15 വർഷം നിറഞ്ഞോടുന്ന ദുബായ് മെട്രൊ; ലക്ഷ്യം 100% കൃത്യത

സ്വയം നിയന്ത്രിത മെട്രൊ ശൃംഖല നടപ്പാക്കിയ മിഡിൽ ഈസ്റ്റിലെ ആദ്യ നഗരമാണ് ദുബായ്

ദുബായ്: ദുബായ് മെട്രൊ നിറഞ്ഞോടാൻ തുടങ്ങിയിട്ട് തിങ്കളാഴ്ച പതിനഞ്ച് വർഷം പൂർത്തിയാവുന്നു. 2009 സെപ്തംബർ 9ന് പ്രവർത്തനമാരംഭിച്ച ദുബായ് മെട്രൊ ഇന്ന് ദുബായിലെയും സമീപ എമിറേറ്റുകളിലെയും താമസക്കാരുടെ യാത്രാ ജീവിതത്തിന്‍റെ അവിഭാജ്യഘടകമാണ്.

ശൈഖ് മുഹമ്മദ് ബിൻ റാഷിദ് അൽ മക്തൂം എന്ന ഭരണാധികാരിയുടെ ഇച്ഛാശക്തിയുടെയും ദീർഘ വീക്ഷണത്തിന്‍റെയും ഫലമാണ് മെട്രൊ. സ്വയം നിയന്ത്രിത മെട്രൊ ശൃംഖല നടപ്പാക്കിയ മിഡിൽ ഈസ്റ്റിലെ ആദ്യ നഗരമാണ് ദുബായ്.15 വർഷം കൊണ്ട് ദുബായ് മെട്രൊയിൽ യാത്ര ചെയ്തത് 2.4 ബില്യൺ ആളുകളാണ്.

ദുബായ് മെട്രൊയുടെ നിലവിലെ സമയ നിഷ്ഠ 99.7 ശതമാനമാണെന്നും ഇത് 100ലേക്ക് എത്തിക്കണമെന്നാണ് തങ്ങൾ ആഗ്രഹിക്കുന്നതെന്നും യുഎഇ വൈസ് പ്രസിഡന്‍റും പ്രധാന മന്ത്രിയും ദുബായ് ഭരണാധികാരിയുമായ ശൈഖ് മുഹമ്മദ് ബിൻ റാഷിദ് അൽ മക്തൂം സമൂഹ മാധ്യമത്തിൽ കുറിച്ചു.

ദുബായ് മെട്രൊയുടെ തുടർച്ചയായ വളർച്ച ശൈഖ് മുഹമ്മദിന്‍റെ കാഴ്ചപ്പാടിന്‍റെ തെളിവാണെന്നും 'മെഗാ പ്രോജക്ടുകൾ' വികസിപ്പിക്കാനുള്ള എമിറേറ്റിന്‍റെ കഴിവിന് അടിവരയിടുന്നതാണെന്നും ദുബായ് കിരീടാവകാശിയും യുഎഇ ഉപ പ്രധാനമന്ത്രിയും പ്രതിരോധ മന്ത്രിയുമായ ശൈഖ് ഹംദാൻ ബിൻ മുഹമ്മദ് ബിൻ റാഷിദ് അൽ മക്തൂം പറഞ്ഞു.

2023ൽ ദുബായ് മെട്രൊയുടെ റെഡ്, ഗ്രീൻ ലൈനുകളിൽ 260 ദശലക്ഷം യാത്രകൾ നടന്നതായി റോഡ്‌സ് ആൻഡ് ട്രാൻസ്‌പോർട്ട് അതോറിറ്റി (ആർടിഎ) അറിയിച്ചു. ഇത് മുൻവർഷത്തെ അപേക്ഷിച്ച് 15 ശതമാനം കൂടുതലാണെന്നും ആർടിഎ വിശദീകരിച്ചു.

