
കൈ എന്ന കുഞ്ഞ് അമ്മ മഡലൈൻ ഡണിന്‍റെ കരങ്ങളിൽ(ഇടത്) കുഞ്ഞിന്‍റെ എക്സ്റേയിൽതെളിഞ്ഞു കാണുന്ന ബട്ടൺ ബാറ്ററി(വലത്)
file photo
ടെക്സസ്: ടെക്സസ് സ്വദേശിയായ മഡലൈൻ ഡൺ എന്ന അമ്മയുടെ കരുതലും വിവേകവും പതിനെട്ടു മാസം മാത്രം പ്രായമുള്ള അവരുടെ കുഞ്ഞിനെ രക്ഷപെടുത്തിയതിനെക്കുറിച്ചാണ് ഈ വാർത്ത. പതിവു പോലെ ഉറക്കിക്കിടത്തിയ കുഞ്ഞ് ഉണർന്നെഴുന്നേറ്റ് അസാധാരണമാം വിധം കരഞ്ഞു തുടങ്ങി. കുഞ്ഞിന്‍റെ കരച്ചിൽ കണ്ട് അമ്മ വേഗം കുഞ്ഞുമായി ആശുപത്രിയിലെത്തി. കുട്ടിക്ക് വയറ്റിൽ വൈറസ് ആണെന്നായിരുന്നു ഡോക്റ്റർമാരുടെ പക്ഷം.
തന്‍റെ കുഞ്ഞിനെ നന്നായി അറിയാവുന്ന ആ അമ്മ അതു വിശ്വസിക്കാൻ തയാറായില്ല. കുഞ്ഞിന്‍റെ വയറിന്‍റെ എക്സ്-റേ എടുക്കണമെന്നായി അവർ. ഒടുവിൽ അമ്മയുടെ നിർബന്ധത്തിനു വഴങ്ങി ഡോക്റ്റർമാർ കുഞ്ഞിന്‍റെ വയറിന്‍റെ എക്സ്-റേ എടുത്തപ്പോഴാണ് കണ്ടത്-കുഞ്ഞിന്‍റെ വയറ്റിൽ ഒരു ബട്ടൺ ബാറ്ററി!
ചെറുതും വൃത്താകൃതിയിൽ ഉള്ളതുമാണ് ബട്ടൺ ബാറ്ററികൾ. വാച്ചുകൾ, റിമോട്ട് കൺട്രോളുകൾ, കുട്ടികളുടെ കളിപ്പാട്ടങ്ങൾ, എന്നിവയിൽ ഒക്കെ ഇത് സാധാരണയായി ഉപയോഗിക്കാറുണ്ട്. ഇതു വിഴുങ്ങിയാൽ തൊണ്ടയിൽ കുടുങ്ങാനും ഗുരുതരമായ അപകടങ്ങൾ ഉണ്ടാകാനും സാധ്യത ഏറെയാണ്. ഉള്ളിലെത്തിയാലാകട്ടെ ഉമിനീരുമായി ചേരുമ്പോൾ ഇത് രാസപ്രവർത്തനത്തിൽ ഏർപ്പെടുകയും അന്നനാളത്തെ ഗുരുതരമായി പൊള്ളിക്കുകയും ചെയ്യും.
കുഞ്ഞിന് ഉടൻ തന്നെ ജീവൻ രക്ഷിക്കാനുള്ള ശസ്ത്രക്രിയ നടത്തി. ഇത്തരം അപകടങ്ങൾ ഒഴിവാക്കാൻ കുട്ടികളുടെ കളിപ്പാട്ടങ്ങളിൽ ബാറ്ററികൾ സുരക്ഷിതമായി ഉറപ്പിച്ചിട്ടുണ്ടെന്ന് ഉറപ്പാക്കാൻ ഡൺ മാതാപിതാക്കളോട് ആവശ്യപ്പെടുന്നു. യുഎസിൽ പ്രതിവർഷം 35,00ലധികം ബട്ടൺ ബാറ്ററി വിഴുങ്ങൽ കേസുകൾ റിപ്പോർട്ട് ചെയ്യുന്നുണ്ട് എന്നാണ് കണക്കുകൾ. ഈ അപകടങ്ങൾ വർധിക്കുന്നതായാണ് കണക്കുകൾ വ്യക്തമാക്കുന്നതെന്ന് ഫിലാദൽഫിയയിലെ ചിൽഡ്രൻസ് ഹോസ്പിറ്റൽ (CHOP) പറയുന്നു.