ലക്ഷ്യം ലോകത്തെ ഏറ്റവും വലിയ വിമാനത്താവളം

ദുബായ് അൽ മക്തൂം ഇന്‍റർനാഷണൽ പാസഞ്ചർ ടെർമിനൽ നിർമാണത്തിനു തുടക്കമാവുന്നു
Dubai set to be worlds largest airport

ലക്ഷ്യം ലോകത്തെ ഏറ്റവും വലിയ വിമാനത്താവളം

Updated on

ദുബായ്: നിർമാണം പൂർത്തിയാകുന്നതോടെ ലോകത്തിലെ ഏറ്റവും വലിയ വിമാനത്താവളമായി മാറാൻ പോകുന്ന ദുബായ് അൽ മക്തൂം ഇന്‍റർനാഷണൽ എയർപോർട്ടിലെ പാസഞ്ചർ ടെർമിനലിന്‍റെ നിർമാണത്തിന് തുടക്കമാവുന്നു.

യുഎഇ വൈസ് പ്രസിഡന്‍റും പ്രധാനമന്ത്രിയും ദുബായ് ഭരണാധികാരിയുമായ ഷെയ്ഖ് മുഹമ്മദ് ബിൻ റാഷിദ് അൽ മക്തൂം അനുമതി നൽകിയതിനെ തുടർന്നാണ് കരാർ ജോലികൾ ആരംഭിച്ചതെന്ന് ദുബായ് സിവിൽ ഏവിയേഷൻ അതോറിറ്റി പ്രസിഡന്‍റും, ദുബായ് എയർപോർട്സ്, എമിറേറ്റ്‌സ് എയർലൈൻ ഗ്രൂപ്പ് എന്നിവയുടെ ചെയർമാനും ചീഫ് എക്‌സിക്യൂട്ടിവുമായ ഷെയ്ഖ് അഹമ്മദ് ബിൻ സഈദ് അൽ മക്തൂം അറിയിച്ചു.

ദുബായ് വേൾഡ് ട്രേഡ് സെന്‍ററിൽ നടക്കുന്ന അറേബ്യൻ ട്രാവൽ മാർക്കറ്റിൽ മാധ്യമ പ്രവർത്തകരോട് സംസാരിക്കവേയാണ് അദ്ദേഹം ഇക്കാര്യം വെളിപ്പെടുത്തിയത്.

പദ്ധതിയുടെ കരാർ സംബന്ധിച്ച വിവരങ്ങൾ ഇപ്പോൾ വെളിപ്പെടുത്താനാവില്ലെന്നും എയർപോർട്ട് എഞ്ചിനീയറിംഗ് വിഭാഗമാണ് അത് കൈകാര്യം ചെയ്യുന്നത് എന്നും അദ്ദേഹം പറഞ്ഞു.

നിർമാണം പൂർണമാകുന്നതോടെ പ്രതിവർഷം 260 ദശലക്ഷം യാത്രക്കാരെ ഉൾക്കൊള്ളാൻ ശേഷിയുള്ള വിമാനത്താവളമാകുമിത്. നിലവിലുള്ള ദുബായ് അന്തർദേശിയ വിമാനത്താവളത്തിലെ പ്രവർത്തനങ്ങൾ അൽ മക്തൂം ഇന്‍റർനാഷണലിലേക്ക് മാറ്റും. 128 ബില്യൺ ദിർഹം ചെലവിലാണ് മക്തൂം വിമാനത്താവളം നിർമിക്കുന്നത്.

എമിറേറ്റ്സ് എയർ ലൈൻസ് മികച്ച നേട്ടത്തിൽ

ലാഭത്തിന്‍റെ കാര്യത്തിൽ എമിറേറ്റ്‌സ് വിമാനക്കമ്പനിക്ക് മികച്ച റെക്കോർഡാണുള്ളതെന്നും കഴിഞ്ഞ വർഷത്തെ അപേക്ഷിച്ച് 71 ശതമാനം വർധന ഈ വർഷമുണ്ടാകുമെന്നും ഷെയ്ഖ് അഹമ്മദ് പറഞ്ഞു.

കഴിഞ്ഞ വർഷം എമിറേറ്റ്സ് ഗ്രൂപ് 18.7 ബില്യൺ ദിർഹത്തിന്‍റെ റെക്കോർഡ് ലാഭത്തോടെ എക്കാലത്തെയും മികച്ച സാമ്പത്തിക പ്രകടനം കാഴ്ച വെച്ചു. ഗ്രൂപ്പിന്‍റെ വരുമാനം 15 ശതമാനം വർധിച്ച് 137.3 ബില്യൺ ദിർഹമായി വർധിച്ചിട്ടുണ്ട്.

എമിറേറ്റ്സിന് നിലവിൽ 269 വിമാനങ്ങളുണ്ട്. പുതിയ ഓർഡറോട് കൂടി വിമാനങ്ങളുടെ എണ്ണം 300ലധികമായി വർധിക്കും.

Trending

No stories found.

Latest News

No stories found.
logo
Metro Vaartha
www.metrovaartha.com