dubai rain flights from kerala delayed
dubai rain flights from kerala delayed

ദുബൈയില്‍ മഴയ്ക്കു നേരിയ ശമനം; നിരവധി വിമാനങ്ങൾ റദ്ദാക്കി, വിവരങ്ങൾ..

അപ്രതീക്ഷിത മഴയ്ക്കു കാരണം ക്ലൗഡ് സീഡിങ് ആണെന്ന അഭ്യുഹങ്ങള്‍ തള്ളി കാലാവസ്ഥാ നിരീക്ഷണ കേന്ദ്രം
Published on

കൊച്ചി: ദുബൈയില്‍ നിന്നും ആശ്വാസ വാർത്ത. ദിവസങ്ങളായി പെയ്തുകൊണ്ടിരുന്ന മഴയ്ക്കു നേരിയ ശമനം. എന്നാല്‍ റോഡിലെ വെള്ളക്കെട്ട് പൂര്‍ണമായി നീക്കാനായിട്ടില്ല. അടുത്ത 5 ദിവസത്തേക്കു മഴയ്ക്കു സാധ്യതയില്ലെന്നാണ് അറിയിപ്പ്.

റിപ്പോർട്ടുകൾ പ്രകാരം 75 വര്‍ഷത്തിനിടയിൽ ഏറ്റവും വലിയ മഴയാണ് ചൊവ്വാഴ്ച മാത്രം പെയ്തത്. ശക്തമായ മഴയും കാറ്റും മൂലം കോടികളുടെ നാശനഷ്ടമാണ് സംഭവിച്ചിരിക്കുന്നതെന്നാണ് കണക്കാക്കുന്നത്. അപ്രതീക്ഷിത മഴയ്ക്ക് കാരണം ക്ലൗഡ് സീഡിങ് ആണെന്ന അഭ്യുഹങ്ങള്‍ ശരിയല്ലെന്ന് കാലാവസ്ഥാ നിരീക്ഷണ കേന്ദ്രം വ്യക്തമാക്കി. പ്രതികൂല സാഹചര്യം കണക്കിലെടുത്ത് സ്‌കൂളുകള്‍ക്ക് ഇന്നും നാളെയും ഓണ്‍ലൈന്‍ ക്ലാസ് ഏര്‍പ്പെടുത്തിയിട്ടുണ്ട്.

ഇതേസമയം, നെടുമ്പാശേരിയില്‍ നിന്നും കോഴിക്കോട് നിന്നും ദുബൈയിലേക്ക് പുറപ്പെടേണ്ട വിമാനങ്ങള്‍ വൈകുന്നു. ബുധനാഴ്ച രാത്രി 10.20 ന് കൊച്ചിയിൽ നിന്നും ദുബൈക്ക് പോകേണ്ടിയിരുന്ന സ്‌പൈസ് ജെറ്റ് വിമാനം പുറപ്പെട്ടില്ല. ഇന്ന് ഉച്ചക്ക് 12.15 ന് പുറപ്പെടുമെന്നാണ് അധികൃതരുടെ വിശദീകരണം. രാവിലെ 10.30 ന് ദുബൈക്ക് പുറപ്പെടേണ്ട എമിറേറ്റ് വിമാനം ഉച്ചക്ക് 12.30 ന് പുറപ്പെടും. വൈകിട്ട് 5.05 ന് ദുബൈയില്‍ നിന്നെത്തേണ്ട ഇന്‍ഡിഗോ വിമാനവും പുലര്‍ച്ചെ 2.45 ന് എത്തേണ്ട ഇന്‍ഡിഗോയുടെ ദോഹ വിമാനവും റദ്ദാക്കി. പുലര്‍ച്ചെ 3.15 ന് എത്തേണ്ടിയിരുന്ന എയര്‍ അറേബ്യയുടെ ഷാര്‍ജ വിമാനവും റദ്ദാക്കി. കോഴിക്കോട് നിന്നും ദുബൈയിലേക്ക് ഇന്നലെ രാത്രി പുറപ്പെടേണ്ടിയിരുന്ന സ്‌പൈസ്‌ജെറ്റ് വിമാനവും പുറപ്പെട്ടിട്ടില്ലെന്ന് വിമാനത്താവള അധികൃതര്‍ അറിയിച്ചു.

logo
Metro Vaartha
www.metrovaartha.com