

അമെരിക്കയുടെ നേതൃത്വത്തിലുള്ള ആഗോള ക്രമത്തിന് അന്ത്യമായി: ക്യാനഡ
file photo
ദാവോസ്: ലോകക്രമത്തിലെ അമെരിക്കൻ ആധിപത്യം അവസാനിക്കുന്നു എന്ന രൂക്ഷ വിമർശനവുമായി കനേഡിയൻ പ്രധാനമന്ത്രി മാർക്ക് കാർണി. സ്വിറ്റ്സർലണ്ടിലെ ദാവോസിൽ നടന്ന ലോക സാമ്പത്തിക ഫോറത്തിൽ നടത്തിയ പ്രസംഗത്തിലാണ് അമെരിക്കയ്ക്കെതിരെ കനേഡിയൻ പ്രധാനമന്ത്രിയുടെ വിമർശനം. അമെരിക്കൻ നേതൃത്വത്തിലുള്ള ആഗോളക്രമം അവസാനിച്ചതായും പഴയ രീതിയിലുള്ള അന്താരാഷ്ട്ര ബന്ധങ്ങൾ ഇനി തിരിച്ചു വരില്ലെന്നും അമെരിക്കയുടെ പേരെടുത്തു പറയാതെ അദ്ദേഹം പറഞ്ഞു.
ലോകം ഇപ്പോൾ ഒരു മാറ്റത്തിലല്ല, മറിച്ച് ഒരു പിളർപ്പിലാണെന്നും അദ്ദേഹം കൂട്ടിച്ചേർത്തു. അമെരിക്കൻ പ്രസിഡന്‍റിന്‍റെയോ അമെരിക്കയുടെയോ പേര് നേരിട്ടു പരാമർശിക്കാതെ അമെരിക്കൻ ഹെജിമണി(American Hegemony) എന്ന പദമുപയോഗിച്ച് അദ്ദേഹം കടുത്ത വിമർശനം ഉന്നയിച്ചു.
മുൻ കാലങ്ങളിൽ ലോക പുരോഗതിക്കായി കരുതിയിരുന്ന വ്യാപാര ബന്ധങ്ങൾ ഇപ്പോൾ സമ്മർദ്ദം ചെലുത്താനുള്ള ഉപകരണങ്ങളായി മാറിപ്പോയി. താരിഫുകൾ ലിവറേജായും സാമ്പത്തിക അടിസ്ഥാന സൗകര്യങ്ങൾ ഭീഷണിയായും സപ്ലൈ ചെയിനുകൾ ചൂഷണം ചെയ്യാനുള്ള ദൗർബല്യമായും വൻ ശക്തികൾ മാറിക്കഴിഞ്ഞു എന്ന് അദ്ദേഹം വിശദീകരിച്ചു.
പഴയ സഖ്യങ്ങൾ മാത്രം പ്രത്യാശ നൽകുന്ന കാലം കഴിഞ്ഞെന്നും സ്വന്തമായി ഇന്ധനവും പ്രതിരോധ ശേഷിയുമില്ലാത്ത രാജ്യങ്ങൾക്ക് ലോകത്ത് സാധ്യതകൾ കുറവാണെന്നും അദ്ദേഹം പറഞ്ഞു. ഒരു രാജ്യത്തെ മാത്രം ആശ്രയിക്കാതെ വ്യാപാര ബന്ധങ്ങൾ വൈവിധ്യവത്കരിക്കുമെന്നും ആഭ്യന്തര ഉൽപാദന ശേഷി വർധിപ്പിക്കുമെന്നും അദ്ദേഹം അറിയിച്ചു. ഇതിന്‍റെ ഭാഗമായി കഴിഞ്ഞ ദിവസങ്ങളിൽ ചൈനയുമായും ഖത്തറുമായും ക്യാനഡ പുതിയ കരാറുകളിൽ ഒപ്പിട്ടതായും കൂട്ടിച്ചേർത്തു.
ലോകത്തിലെ മാധ്യമ ശക്തികളായ രാജ്യങ്ങൾ ഒന്നിച്ച് നിൽക്കണമെന്ന് കാർണി ആഹ്വാനം ചെയ്തു. ഗ്രീൻലാൻഡിന് മേൽ ട്രംപ് ഉയർത്തുന്ന താരിഫ് ഭീഷണികളെ ക്യാനഡ ശക്തമായി എതിർക്കുമെന്നും അദ്ദേഹം പറഞ്ഞു. പഴയ ലോകക്രമത്തിന്‍റെ തകർച്ചയിൽ ദു:ഖിക്കേണ്ടതില്ലെന്നും ആ വിള്ളലുകളിൽ നിന്നു കൂടുതൽ ശക്തവും നീതിയുക്തവുമായ പുതിയ ഒരു ലോകം പടുത്തുയർത്താൻ നമുക്ക് സാധിക്കുമെന്നും പറഞ്ഞാണ് മാർക്ക് കാർണി പ്രസംഗം അവസാനിപ്പിച്ചത്.