"മൂന്ന് അനിഷ്ട സംഭവങ്ങൾ''; യുഎന്നിൽ തനിക്കെതിരേ അട്ടിമറി ശ്രമം നടന്നെന്ന ആരോപണവുമായി ട്രംപ്

എസ്‌കലേറ്റർ നിലച്ചു, ടെലിപ്രോംപ്റ്റർ തകരാറിലായി, അസംബ്ലി ഹാളിലെ ശബ്‌ദ പ്രശ്‌നങ്ങൾ എന്നീ സംഭവങ്ങളാണ് ട്രംപ് ചൂണ്ടിക്കാട്ടുന്നത്
donald trump un sabotage

"മൂന്ന് അനിഷ്ട സംഭവങ്ങൾ''; യുഎന്നിൽ തനിക്കെതിരേ അട്ടിമറി ശ്രമം നടന്നെന്ന ആരോപണവുമായി ട്രംപ്

Updated on

വാഷിങ്ടൺ: യുഎന്നിൽ തനിക്കെതിരേ അട്ടിമറിശ്രമം നടന്നെന്ന ആരോപണവുമായി അമെരിക്കൽ പ്രസിഡന്‍റ് ഡോണൾഡ് ട്രംപ്. ചൊവ്വാഴ്ച യുഎൻ പൊതുസഭയിലേക്കുള്ള തന്‍റെ സന്ദർശനത്തിനിടെ ഐക്യരാഷ്ട്രസഭ ആസ്ഥാനത്ത് നടന്ന മൂന്ന് അനിഷ്ട സംഭവങ്ങൾ ചൂണ്ടിക്കാട്ടിയായിരുന്നു ട്രംപിന്‍റെ ആരോപണം. 'ട്രിപ്പിൾ അട്ടിമറി' എന്ന് ഇതിനെ വിശേഷിപ്പിച്ച ട്രംപ് സംഭവങ്ങളിൽ അന്വേഷണം നടത്തണമെന്നും ആവശ്യപ്പെട്ടു.

എസ്‌കലേറ്റർ നിലച്ചു, ടെലിപ്രോംപ്റ്റർ തകരാറിലായി, അസംബ്ലി ഹാളിലെ ശബ്‌ദ പ്രശ്‌നങ്ങൾ എന്നിവയുൾപ്പെടെയുള്ള സംഭവങ്ങളാണ് ട്രംപ് ചൂണ്ടിക്കാട്ടുന്നത്. ട്രംപും ഭാര്യയും എസ്‌കലേറ്ററിൽ ക‍യറിയ ഉടൻ അത് നിശ്ചലമായത് വാർത്തായായിരുന്നു. തുടർന്ന് ഇരുവരും പടികൾ കയറിയാണ് പോയത്. ട്രംപ് സംസാരിക്കുന്നതിനിടെ ടെലിപ്രോംപ്റ്റർ തകരാറിലായിരുന്നു. ഇതാണ് രണ്ടാമത്തെ ആരോപണം. താന്‍ പ്രസംഗിക്കുന്നതിനിടെ ശബ്ദം നിലച്ചുപോയെന്നും ഇയര്‍പീസുകളിലെ തകരാര്‍ കാരണം പലര്‍ക്കും പ്രസംഗം കേൾക്കാനായില്ലെന്നതാണ് മുന്നാമത്തെ ആരോപണം.

യുഎസ് പ്രതിനിധിസംഘത്തിലുണ്ടായിരുന്ന ഒരു വീഡിയോഗ്രാഫറാണ് ട്രംപിന് മുന്‍പായി എസ്‌കലേറ്ററില്‍ കയറിയതെന്നും അദ്ദേഹം അബദ്ധത്തിൽ സ്റ്റോപ്പ് ബട്ടൺ അമർത്തിയതാണ് എസ്കലേറ്റർ നിന്നുപോവാൻ കാരണമെന്നും യുഎസ് വക്താവ് പ്രതികരിച്ചിരുന്നു. ടെലിപ്രോംപ്റ്ററിന്‍റെ പൂർ‌ണ ഉത്തരവാദിത്വം വൈറ്റ് ഹൗസിനാണെന്നും അതിൽ യുഎന്നിന് പങ്കില്ലെന്നും വക്താക്കൾ‌ വ‍്യക്തമാക്കിയിട്ടുണ്ട്.

എന്നാൽ ഈ മൂന്ന് സംഭവങ്ങളും മനപ്പൂർവമുള്ളതാണെന്നും അട്ടിമറി ശ്രമമാണ് ഉണ്ടായതെന്നുമാണ് ട്രംപ് ആരോപിക്കുന്നത്. എക്സലേറ്റർ പെട്ടന്ന് നിന്നപ്പോൾ താനും ഭാര്യയും വീഴാതിരുന്നത് മുറുകെ കമ്പിയിൽ പിടിച്ചതിനാലാണെന്നും അല്ലെങ്കിലതൊരു ദുരന്തമായി മാറുമായിരുന്നെന്നും അദ്ദേഹം പ്രതികരിച്ചു. മൂന്നു സംഭവങ്ങളിലും കൃത്യമായ അന്വേഷണം വേണമെന്നും കാരണക്കാരായവരെ അറസ്റ്റു ചെയ്യണമെന്നും അദ്ദേഹം ആവശ്യപ്പെടുന്നു.

Trending

No stories found.

Latest News

No stories found.
logo
Metro Vaartha
www.metrovaartha.com