ex israel mossad shares details about exploding pager attack
പേജർ, വോക്കിടോക്കി സ്ഫോടനങ്ങൾക്ക് 10 വർഷത്തെ ആസൂത്രണം !!

പേജർ, വോക്കിടോക്കി സ്ഫോടനങ്ങൾക്ക് 10 വർഷത്തെ ആസൂത്രണം !!

സുപ്രധാന വെളിപ്പെടുത്തലുമായി മൊസാദ് ഏജന്‍റുമാര്‍
Published on

ജറൂസലം: ഹിസ്ബുള്ളയെ തകര്‍ത്ത വോക്കിടോക്കി, പേജര്‍ സ്ഫോടനങ്ങള്‍ക്കു പിന്നില്‍ പത്തു വര്‍ഷത്തിലേറെ നീണ്ട ആസൂത്രണമെന്നു വെളിപ്പെടുത്തി ഇസ്രേലി രഹസ്യാന്വേഷണ ഏജന്‍സി "മൊസാദി'ന്‍റെ ഏജന്‍റുമാര്‍. സിബിഎസ് ടിവിയുടെ പ്രത്യേക പരിപാടിയില്‍ മുഖം മറച്ചെത്തിയ ഏജന്‍റുമാരാണു മൂന്നു മാസം മുന്‍പ് നടത്തിയ ആക്രമണത്തിന്‍റെ ചുരുളഴിച്ചത്. മൈക്കല്‍ എന്നും ഗബ്രിയേല്‍ എന്നും (യഥാര്‍ഥ പേരല്ല) സ്വയം വിശേഷിപ്പിച്ചാണ് ഏജന്‍റുമാര്‍ ലോകത്തെ അമ്പരപ്പിച്ച നീക്കത്തിന്‍റെ അണിയറയിലെ രഹസ്യങ്ങള്‍ പങ്കുവച്ചത്.

വോക്കിടോക്കി സ്ഫോടനമാണ് ആദ്യം ആസൂത്രണം ചെയ്തത്. ഇതു പത്തു വര്‍ഷം മുന്‍പായിരുന്നു. ഇസ്രയേലിന്‍റെ പക്കല്‍ നിന്നാണു വോക്കിടോക്കികള്‍ വാങ്ങുന്നതെന്നു ഹിസ്ബുള്ള തിരിച്ചറിഞ്ഞില്ല. തങ്ങള്‍ മൊത്തമായി ഒരു നാടകലോകം സൃഷ്ടിച്ചു. അതില്‍ ഹിസ്ബുള്ള മയങ്ങിയെന്ന് മൈക്കല്‍.

