

Donald Trump
ന്യൂയോർക്ക്: അമെരിക്കൻ പ്രസിഡന്‍റ് ഡൊണാൾഡ് ട്രംപ് പ്രമുഖ ദിനപത്രമായ ന്യൂയോർക്ക് ടൈംസിനെതിരെ 1500 കോടി ഡോളറിന്‍റെ (ഏകദേശം 1.25 ലക്ഷം കോടി ഇന്ത്യൻ രൂപ) മാനനഷ്ട ഹർജി സമർപ്പിച്ചു. ഫ്ളോറിഡയിലെ ജില്ലാ കോടതിയിലാണ് ഹർജി ഫയൽ ചെയ്തിരിക്കുന്നത്. ന്യൂയോർക്ക് ടൈംസിനും അതിൽ പ്രവർത്തിക്കുന്ന നാല് മാധ്യമ പ്രവർത്തകർക്കും എതിരെയാണ് പരാതി.
2024 ലെ പ്രസിഡൻഷ്യൽ തെരഞ്ഞെടുപ്പിന് മുന്നോടിയായി പ്രസിദ്ധീകരിച്ച ചില ലേഖനങ്ങളും രണ്ട് പത്രപ്രവർത്തകർ രചിച്ച ഒരു പുസ്തകവും തന്നെ അപകീർത്തിപ്പെടുത്തുന്ന രീതിയിലുള്ളതാണ് എന്നാണ് ട്രംപിന്‍റെ ആരോപണം.
ന്യൂയോർക്ക് ടൈംസ് മനഃപൂർവം തന്നെ ലക്ഷ്യമിട്ട് തെറ്റായ വിവരങ്ങൾ പ്രചരിപ്പിച്ചു എന്ന് ഹർജിയിൽ ട്രംപ് ആരോപിക്കുന്നു. ഇക്കാര്യത്തിൽ ന്യൂയോർക്ക് ടൈംസിന്‍റെ പ്രതികരണം ഇതുവരെ പുറത്തു വന്നിട്ടില്ല.
മാധ്യമങ്ങളോട് കടുത്ത പോരാട്ടം തുടരുന്ന ട്രംപ്, കഴിഞ്ഞ ജൂലൈയിൽ വോൾ സ്ട്രീറ്റ് ജേണലിനും മാധ്യമ ഭീമൻ റൂപേർട്ട് മർഡോക്കിനുമെതിരേയും 1000 കോടി ഡോളറിന്‍റെ മാനനഷ്ട കേസുകളും ഫയൽ ചെയ്തിരുന്നു. വോൾ സ്ട്രീറ്റ് ജേണൽ ജെഫ്രി എപ്സ്റ്റീനുമായുള്ള ട്രംപിന്‍റെ ബന്ധത്തെക്കുറിച്ച് റിപ്പോർട്ട് ചെയ്തതിനെച്ചൊല്ലിയായിരുന്നു ഹർജി.