

ലുത്ഫുസ്സമാൻ ബാബർ (ധാക്ക ഗ്രനേഡ് ആക്രമണം), അബ്ദുസ് സലാം പിന്‍റു (ഡൽഹി അജ്മീർ സ്ഫോടനങ്ങൾ) ,എടിഎം അസ്ഹറുൾ ഇസ്ലാം
FILE PHOTO
ധാക്ക: ബംഗ്ലാദേശ് തെരഞ്ഞെടുപ്പിൽ വിജയികളായവരിൽ വധശിക്ഷയ്ക്ക് വിധിക്കപ്പെട്ട മൂന്നു പേർ! മുൻ പ്രധാനമന്ത്രി ഷെയ്ഖ് ഹസീനയെ നാടു കടത്തിയ ശേഷം അധികാരത്തിൽ വന്ന മുഹമ്മദ് യൂനുസിന്‍റെ നേതൃത്വത്തിലുള്ള ഇടക്കാല ഭരണകൂടമാണ് കോടതി വഴി ഇവരെ മോചിപ്പിച്ചത്. ഇതിൽ രണ്ടു പേർക്ക് ഇന്ത്യാ വിരുദ്ധ ഭീകരവാദ കേസുകളുമായി ബന്ധമുണ്ട്.
വിജയിച്ചവരിൽ ലുത്ഫുസ്സമാൻ ബാബർ, അബ്ദുസ് സലാം പിന്‍റു എന്നിവർ ബിഎൻപി പാർട്ടിയിൽ നിന്നും എടിഎം അസ്ഹറുൽ ഇസ്ലാം ജമാ അത്തെ ഇസ്ലാമി പ്രതിനിധിയുമായാണ് ജയിച്ചത്. ഹസീനയുടെ അവാമി ലീഗ് സർക്കാരിനെ പുറത്താക്കിയ 2024 ജൂലൈയിലെ കലാപത്തിനു മുമ്പ് ഇവർ മൂന്നു പേർക്കും വധശിക്ഷ വിധിച്ചിരുന്നു.
2004ൽ ധാക്കയിൽ നടന്ന ഗ്രനേഡ് ആക്രമണത്തിൽ 23 പേർ കൊല്ലപ്പെടുകയും 500 ലധികം പേർക്ക് പരിക്കേൽക്കുകയും ചെയ്ത കേസിലാണ് ബാബറിന് ശിക്ഷ വിധിച്ചത്. 2004ലെ ചിറ്റഗോങ് ആയുധക്കടത്ത് കേസിലും പങ്കുണ്ടെന്ന് കണ്ടെത്തിയതിനെ തുടർന്ന് 2018ൽ ഇയാൾക്ക് രണ്ടാമത്തെ വധശിക്ഷ വിധിച്ചു.
ഡൽഹി അജ്മീർ സ്ഫോടനങ്ങളുമായി ബന്ധമുള്ള ബിഎൻപി അംഗം അബ്ദുസ് സലാം പിന്‍റുവാണ് ഇത്തരത്തിൽ വിജയിച്ച മറ്റൊരാൾ.വധശിക്ഷയിൽ നിന്ന് പാർലമെന്‍റിൽ എത്തുന്ന മൂന്നാമത്തെയാൾ ബംഗ്ലാദേശ് ജമാ അത്തെ ഇസ്ലാമി അംഗമായ എടിഎം അസ്ഹറുൾ ഇസ്ലാമാണ്.