

ഇന്ത്യൻ വിദേശകാര്യമന്ത്രി എസ്.ജയശങ്കറും യുഎസ് സ്റ്റേറ്റ് സെക്രട്ടറി മാർക്കോ റൂബിയോയും
file photo
ന്യൂഡൽഹി: അമെരിക്ക ഇന്ത്യയ്ക്കെതിരെ ഏർപ്പെടുത്തിയ തിരിച്ചടി തീരുവയെ തുടർന്ന് വഷളായ ഇന്ത്യ- അമെരിക്ക ബന്ധം മെച്ചപ്പെടുത്തുന്നതിനായി ഇരു രാജ്യങ്ങളും തുടർച്ചയായ നീക്കം നടത്തുന്നതിനിടെ ഇന്ത്യൻ വിദേശകാര്യമന്ത്രി എസ്.ജയശങ്കറും യുഎസ് സ്റ്റേറ്റ് സെക്രട്ടറി മാർക്കോ റൂബിയോയും തമ്മിൽ ടെലഫോണിൽ ചർച്ച നടത്തി.
ഉഭയകക്ഷി വ്യാപാര കരാർ നടപ്പാക്കുന്നതിനെ കുറിച്ചും പ്രതിരോധം, ആണവ സഹകരണം തുടങ്ങിയ കാര്യങ്ങളെ കുറിച്ചും ഇരു നേതാക്കളും ചർച്ച നടത്തിയതായാണ് പുറത്തു വരുന്ന വിവരങ്ങൾ. ചർച്ചയിൽ ഏറ്റവും പ്രധാനം വ്യാപാര കരാർ ആണെങ്കിലും പ്രതിരോധം, ഊർജ്ജം ഉൾപ്പടെയുള്ളവയുടെ പ്രാധാന്യം കുറച്ചു കാണാൻ കഴിയില്ലെന്നും വാഷിങ്ടണിനും ഡൽഹിക്കും അറിയാം. വാഷിങ്ടൺ-ഡൽഹി മികച്ച സഹകരണം നടപ്പാകാൻ ഈ വിഷയങ്ങൾ നിർണായകവുമാണ്.
തീരുവയുടെ പേരിൽ വഷളായ ഇരു രാജ്യങ്ങളും തമ്മിലുള്ള ബന്ധം പുന:സ്ഥാപിക്കുന്നതിനായി ഇന്ത്യയിലെ യുഎസ് അംബാസിഡർ സെർജിയോ ഗോർ കഴിഞ്ഞ ദിവസം കത്തെഴുതിയിരുന്നു. ഇതിനു പിന്നാലെയാണ് വിദേശകാര്യ മന്ത്രി എസ്. ജയശങ്കറും യുഎസ് സ്റ്റേറ്റ് സെക്രട്ടറിയും ദേശീയ സുരക്ഷാ ഉപദേഷ്ടാവുമായ മാർക്കോ റൂബിയോയും ചൊവ്വാഴ്ച ഫോണിൽ ചർച്ച നടത്തിയത്. ഇന്ത്യയിലെ യുഎസ് അംബാസിഡർ സെർജിയോ ഗോർ ചർച്ചയെ കുറിച്ച് പോസിറ്റീവ് കോൾ എന്നാണ് പരാമർശിച്ചത്.
റൂബിയോയുമായുള്ള ചർച്ച നല്ല രീതിയിൽ നടന്നതായും വ്യാപാര കരാർ, ധാതുക്കൾ, ആണവ സഹകരണം, പ്രതിരോധം, ഊർജ്ജം എന്നിവയെ കുറിച്ച് ചർച്ച ചെയ്തതായും ജയശങ്കർ എക്സിൽ പോസ്റ്റ് ചെയ്തു. ഉഭയ കക്ഷി വ്യാപാര ചർച്ചകളെ കുറിച്ചും അടുത്ത മാസം നടക്കാനിരിക്കുന്ന കൂടിക്കാഴ്ചയെ കുറിച്ചും ഇരു രാഷ്ട്രത്തിലെയും നേതാക്കൾ സംസാരിച്ചതായും ഗോർ വ്യക്തമാക്കി.