

സിസിടിവി ദൃശ്യങ്ങൾ കേന്ദ്രീകരിച്ചു നടത്തിയ അന്വേഷണമാണ് പ്രതികളെ കുടുക്കിയത് (Representative image).
ദുബായ്: ദെയ്റയിലെ ട്രേഡിങ് കമ്പനി ഓഫിസിൽ അതിക്രമിച്ചു കയറി ലക്ഷക്കണക്കിന് ദിർഹം കവർന്ന കേസിൽ യൂറോപ്യൻ സംഘത്തെ വിചാരണക്ക് വിധേയരാക്കി ദുബായ് പബ്ലിക് പ്രോസിക്യൂഷൻ.
ഓഫിസിലെ സേഫിൽ സൂക്ഷിച്ചിരുന്ന മൂന്ന് ലക്ഷം ദിർഹമാണ് (68 ലക്ഷത്തോളം ഇന്ത്യൻ രൂപ) സംഘം കവർന്നത്. സംഭവത്തിൽ മൂന്ന് പേരെ ദുബായ് പൊലീസ് പിടികൂടി. മറ്റ് രണ്ട് പ്രതികൾ രാജ്യം വിട്ടതായാണ് വിവരം. കവർച്ച ചെയ്യപ്പെട്ട മുഴുവൻ തുകയും പൊലീസ് വീണ്ടെടുത്തിട്ടുണ്ട്.
ഒരു വാണിജ്യ ടവറിൽ പ്രവർത്തിക്കുന്ന കമ്പനിയിലാണ് സിനിമാ സ്റ്റൈൽ കവർച്ച നടന്നത്. കെട്ടിടത്തിലെയും പരിസരത്തെയും സിസിടിവി ദൃശ്യങ്ങൾ കേന്ദ്രീകരിച്ചു നടത്തിയ അന്വേഷണമാണ് പ്രതികളെ കുടുക്കിയത്.
പിടിയിലായ മൂന്ന് പേരിൽ നിന്ന് പണം കണ്ടെത്തുകയും ഇത് പ്രോസിക്യൂഷന് കൈമാറുകയും ചെയ്തു. പ്രതികൾക്കെതിരെ കവർച്ച, മോഷണമുതൽ കൈവശം വയ്ക്കൽ തുടങ്ങിയ കുറ്റങ്ങൾ ചുമത്തി കോടതിയിൽ ഹാജരാക്കി. ഒളിവിലുള്ള പ്രതികൾക്കായി തിരച്ചിൽ ഊർജിതമാക്കിയിട്ടുണ്ട്.