രണ്ടാം ഘട്ടത്തിലായിരുന്നു പേജര്‍ സ്ഫോടനത്തിനു പദ്ധതി തയാറാക്കിയത്. ഇതിനു തുടക്കമിട്ടത് 2022ല്‍. ഹിസ്ബുള്ള പേജര്‍ വാങ്ങുന്നത് തായ്വാന്‍ ആസ്ഥാനമായുള്ള കമ്പനിയില്‍ നിന്നാണെന്ന് ഞങ്ങള്‍ അറിഞ്ഞിരുന്നു. ഞങ്ങളും അതിലേക്കു ശ്രദ്ധ കേന്ദ്രീകരിച്ചു. സ്ഫോടകവസ്തു ഉള്‍ക്കൊള്ളിക്കേണ്ടതിനാല്‍ ഹിസ്ബുള്ളയ്ക്കു വേണ്ടി നിര്‍മിച്ച പേജറുകള്‍ക്ക് വലുപ്പം ചെറുതായി കൂട്ടേണ്ടി വന്നു. പല തവണ ഡമ്മി പരീക്ഷണം നടത്തി ഉറപ്പിച്ചിട്ടാണു ഹിസ്ബുള്ളയ്ക്കു കൈമാറിയത്. പുതിയ പേജറിലേക്ക് ഹിസ്ബുള്ളയെ ആകര്‍ഷിക്കാന്‍ യുട്യൂബില്‍ ഉള്‍പ്പെടെ നിരവധി പരസ്യങ്ങള്‍ നല്‍കി. പൊടിയിലും വെള്ളത്തിലും നിന്നു സംരക്ഷണം, ബാറ്ററിയുടെ ചാര്‍ജ് കൂടുതല്‍ കാലം നില്‍ക്കും തുടങ്ങിയ പ്രചാരണമാണു നടത്തിയത്. പുതിയ പേജര്‍ വാങ്ങുന്നതിന് ഹിസ്ബുള്ളയെ പ്രേരിപ്പിക്കാന്‍ രണ്ടാഴ്ച വേണ്ടിവന്നു. തായ്വാന്‍ കമ്പനിയായ ഗോള്‍ഡ് അപ്പോളോ തങ്ങള്‍ മൊസാദുമായാണു ഇടപാടു നടത്തുന്നതെന്ന് അറിഞ്ഞിരുന്നില്ലെന്നും ഇസ്രേലി ഏജന്‍റുമാര്‍. സെപ്റ്റംബറിലാണ് ഹിസ്ബുള്ള 5000 പേജറുകള്‍ വാങ്ങി വിതരണം ചെയ്തത്. സെപ്റ്റംബര്‍ 17ന് പേജറുകള്‍ പൊട്ടിത്തെറിച്ചു. തൊട്ടടുത്ത ദിവസം വോക്കിടോക്കി പൊട്ടിത്തെറിച്ച് 30 പേര്‍ മരിച്ചു. പേജറും വോക്കിടോക്കിയും പൊട്ടിത്തെറിക്കുമ്പോള്‍ ഉപയോഗിക്കുന്ന ആളിലേക്കു മാത്രം അപകടമൊതുങ്ങണമെന്ന ലക്ഷ്യത്തോടെയാണ് ഇവ സജ്ജമാക്കിയതെന്നും മൊസാദ് ഏജന്‍റുമാര്‍.

കൊല്ലാനല്ല, മാരകമായി പരുക്കേല്‍പ്പിക്കാനാണ് ലക്ഷ്യമിട്ടത്. ഒരാളെ കൊന്നാല്‍ അതുകൊണ്ട് തീര്‍ന്നു. എന്നാല്‍, പരുക്കേറ്റാല്‍ ആശുപത്രിയില്‍ കൊണ്ടുപോകണം, പരിപാലിക്കണം. അതിനു പണവും പരിശ്രമവും വേണം. കൈയും കണ്ണുമില്ലാത്ത ആളുകള്‍ ലെബനനിലൂടെ നടക്കുന്നത് മറ്റുള്ളവര്‍ക്ക് പാഠമാകണം. ഞങ്ങളോടു കളിക്കരുത്- മൊസാദ് ഏജന്‍റ് പറഞ്ഞു. പേജര്‍, വോക്കിടോക്കി സ്ഫോടനത്തിനു പിന്നാലെ ലെബനനില്‍ ആഞ്ഞടിച്ചിരുന്നു ഇസ്രയേല്‍. വൈകാതെ ഹിസ്ബുള്ള നേതൃത്വത്തെ പൂര്‍ണമായി ഇല്ലാതാക്കുകയും ചെയ്തു.

പേജര്‍ സ്ഫോടനത്തിനു പിന്നാലെ റഫ്രിജറേറ്ററുകള്‍ പൊട്ടിത്തെറിക്കുമെന്നു ഭയന്നിരുന്നു ലെബനനിലെ ജനങ്ങള്‍. യഥാര്‍ഥത്തില്‍ അവര്‍ വിറച്ചു. പേജര്‍ സ്ഫോടനം ഇനി ആവര്‍ത്തിക്കാനാവില്ല. പക്ഷേ, ഞങ്ങള്‍ മറ്റു മാര്‍ഗങ്ങള്‍ പ്രയോഗിക്കും. അതിന് ഇപ്പോഴേ നടപടി തുടങ്ങിയെന്നും മൊസാദ് ഏജന്‍റ്.

logo
Metro Vaartha
www.metrovaartha.com