
ദോഹയിൽ ഇസ്രയേൽ വ്യാമാക്രമണം നടത്തിയ മേഖലയിൽനിന്ന് പുക ഉയരുന്നു.
ദോഹ: ഖത്തറിന്‍റെ തലസ്ഥാനമായ ദോഹയിൽ ഇസ്രയേൽ വ്യോമാക്രമണം നടത്തി. ഹമാസിന്‍റെ മുതിർന്ന നേതാക്കളെ ലക്ഷ്യമിട്ടാണ് ആക്രമണം നടത്തിയതെന്ന് ഇസ്രയേലിന്‍റെ വിശദീകരണം.
സാധാരണക്കാർക്ക് അപകടമൊഴിവാക്കാനുള്ള മുൻകരുതലുകൾ സ്വീകരിച്ച ശേഷമാണ് കൃത്യമായ ലക്ഷ്യങ്ങളിൽ ആക്രമണം നടത്തിയതെന്നാണ് അവകാശവാദം. ദോഹയിൽ ചർച്ചയ്ക്കു വന്ന ഹമാസിന്‍റെ പ്രതിനിധി സംഘമായിരുന്നു ലക്ഷ്യം.
അന്താരാഷ്ട്ര നിയമങ്ങളുടെ നഗ്നമായ ലംഘനമാണ് ഇസ്രയേൽ നടത്തിയിരിക്കുന്നതെന്ന് ഖത്തർ പ്രതികരിച്ചു. ദോഹയിൽ ഹമാസിന്‍റെ രാഷ്ട്രീയ നേതൃത്വം തങ്ങിയ കെട്ടിടത്തെ ലക്ഷ്യമിട്ടാണ് ആക്രമണമുണ്ടായതെന്നും ഖത്തർ സ്ഥിരീകരിച്ചു.
ഗാസയിലെ ഇസ്രയേൽ ആക്രമണം അവസാനിപ്പിച്ച് വെടിനിർത്തൽ പ്രഖ്യാപിക്കാനുള്ള മധ്യസ്ഥ ചർച്ചയാണ് ദോഹയിൽ നടക്കുന്നത്. ഇതിൽ പങ്കെടുക്കാനാണ് ഹമാസ് നേതാക്കൾ ഇവിടെയെത്തിയത്. ഇസ്രയേൽ ആക്രമണത്തിന്‍റെ പശ്ചാത്തലത്തിൽ മധ്യസ്ഥ ശ്രമങ്ങൾ അവസാനിപ്പിക്കുകയാണെന്ന് ഖത്തർ ഔദ്യോഗികമായി പ്രഖ്യാപിച്ചു.
ഖത്തറിന്‍റെ സുരക്ഷയെയും പരമാധികാരത്തെയും വെല്ലുവിളിക്കുന്നതും, പ്രാദേശിക ജനതയെ അപകടത്തിലാക്കുന്നതുമാണ് ഇസ്രയേലിന്‍റെ നടപടിയെന്നും ഖത്തർ.
അതേസമയം, ദോഹയിലുണ്ടായിരുന്ന ഹമാസ് നേതാക്കൾ വർഷങ്ങളായി ഭീകര പ്രവർത്തനങ്ങൾക്കു നേതൃത്വം നൽകിവരുന്നവരാണെന്നും, ഒക്റ്റോബർ ഏഴിലെ കൂട്ടക്കൊലയ്ക്ക് ഉത്തരവാദികളാണെന്നും ഇസ്രയേൽ ആരോപിച്ചു.
ഖത്തറിൽ ഇസ്രയേൽ നടത്തിയ ആക്രമണത്തെ ഇറാനും അപലപിച്ചു.