2040 ഓടെ മെട്രൊ, ട്രാം സ്റ്റേഷനുകളുടെ എണ്ണം ഇരട്ടിയാക്കാനുള്ള പദ്ധതി ഇക്കഴിഞ്ഞ ജൂൺ മാസത്തിൽ ദുബായിൽ തുടങ്ങിയിട്ടുണ്ട്. ഇപ്പോൾ റെഡ്, ഗ്രീൻ ലൈനുകളിലായി ദുബായിൽ 55 മെട്രൊ സ്റ്റേഷനുകളുണ്ട് (35 റെഡ്, 20 ഗ്രീൻ). കൂടാതെ 11 ട്രാം സ്റ്റോപ്പുകളുമുണ്ട്.

2030ഓടെ 140 കിലോമീറ്റർ ദൈർഘ്യമുള്ള 96 സ്റ്റേഷനുകളായി ഇത് വർധിപ്പിക്കാനാണ് ലക്ഷ്യമിടുന്നത്. ആഘോഷങ്ങളുടെ ഭാഗമായി നിരവധി പരിപാടികൾ ആർടിഎ ഒരുക്കിയിട്ടുണ്ട്.

മെട്രോ ബേബീസ്

2009 മുതൽ 2023 വരെയുള്ള വർഷങ്ങളിൽ സെപ്റ്റംബർ 9 ന് ജനിച്ച കുട്ടികളുടെ സംഗമമാണ് ഏറ്റവും ആകർഷകമായ ഒരു പരിപാടി. സെപ്റ്റംബർ 21 ന് ദുബായി ലെഗോ ലാൻഡിലാണ് മെട്രൊ ബേബിമാരുടെ സംഗമം നടക്കുന്നത്. ഇതിനായി ഇക്കാലയളവിൽ സെപ്റ്റംബർ 9ന് ജനിച്ച കുട്ടികളുടെ മാതാപിതാക്കൾ www.rta.ae എന്ന വെബ്സൈറ്റിൽ രജിസ്റ്റർ ചെയ്യണം.

ഐസ് ക്രീം കഴിച്ച് നോൽ കാർഡ് നേടാം

ഇഗ്ലുവിന്‍റെ മെട്രൊ ആകൃതിയിലുള്ള സവിശേഷമായ ഐസ് ക്രീം കഴിച്ചാൽ നോൽ ഡിസ്‌കൗണ്ട് കാർഡ് നേടാനുള്ള അവസരമാണ് യാത്രികരെ കാത്തിരിക്കുന്നത്. ഇഗ്‌ളൂ നൽകുന്ന ഐസ്‌ക്രീമുകളിൽ 5000 എണ്ണത്തിന്‍റെ സ്റ്റിക്കുകളിൽ മാത്രം പ്രത്യേക കോഡ് ഉണ്ടാകും. ഇത് നൽകിയാൽ നോൽ തെർഹാൽ ഡിസ്‌കൗണ്ട് കാർഡ് ലഭിക്കും. വാർഷികത്തിന്‍റെ ഭാഗമായി എമിറേറ്റ്സ് പോസ്റ്റ് പ്രത്യേകസ്റ്റാമ്പ് പുറത്തിറക്കും. ലെഗോ മിഡിലീസ്റ്റ് രൂപകൽപന ചെയ്ത വാർഷിക ലോഗോ പതിപ്പിച്ച പ്രത്യേക എഡിഷൻ നോൽ കാർഡ് ലഭ്യമാക്കുമെന്നും ആർടിഎ അറിയിച്ചു.

അൽ ജാബർ ഗാലറിയിൽ മെട്രൊയുമായി ബന്ധപ്പെട്ട സ്മരണികൾ വാങ്ങാനും അവസരമുണ്ട്. സെപ്റ്റംബർ 21 മുതൽ 27 വരെ സ്വദേശത്തെയും വിദേശത്തെയും സംഗീത പ്രതിഭകൾ പങ്കെടുക്കുന്ന സംഗീത പരിപാടികൾ മെട്രൊ സ്റ്റേഷനുകളിൽ നടക്കും. ബ്രാൻഡ് ദുബായിലാണ് നാലാമത് മെട്രൊ സംഗീതോത്സവത്തിന്‍റെ സംഘാടകർ.

Trending

No stories found.

More Videos

No stories found.