സർക്കാർ ഓഫിസുകളിൽ പൊതുജന പ്രവേശനം തടഞ്ഞ ഉദ്യോഗസ്ഥർക്ക് ദുബായ് ഭരണാധികാരിയുടെ താക്കീത്

ജനങ്ങളെ തടയുന്നത് സംസ്കാരത്തിന്‍റെ ലംഘനമെന്ന് ഷെയ്ഖ് മുഹമ്മദ്; നടപടി 'മിസ്റ്ററി ഷോപ്പർ' റിപ്പോർട്ടിന്‍റെ അടിസ്ഥാനത്തിൽ
ജനങ്ങളെ തടയുന്നത് സംസ്കാരത്തിന്‍റെ ലംഘനമെന്ന് ഷെയ്ഖ് മുഹമ്മദ്; നടപടി 'മിസ്റ്ററി ഷോപ്പർ' റിപ്പോർട്ടിന്‍റെ അടിസ്ഥാനത്തിൽ | Dubai ruler reprimands officials who stopped public
സർക്കാർ ഓഫിസുകളിൽ പൊതുജന പ്രവേശനം തടഞ്ഞ ഉദ്യോഗസ്ഥർക്ക് ദുബായ് ഭരണാധികാരിയുടെ താക്കീത്
Updated on

ദുബായ്: സർക്കാർ ഓഫിസുകളിലേക്കുള്ള പൊതുജന പ്രവേശനം തടഞ്ഞതായി കണ്ടെത്തിയ മൂന്ന് മാനെജർമാർക്കെതിരെ നടപടി സ്വീകരിച്ച് യുഎഇ വൈസ് പ്രസിഡന്‍റും പ്രധാനമന്ത്രിയും ദുബായ് ഭരണാധികാരിയുമായ ഷെയ്ഖ് മുഹമ്മദ് ബിൻ റാഷിദ് അൽ മക്തൂം.

കുറ്റം ചെയ്ത ഉദ്യോഗസ്ഥരെ ഷെയ്ഖ് മുഹമ്മദ് ബിൻ റാഷിദ് അൽ മക്തൂം വിളിച്ചു വരുത്തി താക്കീത് ചെയ്തു. സർക്കാർ ഓഫിസുകൾ 'ജനങ്ങൾക്കായി തുറന്ന വാതിലുകൾ" ആണെന്നും, അത് തടയുന്നത് എമിറേറ്റിന്‍റെ സംസ്കാരത്തിന്‍റെ ലംഘനമാണെന്നും അദ്ദേഹം മുന്നറിയിപ്പ് നൽകി.

ഈ മൂന്ന് ഉദ്യോഗസ്ഥർ തങ്ങളുടേതായ വലിയ ഓഫിസുകൾ സൃഷ്ടിച്ചുവെന്നും സർക്കാർ ഇടപാടുകൾ ഡിജിറ്റലാണെന്നും ജനങ്ങളുടെ ആവശ്യങ്ങളും അവരുടെ വിഷയങ്ങളും വെബ്‌സൈറ്റുകൾ മുഖേന കൈകാര്യം ചെയ്യപ്പെടമെന്ന നിലപാട് സ്വീകരിച്ചുവെന്നും ഷെയ്ഖ് മുഹമ്മദ് ചൂണ്ടിക്കാട്ടി. ഈ മാനേജർമാർ സെക്രട്ടറിമാരെയും സുരക്ഷാ ഉദ്യോഗസ്ഥനെയും അവരുടെ വാതിലുകളിൽ നിർത്തി ജനങ്ങളുടെ പ്രവേശനം തടയുന്ന നടപടി സ്വീകരിച്ചുവെന്നും ദുബായ് ഭരണാധികാരി പറഞ്ഞു.

സർക്കാരിന്‍റെ 'മിസ്റ്ററി ഷോപ്പർ' സംരംഭത്തിൽ നിന്ന് ശേഖരിച്ച നിരീക്ഷണങ്ങൾ പങ്കു വെക്കുകയായിരുന്നു ഷെയ്ഖ് മുഹമ്മദ്. അജ്ഞാതരായ ഉപയോക്താക്കളുടെ ഒരു സംഘം എല്ലാ സർക്കാർ വകുപ്പുകളുടെയും റിപ്പോർട്ട് ഭരണാധികാരിക്ക് നൽകിയിരുന്നു.

