ഷെയ്ഖ് ഹസീനയെ ഇന്ത്യ ബംഗ്ലാദേശിന് കൈമാറില്ലെന്നാണ് പ്രതീക്ഷയെന്ന് മകൻ സജീബ് വസീദ്

ഒരു നടപടികളും പാലിക്കാതെ പുറപ്പെടുവിച്ച ഉത്തരവിന്‍റെ പശ്ചാത്തലത്തിൽ ഒരു രാജ്യവും ഒരാളെ കൈമാറില്ലെന്നും സജീബ്
 Sheikh Hasina's son Sajeeb Wasid

ഷെയ്ഖ് ഹസീനയുടെ മകൻ സജീബ് വാസിദ്

file photo

Updated on

വെർജീനിയ: ഇന്ത്യയിൽ അഭയം തേടിയിട്ടുള്ള ബംഗ്ലാദേശ് മുൻ പ്രധാനമന്ത്രി ഷെയ്ഖ് ഹസീനയെ ഇന്ത്യ ബംഗ്ലാദേശിന് കൈമാറില്ലെന്നാണ് തന്‍റെ പ്രതീക്ഷയെന്ന് ഹസീനയുടെ മകൻ സജീബ് വസീദ്. കഴിഞ്ഞ ദിവസം ബംഗ്ലാദേശ് കോടതി ഹസീനയ്ക്ക് വധശിക്ഷ വിധിച്ചതിനു പിന്നാലെയായിരുന്നു മകന്‍റെ ഈ പ്രതികരണം. ബംഗ്ലാദേശിലെ ഇടക്കാല സർക്കാരിന്‍റെ ആവശ്യം ഇന്ത്യ അംഗീകരിക്കില്ലെന്നും തന്‍റെ മാതാവിന്‍റെ ജീവൻ സംരക്ഷിച്ച നാടാണ് ഇന്ത്യയെന്നും അദ്ദേഹം കൂട്ടിച്ചേർത്തു. ബംഗ്ലാദേശ് വിട്ടു പോയിരുന്നില്ലെങ്കിൽ തീവ്രവാദികൾ അവരെ കൊല്ലാൻ പദ്ധതിയിട്ടിരുന്നു.

2024ൽ ഓഗസ്റ്റിൽ ബംഗ്ലാദേശിലുണ്ടായ സംഘർഷങ്ങളെ നേരിടുന്നതിൽ സർക്കാരിനു വീഴ്ച പറ്റിയെന്ന് അംഗീകരിക്കുമ്പോഴും സംഭവങ്ങൾക്ക് പിന്നിൽ രാഷ്ട്രീയ അട്ടിമറിയുണ്ടെന്നും സജീബ് വസീദ് വാദിക്കുന്നു. 2013ലെ കുറ്റവാളി കൈമാറ്റ കരാർ പ്രകാരം, മുൻ പ്രധാനമന്ത്രി ഷെയ്ഖ് ഹസീനയെ തിരിച്ചയക്കണമെന്ന് ബംഗ്ലാദേശ് ഇടക്കാല സർക്കാർ ഇന്ത്യയോട് ആവശ്യപ്പെട്ടിരുന്നു. ഷെയ്ഖ് ഹസീനയ്ക്ക് വധശിക്ഷ വിധിച്ച ധാക്കയിലെ അന്താരാഷ്ട്ര പ്രത്യേക ക്രൈംസ് ട്രിബ്യൂണലിന്‍റെ പ്രവർത്തനം നിയമാനുസൃതമല്ലെന്നു വാദിച്ചാണ് വസീദ് നിലപാട് വ്യക്തമാക്കിയത്.

ജുഡീഷ്യൽ മാനദണ്ഡങ്ങൾ ലംഘിച്ചാണ് ഷെയ്ഖ് ഹസീനയുൾപ്പെട്ട കേസുകളിൽ വിചാരണ നടന്നതെന്നും വിചാരണയ്ക്കു മുമ്പ് 17 ജഡ്ജിമാരെ പിരിച്ചു വിടുകയും പാർലമെന്‍റിന്‍റെ അംഗീകാരമില്ലാതെ നിയമവിരുദ്ധമായി നിയമഭേദഗതികൾ നടത്തുകയും ചെയ്തതായി എഎൻഐയ്ക്ക് നൽകിയ അഭിമുഖത്തിൽ സജീബ് പറഞ്ഞു.

വിചാരണയിൽ പ്രതിഭാഗം അഭിഭാഷകരെ പങ്കെടുപ്പിക്കുക പോലും ചെയ്തിട്ടുമില്ല. ഇത്തരത്തിൽ ഒരു നടപടികളും പാലിക്കാതെ പുറപ്പെടുവിച്ച ഉത്തരവിന്‍റെ പശ്ചാത്തലത്തിൽ ഒരു രാജ്യവും ഒരാളെ കൈമാറില്ലെന്നും സജീബ് പറയുന്നു.

Also Read

No stories found.

Trending

No stories found.
logo
Metro Vaartha
www.metrovaartha.com