യുഎസിന് യൂറോപ്പിന്‍റെ തിരിച്ചടി: വ്യാപാര കരാർ മരവിപ്പിച്ചു

നിരവധി യൂറോപ്യന്‍ രാജ്യങ്ങള്‍ക്ക് പുതിയ താരിഫ് ഏര്‍പ്പെടുത്താനുള്ള യുഎസ് പ്രസിഡന്‍റ് ഡോണള്‍ഡ് ട്രംപിന്‍റെ തീരുമാനത്തെ തുടര്‍ന്നു യൂറോപ്യൻ യൂണിയൻ വ്യാപാര കരാർ ചർച്ചകൾ മരവിപ്പിച്ചു
EU suspends trade talks with US

യുഎസിന് യൂറോപ്യൻ യൂണിയന്‍റെ തിരിച്ചടി.

Updated on

ബ്രസല്‍സ്: ഡെന്‍മാര്‍ക്കിനും മറ്റ് നിരവധി യൂറോപ്യന്‍ രാജ്യങ്ങള്‍ക്കും പുതിയ താരിഫ് ഏര്‍പ്പെടുത്താനുള്ള യുഎസ് പ്രസിഡന്‍റ് ഡോണള്‍ഡ് ട്രംപിന്‍റെ തീരുമാനത്തെ തുടര്‍ന്നു നിര്‍ദിഷ്ട യൂറോപ്യന്‍ യൂണിയന്‍ (ഇയു)-യുഎസ് വ്യാപാര കരാറിനെ കുറിച്ചുള്ള ചര്‍ച്ചകള്‍ നിര്‍ത്തിവച്ചതായി ഇയു ശനിയാഴ്ച അറിയിച്ചു. 2026 ഫെബ്രുവരി 1 മുതല്‍ ഗ്രീന്‍ലാന്‍ഡിനെ പിന്തുണയ്ക്കുന്ന യൂറോപ്യന്‍ രാജ്യങ്ങളില്‍ നിന്നുള്ള ഉത്പന്നങ്ങള്‍ക്ക് 10% അധിക തീരുവ ഏര്‍പ്പെടുത്തുമെന്നാണ് ട്രംപ് അറിയിച്ചത്. നിലവില്‍ 15% തീരുവയാണ് ഈടാക്കുന്നത്. എന്നാല്‍ ഫെബ്രുവരി മുതല്‍ തീരുവ 25% ആകും.

കഴിഞ്ഞ വര്‍ഷം ജൂലൈയിലാണ് ഇയു-യുഎസ് കരാറിന് ധാരണയായത്. യുഎസിന്‍റെ വ്യാവസായിക ഉത്പന്നങ്ങള്‍ക്കും ചില കാര്‍ഷിക ഉത്പന്നങ്ങള്‍ക്കും മേലുള്ള തീരുവ ഇയു ഒഴിവാക്കാന്‍ കരാര്‍ പ്രകാരം ധാരണയായിരുന്നു. ഇതിനു പകരമായി യൂറോപ്യന്‍ ഉത്പന്നങ്ങള്‍ക്ക് അമെരിക്ക 15 ശതമാനം തീരുവ മാത്രമായിരിക്കും ചുമത്തുക. ഇതിനു പുറമെ 750 ബില്യണ്‍ ഡോളറിന്‍റെ യുഎസ് ഊര്‍ജ്ജം ഇയു വാങ്ങാനും അമെരിക്കയില്‍ ഇയുവിന്‍റെ നിക്ഷേപം 600 ബില്യണ്‍ ഡോളറായി വര്‍ധിപ്പിക്കാനും ഇയു സമ്മതിച്ചിരുന്നു. യൂറോപ്യന്‍ കമ്മീഷന്‍ പ്രസിഡന്‍റ് ഉര്‍സുല വോണ്‍ ഡെര്‍ലെയ്‌നുമായി ട്രംപ് കഴിഞ്ഞ ജൂലൈയില്‍ ഉണ്ടാക്കിയ വ്യാപാര കരാര്‍ ഇതിനകം ഭാഗികമായി നടപ്പിലാക്കിയിട്ടുണ്ടെങ്കിലും ഇപ്പോഴും യൂറോപ്യന്‍ പാര്‍ലമെന്‍റിന്‍റെ അംഗീകാരം ലഭിച്ചിട്ടില്ല. നിലവിലെ സാഹചര്യത്തില്‍ പാര്‍ലമെന്‍റിന്‍റെ അംഗീകാരം ലഭിക്കാന്‍ സാധ്യതയില്ലെന്നാണ് റിപ്പോര്‍ട്ട്.

വ്യാപാര കരാര്‍ ഭാഗികമായി നടപ്പിലാക്കിയിട്ടുണ്ടെങ്കിലും ഗ്രീന്‍ലാന്‍ഡിനെതിരായ ട്രംപിന്‍റെ ഭീഷണികള്‍ക്കിടയില്‍ കരാറുമായി ബന്ധപ്പെട്ട ചര്‍ച്ചകള്‍ മുന്നോട്ടു കൊണ്ടുപോകാന്‍ കഴിയില്ലെന്നു യൂറോപ്യന്‍ പീപ്പിള്‍സ് പാര്‍ട്ടി (ഇപിപി) പ്രസിഡന്‍റ് മാന്‍ഫ്രെഡ് വെബര്‍ പറഞ്ഞു. ട്രംപ് ചുമത്തുമെന്ന് അറിയിച്ചിട്ടുള്ള താരിഫുകള്‍ ട്രാന്‍സ് അറ്റ്‌ലാന്‍റിക് ബന്ധങ്ങളെ തകര്‍ക്കുമെന്നു യൂറോപ്യന്‍ കമ്മീഷന്‍ പ്രസിഡന്‍റ് ഉര്‍സുല വോണ്‍ ഡെര്‍ലെയ്ന്‍ മുന്നറിയിപ്പ് നല്‍കി. യൂറോപ്പ് അതിന്‍റ് പരമാധികാരം ഉയര്‍ത്തിപ്പിടിക്കുമെന്നും ഐക്യത്തോടെ മുന്നേറുമെന്നും അവര്‍ ഊന്നിപ്പറഞ്ഞു. ഡെന്‍മാര്‍ക്കിനും ഗ്രീന്‍ലാന്‍ഡിനും ഇയുവിന്റെ പിന്തുണയുണ്ടെന്ന് ഉര്‍സുല ആവര്‍ത്തിച്ചു. ഡെന്‍മാര്‍ക്കും അമെരിക്കയും തമ്മില്‍ കഴിഞ്ഞയാഴ്ച ആരംഭിച്ച സംഭാഷണങ്ങള്‍ക്കും തുടര്‍ ചര്‍ച്ചകള്‍ക്കും വഴിയൊരുക്കാന്‍ യൂറോപ്പ് പ്രതിജ്ഞഞാബദ്ധമാണെന്നും അവര്‍ അഭിപ്രായപ്പെട്ടു.

Also Read

No stories found.

Trending

No stories found.
logo
Metro Vaartha
www.metrovaartha.com