വിജയത്തിന്‍റെ താക്കോൽ ആളുകളെ സേവിക്കുകയും അവരുടെ ജീവിതം ലളിതമാക്കുകയും അവരുമായി നിരന്തരം ആശയ വിനിമയം നടത്തുകയും ചെയ്യുക എന്നതാണ്. ഇതാണ് സർക്കാർ തത്ത്വങ്ങൾ. അവ മാറിയിട്ടില്ല എന്ന് അദ്ദേഹം പറഞ്ഞു. "ഞങ്ങൾ മാറിയെന്ന് കരുതുന്നവരോട്, ഞങ്ങൾ അവരെ മാറ്റും" എന്നാണ് പറയാനുള്ളത് എന്ന് അദ്ദേഹം മുന്നറിയിപ്പ് നൽകി.

ജനറൽ ഡയറക്ടറേറ്റ് ഓഫ് റെസിഡൻസി ആൻഡ് ഫോറീനേഴ്‌സ് അഫയേഴ്‌സ് ഡയറക്ടർ ജനറൽ മുഹമ്മദ് അഹ്മദ് അൽ മർറിക്ക് മികച്ച പൊതുസേവകനെന്ന പ്രശംസയും ഷെയ്ഖ് മുഹമ്മദ് നൽകി. മാനുഷികവും അസാധാരണവുമായ സന്ദർഭങ്ങളിൽ അൽ മർറി സന്ദർശകരെ സ്വാഗതം ചെയ്തതിനെയും സേവനങ്ങൾ വേഗത്തിലാക്കിയതിനെയും ഷെയ്ഖ് മുഹമ്മദ് അഭിനന്ദിച്ചു. ജിഡിആർഎഫ്എ മേധാവി എപ്പോഴും പൊതുജനങ്ങളുടെ ലഭ്യനാണെന്ന് ഷെയ്ഖ് മുഹമ്മദ് പറഞ്ഞു.

ദുബായിയുടെ ഇന്നത്തെ ആഗോള പ്രശസ്തി അതിന്‍റെ വേഗത്തിലുള്ള സേവനങ്ങളുടെയും ആളുകൾക്ക് മുൻഗണന നൽകുന്ന തുറന്ന തൊഴിൽ അന്തരീക്ഷത്തിന്‍റെയും സ്വാഭാവിക ഫലമാണ് എന്നും അദ്ദേഹം വിശദീകരിച്ചു. പൊതുസേവനത്തിന്‍റെ കാര്യത്തിൽ വിട്ടുവീഴ്ച ഇല്ലാത്ത സമീപനമാണ് ഷെയ്ഖ് മുഹമ്മദ് സ്വീകരിക്കുന്നത്.

അഞ്ച് വർഷം മുമ്പ് മോശം സേവനങ്ങളുടെ പേരിൽ എമിറേറ്റ്‌സ് പോസ്റ്റ് ഓഫിസ് ശാഖയെ അദ്ദേഹം പരസ്യമായി ശാസിക്കുകയും നീണ്ട ക്യൂവിന്‍റെ ഫോട്ടോ സമൂഹ മാധ്യമത്തിൽ പങ്കുവെക്കുകയും ചെയ്തിരുന്നു. ദുബായിൽ സർക്കാർ വകുപ്പുകളുടെ മികച്ച സേവനത്തിന് റാങ്കിങ് സംവിധാനം ഏർപ്പെടുത്തിയിട്ടുണ്ട്. മികച്ചത് മുതൽ മോശം വരെയാണ് റാങ്കിങ്. 2023ൽ ഏറ്റവും മോശം സേവന കേന്ദ്രമായി തിരഞ്ഞെടുത്ത ഒരാശുപത്രിയുടെ മേധാവിയെ അദ്ദേഹം പിരിച്ചു വിട്ടിരുന്നു.

2020 ഇൽ ആരംഭിച്ച മിസ്റ്ററി ഷോപ്പർ ആപ്പ് വഴി ഉപയോക്താക്കൾക്ക് സർക്കാർ സേവനങ്ങൾ റേറ്റ് ചെയ്യാൻ സാധിക്കും. ഇത് വഴി ജീവനക്കാരുടെ പെരുമാറ്റം, കാത്തിരിപ്പ് സമയം, പേയ്‌മെന്‍റ് പ്രശ്‌നങ്ങൾ, പാർക്കിംഗ് മാനേജ്‌മെന്‍റ് എന്നിവ വിലയിരുത്താൻ താമസക്കാർക്ക് സാധിക്കുന്നു.

Also Read

No stories found.

Trending

No stories found.
logo
Metro Vaartha
www.metrovaartha.com