
ദുബായ്: വിവാഹ കരാർ ഒപ്പിടുന്നതിന് വീഡിയോ കോൺഫറൻസിംഗിലൂടെ സാക്ഷ്യം വഹിക്കാൻ അധികാരികൾ അനുവദിച്ചതോടെ, മകളുടെ വിവാഹ ചടങ്ങിന്‍റെ ഭാഗമാവാനുള്ള തടവുകാരന്‍റെ ആഗ്രഹം സഫലമായി. ജനറൽ ഡിപാർട്ട്‌മെന്‍റ് ഓഫ് പ്യൂണിറ്റിവ് ആന്‍റ് കറക്ഷണൽ എസ്റ്റാബ്ലിഷ്‌മെന്‍റ് (ജിഡിപിസിഇ) ഈ ആഗ്രഹം അനുവദിക്കുകയും അതിനായി ഓൺലൈനിൽ ക്രമീകരണം നടത്തുകയും ചെയ്തു.
ഒരു അന്തേവാസിയുടെ കുടുംബം പിതാവിനോട് മകളുടെ വിവാഹ കരാറിൽ ഓൺലൈനിൽ പങ്കെടുക്കാൻ അഭ്യർഥിച്ചപ്പോൾ, അഭ്യർഥന അധികൃതർ പെട്ടെന്ന് അംഗീകരിക്കുകയും, പിതാവ് കുടുംബവുമായി ബന്ധപ്പെട്ട് ചടങ്ങിന് സാക്ഷ്യം വഹിക്കുകയും, വീഡിയോ കോൺഫറൻസിങ്ങിലൂടെ ഉദ്യോഗസ്ഥനുമായി ആവശ്യമായ എല്ലാ നിയമപരമായ നടപടിക്രമങ്ങളും പൂർത്തിയാക്കുകയും ചെയ്തുവെന്ന് ജിഡിപിസിഇ ഡയറക്ടർ മേജർ ജനറൽ മർവാൻ അബ്ദുൽ കരീം ജുൽഫാർ പറഞ്ഞു.
ഈ പ്രത്യേക അവസരത്തിന്‍റെ സന്തോഷം പങ്കിടാനും മകളുടെ വിവാഹ ഉടമ്പടിക്ക് സാക്ഷ്യം വഹിക്കാനും അനുവദിച്ചതിന് ദുബായ് പൊലീസിനും ബന്ധപ്പെട്ട അധികൃതർക്കും തടവുകാരൻ നന്ദി പറഞ്ഞു.
വീഡിയോ കോൺഫറൻസിങ്ങിലൂടെ കുടുംബാംഗങ്ങളുമായി ആശയ വിനിമയം നടത്തുന്നത് വഴി അന്തേവാസികൾക്ക് സന്തോഷം പകരാൻ ദുബായ് പൊലീസ് പ്രതിജ്ഞാബദ്ധമാണെന്ന് മേജർ ജനറൽ ജുൽഫാർ പറഞ്ഞു. ഈ സംരംഭം അവരുടെ മാനസിക സ്ഥിരത മെച്ചപ്പെടുത്തുന്നതിനും കുടുംബ ബന്ധങ്ങൾ ശക്തിപ്പെടുത്തുന്നതിനും ഉപകരിക്കുമെന്ന് അദ്ദേഹം കൂട്ടിച്ചേർത്തു.