

സ്പേസ് എക്സിനെതിരേ നിയമനടപടിയുമായി അമെരിക്കൻ സംസ്ഥാനങ്ങൾ
വാഷിങ്ടൺ: ഇലോൺ മസ്കിന്റെ ഉടമസ്ഥതയിലുള്ള സ്പേസ് എക്സിന്റെ ആർട്ടിഫിഷ്യൽ ഇന്റലിജൻസ് ഇമേജ് ജനറേറ്ററായ ഗ്രോക്കിനെതിരേ നിയമ നടപടിയുമായി വിർജീനിയ, ഒറിഗൺ എന്നീ അമെരിക്കൻ സംസ്ഥാനങ്ങൾ. ഉപയോക്താക്കൾക്ക് അപകടകരവും ലൈംഗികത നിറഞ്ഞതുമായ ഡീപ്ഫേക്ക് ചിത്രങ്ങൾ നിർമിക്കാനും പങ്കു വയ്ക്കാനും കഴിയുന്നത് തടയുന്നതിൽ കമ്പനി പരാജയപ്പെട്ടു എന്ന് ആരോപിച്ചാണ് ഇരു സംസ്ഥാനങ്ങളും വെവ്വേറെ കേസുകൾ ഫയൽ ചെയ്തിരിക്കുന്നത്. ഗ്രോക്ക് എഐയുമായി സ്പേസ് എക്സിനെതിരേ നിയമനടപടി സ്വീകരിക്കുന്ന ആദ്യത്തെ അമെരിക്കൻ സംസ്ഥാനങ്ങളാണ് ഇവ.
കുട്ടികൾക്കെതിരായ ലൈംഗികാതിക്രമ ദൃശ്യങ്ങൾ ഉൾപ്പടെയുള്ള ദോഷകരമായ എഐ നിർമിത ചിത്രങ്ങൾ തടയാൻ ആവശ്യമായ സുരക്ഷാ ക്രമീകരണങ്ങൾ ഏർപ്പെടുത്തുന്നതിൽ കമ്പനി വീഴ്ച വരുത്തിയെന്ന് ഒറിഗൺ അറ്റോർണി ജനറൽ ഡാൻ റേഫീൽഡും വിർജീനിയ അറ്റോർണി ജനറൽ ജെയ് ജോൺസും പരാതിയിൽ ചൂണ്ടിക്കാട്ടി. ഗ്രോക്കും എക്സും സുരക്ഷിതമായ പ്ലാറ്റ്ഫോമുകളാണെന്ന് ഉപയോക്താക്കളെ തെറ്റിദ്ധരിപ്പിച്ചു എന്നും ഇത് സംസ്ഥാനങ്ങളിലെ ഉപഭോക്തൃ സംരക്ഷണ നിയമങ്ങളുടെ ലംഘനമാണെന്നും ഇവർ ആരോപിക്കുന്നു.
ഇത്തരം അശ്ലീല ഡീപ്ഫേക്ക് ചിത്രങ്ങൾ അവയിൽ ചിത്രീകരിക്കപ്പെട്ട വ്യക്തികളെ മാത്രമല്ല, യാദൃശ്ചികമായി ഇവ കാണേണ്ടി വരുന്ന സാധാരണക്കാരിലും ഭയവും ഉത്കണ്ഠയും മാനസിക ആഘാതവും ഉണ്ടാക്കുമെന്ന് വിർജീനിയ അറ്റോർണി ജനറൽ ജെയ് ജോൺസ് വ്യക്തമാക്കി. സ്വകാര്യതയെയും സമ്മതത്തെയും കുറിച്ചുള്ള സാമൂഹിക മാനദണ്ഡങ്ങളെ ഇത്തരം പ്രവൃത്തികൾ ദുർബലപ്പെടുത്തുമെന്ന് ഒറിഗൺ അറ്റോർണി ജനറൽ ഡാൻ റേഫീൽഡും അഭിപ്രായപ്പെട്ടു.
പുതിയ കേസുകളോട് സ്പേസ് എക്സ് ഇതുവരെ പ്രതികരിച്ചിട്ടില്ല. എന്നാൽ, ഒക്റ്റോബറിൽ ന്യൂയോർക്ക് സിറ്റി കൗൺസിൽ ഹിയറിങിൽ കമ്പനിയുടെ എ.ഐ നയവിഭാഗം മേധാവി ഗബ്രിയേല കാസ്റ്റില്ലോ മാഡ്രിഡ് സുരക്ഷാ ക്രമീകരണങ്ങളെ ന്യായീകരിച്ചിരുന്നു. ഗ്രോക്കും എക്സുമായി ബന്ധപ്പെട്ട് അമേരിക്കയിൽ നിരവധി സ്വകാര്യ കേസുകൾ നിലവിലുണ്ട്. കൂടാതെ, ബ്രിട്ടൻ, സ്പെയിൻ, അയർലൻഡ്, ഫ്രാൻസ് എന്നീ രാജ്യങ്ങളിലും കാലിഫോർണിയ സംസ്ഥാനത്തും കമ്പനിയുടെ എ.ഐ ഉൽപ്പന്നങ്ങൾക്കെതിരെ അന്വേഷണം നടക്കുന്നുണ്ട്. ഉപയോക്താക്കൾ പങ്കുവെക്കുന്ന ഉള്ളടക്കത്തിന് ഓൺലൈൻ പ്ലാറ്റ്ഫോമുകൾക്ക് നിയമപരമായ സംരക്ഷണം നൽകുന്ന യു.എസ് ഫെഡറൽ നിയമമായ ‘സെക്ഷൻ 230’ ചൂണ്ടിക്കാട്ടിയാണ് സ്പേസ് എക്സ് മുൻപ് സമാനമായ കേസുകളെ പ്രതിരോധിച്ചിരുന്നത്.