
കൊളംബോ: അതിരൂക്ഷമായ സാമ്പത്തിക പ്രതിസന്ധിയിൽ വലയുന്ന ശ്രീലങ്കയിൽ പ്രാദേശിക തെരഞ്ഞെടുപ്പുകൾ നടത്താൻ പണമില്ല. തെരഞ്ഞെടുപ്പ് നടത്താൻ ആവശ്യമായ തുക അനുവദിക്കണമെന്ന് ആവശ്യപ്പെട്ട് ശ്രീലങ്കൻ ഇലക്ഷൻ കമ്മീഷൻ, പ്രസിഡന്‍റ് റെനിൽ വിക്രമസിംഗെയ്ക്ക് കത്തെഴുതി.
നേരത്തെ മാർച്ച് 9-നായിരുന്നു പ്രാദേശിക തെരഞ്ഞെടുപ്പുകൾ തീരുമാനിച്ചിരുന്നത്. എന്നാൽ ദ്വീപ് രാജ്യത്തിന്‍റെ സാമ്പത്തിക പ്രതിസന്ധി കാരണം തെരഞ്ഞെടുപ്പ് നീട്ടി വയ്ക്കാൻ നിർബന്ധിതരാവുകയായിരുന്നു. പുതുക്കിയ തീയതി അനുസരിച്ച് ഏപ്രിൽ 25-നാണു തെരഞ്ഞെടുപ്പ് നടക്കേണ്ടത്. എന്നാൽ നിശ്ചയിച്ച തീയതിയിൽ നടത്താനാകുമോ എന്ന ആശങ്ക നിലനിൽക്കുന്നുണ്ട്.
പ്രസിഡന്‍റ് റെനിൽ വിക്രമസിംഗെ തന്നെയാണു ഫിനാൻസ് മിനിസ്റ്ററുടെ ചുമതല വഹിക്കുന്നത്. അതുകൊണ്ടു തന്നെ ആവശ്യമായ പണം നൽകാതെ തെരഞ്ഞെടുപ്പ് അട്ടിമറിക്കാനുള്ള ശ്രമമാണു നടക്കുന്നതെന്നും ആരോപണം ഉയരുന്നു.