

ഓസ്ട്രേലിയയിൽ പിടിയിലായ അന്താരാഷ്ട്ര സാത്താൻ സേവ സംഘം
credit : australian police
സിഡ്നി: ലോകത്തെ തന്നെ ഞെട്ടിക്കുന്ന സാത്താൻ സേവ നടത്തുന്ന സംഘത്തെ ഓസ്ട്രേലിയയിൽ നിന്നും അറസ്റ്റ് ചെയ്തു. സാത്താൻ സേവയ്ക്കായി നവജാത ശിശുക്കൾ ഉൾപ്പടെയുള്ളവരെ ഉപയോഗിച്ചിരുന്നതായി കണ്ടെത്തി. സിഡ്നി സ്വദേശികളായ നാലു യുവാക്കളെയാണ് ഓസ്ട്രേലിയൻ പൊലീസ് തിങ്കളാഴ്ച അറസ്റ്റ് ചെയ്തത്.
ഇവർ നാലുപേരും കുട്ടികളെയും മൃഗങ്ങളെയും വരെ ലൈംഗികമായി ഉപയോഗിക്കുന്ന ഭയാനകമായ ദൃശ്യങ്ങൾ പകർത്തി പലർക്കും അയച്ചു നൽകിയതായി പൊലീസ് വ്യക്തമാക്കി. വാർത്താ ഏജൻസിയായ സിഎൻഎൻ ആണ് വാർത്ത റിപ്പോർട്ട് ചെയ്തത്. കുട്ടികളുടെ അശ്ലീല ദൃശ്യങ്ങൾ ഓൺലൈനായി വിതരണം ചെയ്യുന്നതിനെ കുറിച്ച് അന്വേഷിക്കുന്നതിനിടെയാണ് ന്യൂ സൗത്ത് വെയിൽസ് സ്റ്റേറ്റ് പൊലീസ് ഡിറ്റക്റ്റീവുകൾ ഈ ശൃംഖലയെ തിരിച്ചറിഞ്ഞത്. സിഡ്നിയിലെ വിവിധ സ്ഥലങ്ങളിൽ ഒരേ സമയം നടത്തിയ റെയ്ഡുകളിൽ പിടിച്ചെടുത്ത ഇലക്‌ട്രോണിക് ഉപകരണങ്ങളിൽ നിന്ന് ഇത്തരത്തിലുള്ള വീഡിയോകൾ കണ്ടെത്തിയതായി ന്യൂ സൗത്ത് വെയിൽസ് സെക്സ് ക്രൈംസ് സ്ക്വാഡിന്‍റെ കമാൻഡറായി ഡിറ്റക്റ്റീവ് സൂപ്രണ്ട് ജെയ്ൻ ഡോഹെർട്ടി പറഞ്ഞു.
ഒരു വെബ്സൈറ്റിലൂടെ കുട്ടികളെ ഹീനമായി ദുരുപയോഗം ചെയ്യുന്ന ദൃശ്യങ്ങൾ കൈവശം വച്ചതിനും വിതരണം ചെയ്തതിനും അതിനു സൗകര്യമൊരുക്കിയതിനും നാലു പേർക്കെതിരെ കുറ്റം ചുമത്തിയിട്ടുണ്ട്.
ഈ വെബ്സൈറ്റ് അന്താരാഷ്ട്ര തലത്തിലാണ് നിയന്ത്രിച്ചിരുന്നത്. ഈ അന്താരാഷ്ട്ര സംഘം സാത്താൻ ആരാധനയും ദുർമന്ത്രവാദവുമായും ബന്ധപ്പെട്ട ചിഹ്നങ്ങളും ആചാരങ്ങളും ഉൾപ്പെടുത്തി കുട്ടികളെ ദുരുപയോഗം ചെയ്യുന്നതും പീഡിപ്പിക്കുന്നതും ചിത്രീകരിക്കുന്ന ദൃശ്യങ്ങൾ പങ്കു വയ്ക്കുകയും അതിനെ കുറിച്ച് ചർച്ചകൾ നടത്തുകയും ചെയ്തതായാണ് പൊലീസിന്‍റെ കണ്ടെത്തൽ. ഈ വിവരങ്ങൾ തങ്ങൾ കോടതിയെ ധരിപ്പിക്കുമെന്നും ഡോഹെർട്ടി മാധ്യമങ്ങളോടു പറഞ്ഞു.