
ചോർത്തൽ ഭീഷണി: യുഎസിലേക്കു പോകുന്ന യൂറോപ്യൻ ഉദ്യോഗസ്ഥർക്ക് ബർണർ ഫോണുകൾ മാത്രം
ബ്രസൽസ്: യൂറോപ്യൻ യൂണിയൻ ഉദ്യോഗസ്ഥരുടെ മേൽ നിരീക്ഷണം ശക്തമാകാനുള്ള സാധ്യത കണക്കിലെടുത്ത്, യുഎസിലേക്കു പോകുന്ന ഉദ്യോഗസ്ഥർക്ക് യൂറോപ്യൻ കമ്മീഷൻ ബർണർ ഫോണുകളും ബേസിക് ലാപ്ടോപ്പുകളും നൽകിയതായി റിപ്പോർട്ട്.
യുഎസ് അതിർത്തിയിൽ എത്തുന്നതോടെ ജീവനക്കാർ തങ്ങളുടെ ഫോണുകൾ സ്വിച്ച് ഓഫ് ചെയ്ത് പ്രത്യേക ഉറകളിൽ സൂക്ഷിക്കണമെന്നും പകരം കമ്മീഷൻ അനുവദിച്ച ഫോണുകളും ലാപ്ടോപ്പുകളും ഉപയോഗിക്കണമെന്നും യൂറോപ്യൻ യൂണിയന്‍റെ പ്രാഥമിക എക്സിക്യൂട്ടീവ് വിഭാഗമായ യൂറോപ്യൻ കമ്മീഷൻ നിർദേശിച്ചതായാണ് റിപ്പോർട്ട്.
താത്കാലിക ഉപയോഗത്തിനു വേണ്ടി രൂപകൽപ്പന ചെയ്തിട്ടുള്ള വില കുറഞ്ഞ മൊബൈൽ ഫോണാണ് ബർണർ ഫോൺ. ഉപയോഗത്തിനു ശേഷം ഫോൺ ഉപേക്ഷിക്കാം. ഒരു കമ്യൂണിക്കേഷൻ പ്രൊവൈഡറുമായുള്ള ഔപചാരികമായ കരാറില്ലാതെ പ്രീ പെയ്ഡ് മിനിറ്റുകൾ ഉപയോഗിച്ചാണ് ഇത്തരം ഫോണുകളിലൂടെയുള്ള ആശയ വിനിമയം സാധ്യമാകുക. അതിനാൽ തന്നെ ഫോണുകൾ ചോർത്തിയുള്ള ചാരവൃത്തി സാധ്യമല്ല.
അന്താരാഷ്ട്ര നാണയ നിധി (IMF) ലോകബാങ്ക് എന്നിവയുടെ യോഗങ്ങൾക്കായി അടുത്ത വാരം യുഎസിലേയ്ക്കു പോകുന്ന കമ്മീഷണർമാരും ഉന്നതോദ്യോഗസ്ഥരും ഈ സുരക്ഷാ പരിധിയിൽ ഉൾപ്പെടും.
ചൈനയിലേയ്ക്കും യുക്രെയ്നിലേയ്ക്കും യാത്ര ചെയ്യുന്ന ഉദ്യോഗസ്ഥർക്കാണ് സാധാരണ ഇത്തരം സുരക്ഷാ മുൻകരുതലുകൾ യൂറോപ്യൻ യൂണിയൻ സ്വീകരിക്കാറുളളത്. കമ്മീഷന്‍റെ സംവിധാനങ്ങളിലേയ്ക്ക് യുഎസിന്‍റെ നുഴഞ്ഞു കയറ്റം ഉണ്ടായേക്കാം എന്ന ആശങ്കയാണ് നിലവിൽ ഈ നടപടിക്ക് പിന്നിലെന്ന് കമ്മീഷനുമായി ബന്ധമുള്ള ഉദ്യോഗസ്ഥർ ഫിനാൻഷ്യൽ ടൈംസിനോട് പ്രതികരിച്ചു. വൈറ്റ് ഹൗസോ യുഎസ് നാഷണൽ സെക്യൂരിറ്റി കൗൺസിലോ ഇതിനോട് പ്രതികരണം രേഖപ്പെടുത്തിയിട്ടില്ല.
യുഎസ് പ്രസിഡന്‍റ് ഡോണൾഡ് ട്രംപിന്‍റെ കർശന വ്യാപാര നയങ്ങൾ ആഗോള വിപണിയിൽ പ്രതിഷേധങ്ങളും പ്രതിരോധങ്ങളും ഉളവാക്കുന്നതിനിടെയാണ് ഇങ്ങനെയൊരു നടപടി യൂറോപ്യൻ യൂണിയന്‍റെ ഭാഗത്തു നിന്ന് ഉണ്ടായിരിക്കുന്നത്. ട്രംപിന്‍റെ നയങ്ങൾ യൂറോപ്യൻ യൂണിയന്‍റെ അതൃപ്തിക്കും കാരണമായി. യുഎസിനെ തളർത്താനാണ് യൂറോപ്യൻ യൂണിയൻ രൂപവത്കരിച്ചതെന്നാണ് ട്രംപിന്‍റെ ആരോപണം.
അധിക തീരുവ നടപ്പാക്കുന്നത് 90 ദിവസത്തേയ്ക്കു മരവിപ്പിച്ചതിനു പിന്നാലെ യൂറോപ്യൻ യൂണിയന്‍റെ മേൽ ചുമത്തിയ 20 ശതമാനം പകരച്ചുങ്കം പകുതിയായി കുറച്ചിരുന്നു.