ദുബായ്: സേവനത്തിലെ മികവിന് പൊലീസ് ഓപ്പറേഷൻ ജനറൽ ഡിപാർട്ട്മെൻറ് കമാൻഡ് ആൻഡ് കൺട്രോൾ സെന്‍ററിലെ എമർജൻസി കോൾ കൈകാര്യം ചെയ്യുന്നവരെയും നായിഫിലെയും ഖിസൈസ് പൊലീസ് സ്റ്റേഷനിയിലെയും പട്രോളിംഗ് ഓഫീസർമാരെയും ദുബായ് പൊലിസ് ആക്ടിംഗ് കമാൻഡർ-ഇൻ-ചീഫ് എക്സ്പെർട് മേജർ ജനറൽ ഖലീൽ ഇബ്രാഹിം അൽ മൻസൂരി ആദരിച്ചു. ജോലിയിലുള്ള അർപ്പണ ബോധം, സുരക്ഷയും സംരക്ഷണവും വർധിപ്പിക്കാനുള്ള ശ്രമങ്ങൾ, സംഭവങ്ങളോടുള്ള ദ്രുത പ്രതികരണം എന്നിവ കണക്കിലെടുത്താണ് ഈ അംഗീകാരം.
സംശയാസ്പദ നിലയിലുള്ളവരെ പിടികൂടുന്നതിനും നിയമ ലംഘനങ്ങൾ പരിഹരിക്കുന്നതിനും റോഡുകളിലെ ഗതാഗതം നിലനിർത്തുന്നതിനും പട്രോളിങ് ഉദ്യോഗസ്ഥരുടെ സേവനങ്ങൾ പ്രധാനമാണെന്നും അദ്ദേഹം വിലയിരുത്തി. ദുബായ് പൊലീസ് കുറ്റാന്വേഷണ വിഭാഗത്തിന്‍റെ നേതൃത്വത്തിലായിരുന്നു ചടങ്ങ്. പൊലീസ് ഓപ്പറേഷൻസ് ആക്ടിംഗ് അസിസ്റ്റന്‍റ് കമാൻഡർ-ഇൻ-ചീഫ് മേജർ ജനറൽ സെയ്ഫ് മുഹൈർ അൽ മസ്‌റൂഇയും പങ്കെടുത്തു.
ജനറൽ ഡിപാർട്ട്മെന്‍റ് ഓഫ് ആന്‍റി നാർകോട്ടിക് വകുപ്പ് ഡയറ ക്ടർ മേജർ ജനറൽ ഈദ് മുഹമ്മദ് ഥാനി ഹാരിബ്, ബർദുബായ് പൊലിസ് സ്റ്റേഷൻ ഡയരക്ടർ മേജർ ജനറൽ ഡോ. അബ്ദുല്ല ഖാദിം സുറൂർ അൽ മാസം തുടങ്ങിയ നിരവധി പ്രമുഖ പൊലിസ് ഓഫീസർമാർ സന്നിഹിതരായിരുന്നു.
മാനുഷിക സേവനങ്ങൾ നൽകുന്നതിനും ജീവൻ രക്ഷിക്കുന്നതിനും മറ്റുള്ളവരെ സഹായിക്കുന്നതിനും എമർജൻസി കോൾ റെസ്‌പോണ്ടർ വഹിക്കുന്ന പങ്ക് മേജർ ജനറൽ അൽ മൻസൂരി എടുത്തു പറഞ്ഞു. 999 ഹോട്ട്‌ലൈൻ വഴി അടിയന്തര കോളുകൾ സ്വീകരിക്കുന്നത് ഒരു മാനുഷിക ദൗത്യമാണെന്നും അദ്ദേഹം അഭിപ്രായപ്പെട്ടു. വിവിധ സംഭവങ്ങളോടുള്ള ദ്രുതഗതിയിലുള്ള പ്രതികരണത്തിൽ പട്രോളിംഗ് ഓഫീസർമാരുടെ പ്രധാന പങ്കിനെയും അൽ മൻസൂരി അഭിനന്ദിച്ചു.