

ദുബായ് മെട്രൊ ബ്ലൂലൈൻ സ്റ്റേഷന്റെ രൂപരേഖ.
AI generated summary, newsroom reviewed
ദുബായ്: ദുബായ് മെട്രൊ ബ്ലൂലൈനിൽ 2029 സെപ്റ്റംബർ ഒമ്പതിന് ട്രെയിൻ സർവീസുകൾ ആരംഭിക്കുമെന്ന് അധികൃതർ വ്യക്തമാക്കി. ബ്ലൂലൈനിൽ ഓടുന്ന ട്രെയിനുകളുടെ രൂപകൽപ്പനയും പുറത്തുവിട്ടിട്ടുണ്ട്. പദ്ധതിയുടെ നിർമാണ പ്രവർത്തനങ്ങൾ 30 ശതമാനത്തോളം പൂർത്തിയായതായും അധികൃതർ പറഞ്ഞു.
മറ്റ് ലൈനുകളിലെ പോലെ ഗോൾഡ്, സിൽവർ, വിമൻസ് ആൻഡ് ചിൽഡ്രൻ കാബിനുകളാണ് ബ്ലൂലൈനിലുണ്ടാവുക. വയർലെസ് മൊബൈൽ ചാർജിങ് ഉൾപ്പെടയുള്ള സൗകര്യങ്ങൾ ഗോൾഡ് ക്ലാസിലുണ്ടാകും. നക്ഷത്രങ്ങൾ നിറഞ്ഞ ആകാശംപോലെയുള്ള മേൽക്കൂരയാണ് ഉണ്ടാവുക.
വയർലെസ് ചാർജിങ് സംവിധാനം, ഇന്റലിജന്റ് ലൈറ്റിങ്, സുരക്ഷയും പ്രവർത്തനക്ഷമതയും ഉറപ്പാക്കുന്ന അത്യാധുനിക സ്മാർട്ട് സാങ്കേതികവിദ്യകൾ എന്നിവയും ഇതിന്റെ പ്രത്യേകതകളാണ്. ഒരേസമയം പരമാവധി 1,246 യാത്രക്കാരെ ഉൾക്കൊള്ളാൻ ഈ ട്രെയിനുകൾക്ക് സാധിക്കും. ദുബായ് കിരീടാവകാശി ഷെയ്ഖ് ഹംദാൻ ബിൻ മുഹമ്മദ് ബിൻ റാഷിദ് ആൽ മക്തൂം ദുബായ് ഫെസ്റ്റിവൽ സിറ്റി സന്ദർശിച്ച് ബ്ലൂ ലൈൻ നിർമാണ പുരോഗതി വിലയിരുത്തി.
എല്ലാ ക്ലാസിലും നഗരക്കാഴ്ചകൾ കൂടുതൽ വ്യക്തമായി ആസ്വദിക്കാൻ കഴിയുന്ന വിധമുള്ള വിൻഡോകൾ ഉണ്ടാവും. സിൽവർ ക്ലാസിൽ കൂടുതൽ പേരെ ഉൾക്കൊള്ളാൻ കഴിയുന്ന വിധമായിരിക്കും സീറ്റിങ് സംവിധാനം. സ്ത്രീകളുടെയും കുട്ടികളുടെ യാത്ര കൂടുതൽ ആസ്വാദ്യകരമാക്കുന്ന വിധമായിരിക്കും അവർക്കുള്ള പ്രത്യേക കാബിൻ. ട്രെയിനിനകത്തെ എയർകണ്ടീഷൻ, ഡിസ്പ്ലേ സംവിധാനങ്ങൾ പരിസ്ഥിതി സൗഹൃദമായിരിക്കും. പുതിയ സാങ്കേതിക സംവിധാനങ്ങളാകും ഇതിനായി ഉപയോഗിക്കുക.
30 കിലോമീറ്റർ ദൈർഘ്യമുള്ള ബ്ലൂ ലൈൻ രണ്ട് ശാഖകളിലായി 14 സ്റ്റേഷനുകളിലൂടെയാണ് കടന്നുപോകുന്നത്. അൽ ജദ്ദാഫിലെ ക്രീക്ക് ഇന്റർചേഞ്ചിൽ നിന്ന് (ഗ്രീൻ ലൈൻ) ആരംഭിച്ച് ദുബായ്
ഫെസ്റ്റിവൽ സിറ്റി, ദുബായ് ക്രീക്ക് ഹാർബർ, റാസ് അൽ ഖോർ, ഇന്റർനാഷണൽ സിറ്റി 1, 2, 3, ദുബായ് സിലിക്കൺ ഒയാസിസ്, അക്കാദമിക് സിറ്റി എന്നിവയെ ബന്ധിപ്പിക്കുന്നതാണ് 21 കിലോമീറ്റർ ദൈർഘ്യമുള്ള ആദ്യ ശാഖ. അൽ റാശിദിയയിലെ സെന്റർപോയന്റ് സ്റ്റേഷനിൽ നിന്ന് (റെഡ് ലൈൻ) ആരംഭിച്ച് മിർദിഫ്, അൽ വർഖ വഴി ഇന്റർനാഷണൽ സിറ്റി 1-ൽ എത്തുന്നതാണ് ഒമ്പത് കിലോമീറ്റർ ദൈർഘ്യമുള്ള രണ്ടാമത്തെ ശാഖ.
ബ്ലൂ ലൈനിലെ രണ്ട് സ്റ്റേഷനുകൾ ലോക റെക്കോഡുകളോടെയാണ് നിർമിക്കുന്നത്. ദുബായ് ക്രീക്ക് ഹാർബർ സ്റ്റേഷൻ (ഇമാർ പ്രോപ്പർട്ടീസ് സ്റ്റേഷൻ) 74 മീറ്റർ ഉയരത്തിൽ നിർമിക്കുന്ന ലോകത്തിലെ ഏറ്റവും ഉയരം കൂടിയ മെട്രൊ സ്റ്റേഷനായി മാറും. അതുപോലെ, 44,000 ചതുരശ്ര മീറ്ററിലധികം വിസ്തൃതിയുള്ള ഇന്റർനാഷണൽ സിറ്റി-1 സ്റ്റേഷൻ ലോകത്തിലെ ഏറ്റവും വലിയ ഭൂഗർഭ ഇന്റർചേഞ്ച് സ്റ്റേഷനായിരിക്കും. പ്രതിദിനം 3.5 ലക്ഷം യാത്രക്കാരെ ഉൾക്കൊള്ളാൻ ശേഷിയുള്ള ഈ സ്റ്റേഷനിലാണ് ബ്ലൂ ലൈനിന്റെ രണ്ട് ശാഖകളും ഒത്തുചേരുന്നത്.
AI generated summary, newsroom reviewed