജോലിസ്ഥലത്തുണ്ടായ അപകടത്തിൽ യുവതിയ്ക്ക് ഗുരുതരമായി പരുക്കേറ്റിരുന്നു. അപകടത്തിൽ തലയോട്ടിയുടെ വലിയൊരു ഭാഗത്തിനൊപ്പം ചെവിയും മുറിഞ്ഞ് പോവുകയായിരുന്നു. യുവതിയുടെ പരുക്കുകൾ ജീവന് തന്നെ ഭീഷണിയായിരുന്നതായാണ് റിപ്പോർട്ടുകൾ. അപകടത്തിൽ യുവതിയുടെ തലയോട്ടി, കഴുത്ത്, മുഖത്തിന്‍റെ തൊലി എന്നിവ ഒന്നിലധികം കഷണങ്ങളായി മുറിഞ്ഞ് പോയിരുന്നു. ചെവി തലയോട്ടിയിൽ നിന്നും പൂർണമായും മുറിഞ്ഞിരുന്നെന്നും റിപ്പോർട്ടുകൾ പറയുന്നു.
രോഗിയെ ആശുപത്രിയിലെത്തിച്ച ഉടനെ മൈക്രോസർജറി ടീമിലെ ഡോക്റ്റർമാർ സാങ്കേതിക വിദ്യകൾ ഉപയോഗിച്ച് തലയോട്ടി ശസ്ത്രക്രിയ നടത്താൻ ശ്രമിച്ചെങ്കിലും തലയോട്ടിയിലെ കലകൾക്കും അതിന്‍റെ വാസ്കുലർ ശൃംഖലയ്ക്കുമുണ്ടായ വലിയ മുറിവുകളെ തുടർന്ന് ശസ്ത്രക്രിയ പരാജയപ്പെടുകയായിരുന്നു. തലയോട്ടിയിലെ കലകൾ ഭേദമാകാൻ സമയം ആവശ്യമായതിനാൽ ചെവി തലയോട്ടിയിൽ തുന്നിച്ചേർക്കാൻ സാധിക്കാതെ വരികയായിരുന്നു.
എന്നാൽ അത് വരെ ചെവി ജീവനോടെ നിലനിർക്കാനായി ഡോക്റ്റർമാർ മറ്റൊരു മാർഗം തേടുകയായിരുന്നു. അങ്ങനെയാണ് ചെവി കാൽപാദത്തിൽ തുന്നിച്ചേർക്കാൻ തീരുമാനിക്കുന്നത്. കാലിലെ ധമനികളും സിരകളും അനുയോജ്യമായ നിലവാരത്തിലുള്ളതാണെന്നും ചെവിയുടേതുമായി ഏറെ പൊരുത്തപ്പെടുന്നുണ്ടെന്നും ഡോക്ടർമാർ പറയുന്നു. കാലിലെ ചർമത്തിനും മൃദുവായ കലകൾക്കും തലയുടേതിന് സമാനമായി കനം കുറവായിരുന്നു. ട്രാൻസ്പ്ലാൻറേഷന് ശേഷം കുറഞ്ഞ ക്രമീകരണം മാത്രമേ അതിന് ആവശ്യമുള്ളൂ.
എന്നാൽ, പ്രാരംഭ ശസ്ത്രക്രിയ 10 മണിക്കൂർ നീണ്ടുനിന്നു. 0.2 മുതൽ 0.3 മില്ലിമീറ്റർ വരെ വ്യാസമുള്ള, അസാധാരണമായ സൂക്ഷ്മ ശസ്ത്രക്രിയ ആവശ്യമുള്ള, ചെവിയിലെ വളരെ സൂക്ഷ്മമായ രക്തക്കുഴലുകളെ ബന്ധിപ്പിക്കുന്നതായിരുന്നു ഏറ്റവും വലിയ വെല്ലുവിളി. എന്നാൽ അഞ്ച് ദിവസങ്ങൾക്ക് ശേഷം ചെവിയിലെ രക്തപ്രവാഹം തടസപ്പെട്ടു. ചെവി പർപ്പിൾ കലർന്ന കറുപ്പായി മാറി. തുടർന്ന് ഡോക്ടർമാർ കൃത്രിമമായി ചെവിയിലേക്ക് രക്തമെത്തിക്കുകയും തിരികെ എടുക്കുകയും ചെയ്താണ് ഇത് പരിഹരിച്ചത്. അഞ്ച് ദിവസത്തിനുള്ളിൽ ഏകദേശം 500 തവണ പുറത്ത് നിന്നും രക്തം നൽകേണ്ടി വന്നു.
ഇതിനിടെ രോഗിയുടെ വയറ്റിലെ തൊലി ഗ്രാഫ്റ്റ് ചെയ്ത് ഡോക്റ്റർമാർ തലയോട്ടി പുനർനിർമിച്ചിരുന്നു. അഞ്ച് മാസങ്ങൾക്ക് ശേഷം വീക്കം കുറയുകയും ശസ്ത്രക്രിയ ചെയ്ത എല്ലായിടവും സുഖപ്പെടുകയും ചെയ്തു. ഇതിന് പിന്നാലെ കഴിഞ്ഞ ഒക്റ്റോബറിൽ ആറ് മണിക്കൂർ നീണ്ടുനിന്ന ശസ്ത്രക്രിയയിലൂടെ ഡോക്റ്റർമാർ ചെവി യഥാസ്ഥാനത്ത് വിജയകരമായി തുന്നിച്ചേർത്തു.