

യുഎസ് നിക്ഷേപക പട്ടികയിൽ ഇന്ത്യയും
വാഷിങ്ടൺ: അമെരിക്കയിലേയ്ക്ക് ട്രില്യൺ കണക്കിനു ഡോളറിന്റെ നിക്ഷേപം ഒഴുകിയെത്തുന്നതായി വൈറ്റ് ഹൗസ് പുറത്തു വിട്ട റിപ്പോർട്ട്. ഈ പട്ടികയിൽ ഇന്ത്യയിൽ നിന്നു മാത്രം 330 ബില്യണ് ഡോളറിലധികം നിക്ഷേപം അമേരിക്കയിലെത്തുമെന്നാണ് വ്യക്തമാക്കുന്നത്. അമേരിക്കയിലെ പ്രധാന നിക്ഷേപകരില് ഒന്നായി ഇന്ത്യയെയും ഉള്പ്പെടുത്തിയിട്ടുണ്ട്. വെള്ളിയാഴ്ച വൈറ്റ് ഹൗസിന്റെ ഔദ്യോഗിക യൂട്യൂബ് ചാനലിൽ പ്രദർശിപ്പിച്ച നിക്ഷേപക പട്ടികയിലാണ് ഈ വിവരങ്ങളുള്ളത്. പട്ടികയിൽ ഇന്ത്യയുടെ പേരിൽ രണ്ടു നിക്ഷേപ കണക്കുകളാണ് ഉള്ളത്. ഒന്ന് 310 ബില്യണ് ഡോളറും മറ്റൊന്ന് 20.5 ബില്യണ് ഡോളറുമാണ്. ഈ വെള്ളിയാഴ്ച അമേരിക്കയിലേക്ക് ട്രില്യണ് കണക്കിന് ഡോളര് ഒഴുകിയെത്തുന്നതിന്റെ മനോഹരമായ ശബ്ദം ആസ്വദിക്കൂ” എന്ന കുറിപ്പോടെയാണ് വൈറ്റ് ഹൗസ് എക്സില് പട്ടിക പങ്കുവെച്ചത്. ഇതുമായി ബന്ധപ്പെട്ട ചോദ്യങ്ങളോട് വൈറ്റ് ഹൗസ് ഉടന് പ്രതികരിച്ചിട്ടില്ല.
ടെക്സസിലെ ബ്രൗണ്സ്വില്ലില് എണ്ണ ശുദ്ധീകരണശാല സ്ഥാപിക്കാന് റിലയന്സ് ഇന്ഡസ്ട്രീസ് 300 ബില്യണ് ഡോളര് നിക്ഷേപിക്കുമെന്ന് മാര്ച്ചില് അമേരിക്കന് പ്രസിഡന്റ് ഡോണള്ഡ് ട്രംപ് പ്രഖ്യാപിച്ചിരുന്നു. അതേസമയം, മേയില് നടന്ന സെലക്ട്യുഎസ്എ ഇന്വെസ്റ്റ്മെന്റ് ഉച്ചകോടിയോടനുബന്ധിച്ച് അമേരിക്കയില് 20.5 ബില്യണ് ഡോളര് വരെ നിക്ഷേപിക്കാനുള്ള പദ്ധതികള് ഇന്ത്യന് വ്യവസായ മേഖല പ്രഖ്യാപിച്ചിരുന്നു. ഈ രണ്ട് കണക്കുകളുമായാണ് വൈറ്റ് ഹൗസിന്റെ പട്ടികയിലെ ഇന്ത്യന് നിക്ഷേപ വിവരങ്ങള് പ്രധാനമായും ബന്ധപ്പെട്ടിരിക്കുന്നത്.
അമേരിക്കയില് നിക്ഷേപം നടത്തുന്ന രാജ്യങ്ങളുടെയും സ്വകാര്യ കമ്പനികളുടെയും കണക്കുകള് ഉള്പ്പെടുത്തിയ പട്ടികയിലെ ആകെ തുക 10.871 ട്രില്യണ് ഡോളറാണ്. ഇന്ത്യയില്നിന്നുള്ള നിക്ഷേപങ്ങള്ക്കു പുറമെ, അയോവയില് 15 ബില്യണ് ഡോളറിന്റെ സ്റ്റീല് പ്ലാന്റ് സ്ഥാപിക്കാനുള്ള എസ്സാര് ഗ്രൂപ്പിന്റെ മെസാബി മെറ്റാലിക്സിന്റെ പദ്ധതിയും പട്ടികയില് ഇടംപിടിച്ചിട്ടുണ്ട്. അമേരിക്കയില് പുതിയ വ്യവസായ സംരംഭങ്ങള്ക്കും തൊഴിലവസരങ്ങള്ക്കും വിദേശ നിക്ഷേപം പ്രയോജനപ്പെടുമെന്നാണ് ട്രംപ് ഭരണകൂടത്തിന്റെ നിലപാട്.
ഇടക്കാല തിരഞ്ഞെടുപ്പുമായി ബന്ധപ്പെട്ട പൊതുയോഗങ്ങളില്, തന്റെ ഭരണകൂടം അമേരിക്കന് സമ്പദ്വ്യവസ്ഥയ്ക്കായി 20 ട്രില്യണ് ഡോളറിലധികം നിക്ഷേപങ്ങളും നിക്ഷേപ വാഗ്ദാനങ്ങളും ഉറപ്പാക്കിയിട്ടുണ്ടെന്ന് ട്രംപ് അവകാശപ്പെട്ടിരുന്നു. എന്നാല്, വൈറ്റ് ഹൗസ് പുറത്തുവിട്ട പുതിയ പട്ടികയിലെ നിക്ഷേപങ്ങളെല്ലാം ഇതിനകം യാഥാര്ഥ്യമായിട്ടുണ്ടോ അതോ പ്രഖ്യാപനങ്ങളും വാഗ്ദാനങ്ങളും ഉള്പ്പെടുന്നതാണോ എന്ന കാര്യത്തില് കൂടുതല് വിശദീകരണം ലഭ്യമായിട്ടില്ല.